ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് എതിരെ വിമര്‍ശനം കടുപ്പിച്ച് ബിജെപി

modi and kejriwal

ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് എതിരെ വിമര്‍ശനം കടുപ്പിച്ച് ബിജെപി. ദില്ലിയിലെ സ്‌കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി അയക്കാന്‍ വിദ്യാര്‍ഥിയെ സഹായിച്ച വ്യക്തി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയ്ക്ക് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമെന്നാണ് ബിജെപി ആരോപണം.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെ എതിര്‍ത്ത സന്നദ്ധ സംഘടന ഇന്ത്യ വിരുദ്ധ ശക്തിയുടെ ഭാഗം എന്നാണ് ബിജെപി വിലയിരുത്തല്‍. ദില്ലി പോലീസിനെ സമ്മര്‍ദ്ദത്തിലാക്കി ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് എഎപി വിമര്‍ശിക്കുന്നു.

അതേസമയം ഗോകല്‍പൂരിലെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് മാറ്റി പ്രഖ്യാപിച്ചു. പ്രമോദ് ജയന്തിനെയാണ് മാറ്റി പകരം ഈശ്വര്‍ ബഗ്രിക്ക് സീറ്റ് നല്‍കി. പാര്‍ട്ടിയിലെ എതിര്‍പ്പും തര്‍ക്കവുമാണ് സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ കാരണം.

അതേസമയം അരവിന്ദ് കെജ്രിവാളിനെതിരെ കുരുക്ക് മുറുക്കാനൊരുങ്ങുകയാണ് കേന്ദ്രം. ദില്ലി മദ്യനയക്കേസില്‍ കെജ്രിവാളിനെ വിചാരണ ചെയ്യാന്‍ ഇ ഡി ക്ക് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കം. മനീഷ് സിസോദിയെയും വിചാരണ ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി.

നേരത്തെ മദ്യനയ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അനുമതി നല്‍കിയിരുന്നു. വിഷയത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ ശുപാര്‍ശയില്‍ ആദ്യം സി.ബി.ഐ. കേസെടുത്തു.

Also Read : സമരം ശക്തമാക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ

അതിന് പിന്നാലെ ഇ.ഡി.യും രംഗത്തിറങ്ങുകയായിരുന്നു. അരവിന്ദ് കെജ്രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നായിരുന്നു ഇഡിയുടെ ആരോപണം. കേസില്‍ ഇ.ഡി. മാര്‍ച്ച് 21-ന് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു.

അന്ന് ദില്ലിയുടെ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിന് സെപ്റ്റംബറില്‍ ജാമ്യം ലഭിച്ചെങ്കിലും പിന്നീട് കെജ്രിവാള്‍ ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here