ഒരു സൂപ്പര്‍താരത്തിപ്പുറം മോഹന്‍ലാല്‍ എന്ന വ്യക്തിയെക്കുറിച്ചാണ് തനിക്ക് ധാരാളം പറയാനുള്ളതെന്ന് തമിഴ് നടൻ നാസർ. കൂടെ അഭിനയിക്കുന്നവരെ നന്നായി മനസ്സിലാക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും, വലിയ താരമാണെന്ന ഭാവമോ അഹങ്കാരമോ ലവലേശം ഇല്ലാത്ത ഒരാളാണ് ലാൽ എന്നും നാസർ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മോഹൻലാലിനെ കുറിച്ച് നാസർ സംസാരിച്ചത്.
ആദ്യം തന്നെ ഞാന്‍ മോഹന്‍ലാലിനെ വച്ച് സംവിധാനം ചെയ്ത സിനിമക്ക് മാപ്പ് ചോദിക്കുന്നുവെന്ന് നാസർ പറഞ്ഞു. വളരെ മോശമായിരുന്നു ആ സിനിമയെന്നും, മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ യാതൊരു മാനസിക സമ്മര്‍ദവുമില്ലാതെ അഭിനയിക്കാൻ കഴിയുക എന്നത് ഭാഗ്യമാണെന്നും നാസർ പറഞ്ഞു.
നാസറിന്റെ വാക്കുകൾ
മോഹന്‍ലാലുമായുള്ള എന്റെ അനുഭവം പറയാം, ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സമയമാണ്. 10;30-ന് പാക്കപ്പായി. മോഹന്‍ലാല്‍ എന്നോട് യാത്ര പറഞ്ഞ് താമസിക്കുന്ന ഹോട്ടലില്‍ പോകാനായി കാറില്‍ കയറി. അതിനിടെ കാറിന് പുറത്ത് നിന്നിരുന്ന സഹസംവിധായകനോട് നാളെ എന്താണ് സീന്‍ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. സീന്‍ എന്താണെന്ന് പറഞ്ഞതിന് ശേഷം സഹസംവിധായകന്‍ മോഹന്‍ലാലിനോട് പറഞ്ഞു, സാര്‍ ഇതില്‍ ഒരു വലിയ സംഭാഷണമുണ്ട്. ഉടനെ തന്നെ മോഹന്‍ലാല്‍ കാറില്‍നിന്ന് ചാടിയിറങ്ങി. ഒരു നോട്ട് പാഡ് സംഘടിപ്പിച്ച് ഡയലോഗ് എഴുതിയെടുത്തു. എന്നിട്ട് അത് പഠിച്ചതിന് ശേഷമാണ് മടങ്ങിപ്പോയത്. അപ്പോഴേക്കും സമയം ഏതാണ്ട് 12 മണിയായി. ഇങ്ങനെ പുതിയ തലമുറയിലുള്ള അഭിനേതാക്കള്‍ പോലും ചെയ്യില്ല. അത് നാളെ നോക്കാം ബ്രോ, എന്ന് പറഞ്ഞ് അവര്‍ പോകും.
ALSO READ: ഓണത്തിന് സപ്ലൈകോ വിപണിയില്‍ ശക്തമായി ഇടപെടും, 18 മുതല്‍ 28വരെ ഓണം ഫെയർ: മന്ത്രി ജി ആര്‍ അനില്‍
മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ യാതൊരു മാനസിക സമ്മര്‍ദവുമില്ലാതെ, ആകുലതകളില്ലാതെ അഭിനയിക്കാം. മുഖം സിനിമ ചെയ്യുമ്പോള്‍ എനിക്ക് മലയാളം ഒരു തരിപോലും അറിയില്ലായിരുന്നു. നന്നായി സംസാരിക്കാന്‍ സാധിക്കില്ലെങ്കിലും ഇപ്പോള്‍ കേട്ടാല്‍ മനസ്സിലാകും. അന്ന് അത്ര പോലും നിശ്ചയമില്ല. അന്ന് എന്നെ ഏറ്റവും അധികം സഹായിച്ചത് മോഹന്‍ലാലാണ്. സംഭാഷണങ്ങളുടെ അര്‍ഥം പറഞ്ഞു തരുന്നതിനൊപ്പം തന്നെ പോസ് എവിടെ വേണമെന്നെല്ലാം കൃത്യമായി പറഞ്ഞു തന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here