ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി തറക്കല്ലിട്ടു

ഇന്ത്യയിലെ  ആദ്യത്തെ  മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്  പ്രധാനമന്ത്രി  നരേന്ദ്രമോദി തറക്കല്ലിട്ടു. കേരള സര്‍ക്കാരിന്റെ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍  നടന്ന ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു, സംസ്ഥാന റെയില്‍വേ മന്ത്രി വി. അബ്ദുറഹിമാന്‍, ഡോ. ശശി തരൂര്‍ എം.പി എന്നിവര്‍ പങ്കെടുത്തു.

കേരള ഡിജിറ്റല്‍ സര്‍വകലാശാലയോട് ചേര്‍ന്ന് ഏകദേശം 14 ഏക്കര്‍ സ്ഥലത്താണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ ആകെ വിഹിതം 1515 കോടിയായി കണക്കാക്കിയ ഡിജിറ്റൽ സയൻസ് പാർക്കിന് സംസ്‌ഥാന സർക്കാർ അനുവദിച്ച 200 കോടി രൂപയ്ക്ക് പുറമെയുള്ള തുക വ്യവസായ പങ്കാളികള്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്രോതസ്സുകളില്‍ നിന്നാണ് കണ്ടെത്തുന്നത്. മള്‍ട്ടി ഡിസിപ്ലിനറി ക്ലസ്റ്റര്‍ അധിഷ്ഠിത ഇന്‍ററാക്റ്റീവ് – ഇന്നൊവേഷന്‍ കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ നൂതന ദര്‍ശനത്തോടെയാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടെക്‌നോസിറ്റിയില്‍ നിര്‍മ്മിക്കുന്ന സയന്‍സ് പാര്‍ക്ക് ടെക്‌നോപാര്‍ക്ക് ഫേസ് ഫോറിന്റെ ഭാഗമാണ്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രവർത്തന സജ്ജമാവുന്ന പാർക്കിൽ വ്യവസായ-ബിസിനസ് യൂണിറ്റുകള്‍ക്കും ഇന്‍ഡസ്ട്രി 4.0, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, സ്മാര്‍ട്ട് ഹാര്‍ഡ് വെയര്‍, സുസ്ഥിര-സ്മാര്‍ട്ട് മെറ്റീരിയലുകള്‍ തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തിനും ഇവിടെ സൗകര്യമൊരുക്കും.

അനലോഗ്, മിക്‌സഡ് സിഗ്‌നല്‍ സംവിധാനങ്ങള്‍, വി.എല്‍.എസ്.ഐ, എ.ഐ പ്രോസസറുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇലക്ട്രോണിക്‌സ് സിസ്റ്റം ഡിസൈനിലെ ആദ്യ കേന്ദ്രത്തോടെ പാര്‍ക്ക് പ്രവര്‍ത്തനക്ഷമമാകും. യുകെ ആസ്ഥാനമായുള്ള അര്‍ധചാലക- സോഫ്റ്റ് വെയര്‍ ഡിസൈന്‍ കമ്പനിയായ എ.ആര്‍.എം കേരള ഡിജിറ്റല്‍ സര്‍വ്വകലാശാലയുമായി അക്കാദമിക, ഗവേഷണ, സ്റ്റാര്‍ട്ടപ്പ് സംബന്ധ പ്രവര്‍ത്തനങ്ങളില്‍ കരാര്‍ ഒപ്പിട്ടു. പാര്‍ക്കിലെ എ.ഐ കേന്ദ്രം ഉത്തരവാദിത്തമുള്ള എ.ഐ ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മള്‍ട്ടിനാഷണല്‍ യു.എസ് ടെക്‌നോളജി കമ്പനിയായ എന്‍.വി.ഐ.ഡി.ഐ.എ കേന്ദ്രത്തിന്റെ പങ്കാളിയായി ചേരും. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ വികസനത്തില്‍ പങ്കുചേരുന്നതിനായി മാഞ്ചസ്റ്റര്‍, ഓക്‌സ്‌ഫോര്‍ഡ്, എഡിന്‍ബര്‍ഗ് സര്‍വകലാശാലകള്‍ ഡിജിറ്റല്‍ സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ചു.

നിര്‍ദിഷ്ട പാര്‍ക്കില്‍ തുടക്കത്തില്‍ രണ്ട് കെട്ടിടങ്ങളാണ് ഉണ്ടാകുക. രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലായിരിക്കും ഇത്. ഒന്നര ലക്ഷം ചതുരശ്രയടിയുള്ളതാണ് ആദ്യ കെട്ടിടം. ആദ്യത്തെ കെട്ടിടത്തില്‍ റിസര്‍ച്ച് ലാബുകളും ഡിജിറ്റല്‍ ഇന്‍കുബേറ്ററും ഉള്‍പ്പെടെ അഞ്ച് നിലകളും ഹൗസിംഗ് സെന്റര്‍ ഓഫ് എക്‌സലന്‍സസും ഉണ്ടായിരിക്കും. രണ്ടാമത്തെ കെട്ടിടത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് സെന്റര്‍, ഡിജിറ്റല്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ എന്നിവയായിരിക്കും. ടെക്‌നോപാര്‍ക്കിലെ കബനി കെട്ടിടത്തില്‍ നിന്ന് വാടകയ്ക്ക് എടുത്ത 10,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിന്നാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News