ബോളിവുഡ് നടി നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി കൊലപാതകക്കേസിൽ അറസ്റ്റിലായി. മുൻ കാമുകൻ എഡ്വാർഡ് ജേക്കബ്‌സ് (35), ഇയാളുടെ സുഹൃത്ത് അനസ്‌താഷ്യ എറ്റിനി (33)
എന്നിവരെ തീകൊളുത്തി കൊന്ന സംഭവത്തിലാണ് അറസ്റ്റ്. ന്യൂയോർക്ക് പൊലീസാണ് ആലിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇരുനില ഗാരേജിന് തീയിട്ടാണ് ആലിയ ഇരുവരെയും കൊലപ്പെടുത്തിയത്.
ഗാരേജിന് തീപിടിച്ചതോടെ പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് ഇരുവരും മരണപ്പെട്ടത്. സംഭവസമയം ജേക്കബ്‌സ് ഉറക്കത്തിലായിരുന്നു. എറ്റിനി താഴെയെത്തിയെങ്കിലും ജേക്കബ്‌സിനെ രക്ഷിക്കാൻ അകത്തേയ്ക്ക് പോവുകയായിരുന്നു.
കൊലപാതകക്കേസിൽ ആലിയ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും ജാമ്യം ലഭിച്ചില്ല. ആലിയയെ ഡിസംബർ 9 വരെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.സംഭവത്തെ ദുരുദ്ദേശ്യപരമായ പ്രവൃത്തി എന്നാണ് കേസ് പരിഗണയ്ക്കവേ ഡിസ്ട്രിക്റ്റ് അറ്റോർണി മെലിൻഡ കാറ്റ്‌സ് വിശേഷിപ്പിച്ചത്.കൊലപാതകം, തീകൊളുത്തൽ എന്നീ കുറ്റങ്ങളാണ് ആലിയക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാമെന്നും ഡിസ്ട്രിക്റ്റ് അറ്റോർണി അറിയിച്ചിട്ടുണ്ട്.
‘നിങ്ങളെല്ലാം ഇന്ന് മരിക്കും’ എന്ന് ആക്രോശിച്ചതിന് ശേഷമാണ് ആലിയ കെട്ടിടത്തിന് തീ കൊളുത്തിയതെന്നാണ് ചില ദൃക്‌സാക്ഷികൾ പറയുന്നത്.ജേക്കബ്സിന്റെ വീടിന് തീവയ്ക്കുമെന്ന് ആലിയ മുൻപും ഭീഷണി മുഴക്കിയിരുന്നതായി ഇവർ പറയുന്നുണ്ട്.
അതേസമയം സഹോദരിയുടെ അറസ്റ്റിൽ നർഗീസ് ഫക്രി ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. അതിനിടെ ആലിയയെ ന്യായീകരിച്ച് അവരുടെ ‘അമ്മ രംഗത്ത് വന്നിട്ടുണ്ട്. മകൾക്കെതിരെയുള്ള ആരോപണങ്ങളിൽ അവിശ്വാസം പ്രകടിപ്പിച്ച അവർ മകൾ കൊലപാതകം നടത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here