‘ദേശീയപാത 66 ; വേഗത്തിൽ പുരോഗമിക്കുന്നത് മലപ്പുറത്ത്’; മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് ദേശീയപാത 66ന്റെ വികസനം ഏറ്റവും വേഗത്തിൽ പുരോഗമിക്കുന്നത് മലപ്പുറം ജില്ലയിൽ ആണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. പി.അബ്ദുൾ ഹമീദ് എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. 39.68 കി.മീ വരുന്ന രാമനാട്ടുകര-വളാഞ്ചേരി റീച്ചിലും 37.35 കി.മീ നീളുന്ന വളാഞ്ചേരി-കാപ്പിരിക്കാട് റീച്ചിലുമാണ് ജില്ലയിൽ പ്രവൃത്തി പുരോഗമിക്കുന്നത്. രാമനാട്ടുകര-വളാഞ്ചേരി സ്ട്രെച്ചിൽ 72 ശതമാനവും വളാഞ്ചേരി-കാപ്പിരിക്കാട് സ്ട്രെച്ചിൽ 79.4 ശതമാനവും പ്രവൃത്തി പുരോഗതിയിലാണ്. റീച്ചിലെ പ്രധാന പാലങ്ങൾ, വയഡക്ടുകൾ, ഫ്ലൈഓവർ പ്രവൃത്തികളും പൂർത്തീകരണത്തിലാണ്. പലയിടങ്ങളിലും ആറുവരി ഗതാഗതം സാധ്യമാക്കി.

മഴക്കാലം എത്തുമ്പോൾ ദേശീയപാത പ്രവൃത്തി പുരോഗമിക്കുന്ന ചില ഇടങ്ങളിൽ ജനങ്ങൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു എന്നത് വസ്തുതയാണ്. അത് പരിഹരിക്കാൻ ഇടപെടുന്നുണ്ട്. കഴിഞ്ഞ മഴക്കാലത്തും ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അന്ന് ദേശീയപാത അതോറിറ്റിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി അവ പരിഹരിച്ചു. കഴിഞ്ഞ തവണത്തെ അത്ര ഇല്ലെങ്കിലും ഇത്തവണയും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. എന്നാൽ നിർമാണ പ്രവൃത്തി ഇഴയുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്‌.

Also read:‘ആരുടെ കൂടെ ചങ്ങാത്തം കൂടണം എന്ന് ശ്രദ്ധിക്കണം; പൊലീസ് സേന തികഞ്ഞ ജാഗ്രത പാലിക്കണം’: മുഖ്യമന്ത്രി

മഴപെയ്യുന്ന സമയത്തെ വെള്ളക്കെട്ട്, ചെളി ,ചിലയിടങ്ങളിൽ വീടുകളിൽനിന്നും കടകളിൽനിന്നും ഇറങ്ങാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പരാതികളായി വന്നത്. ഇത് പരിഹരിക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ ഇത്തരം കാര്യങ്ങളിൽ പൊതുനിർദ്ദേശം നൽകിയിരുന്നു. ഇനിയും പ്രശ്നങ്ങൾ ഉള്ളിടത്ത് ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തി പരിഹരിക്കും. 2024 മാർച്ച് 21ലെ സുപ്രീം കോടതി വിധിയെതുടർന്ന് ചിലയിടങ്ങളിൽ നിർമ്മാണ വസ്തുക്കളുടെ അഭാവം നിർമാണത്തെ ബാധിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു. അത് പരിഹരിച്ചുവരുന്നതായി അവർ അറിയിച്ചിട്ടുണ്ട്.

ദേശീയപാത വികസന പുരോഗതി കൃത്യമായ ഇടവേളകളിൽ സംസ്ഥാന സർക്കാർ വിലയിരുത്തുന്നുണ്ട്. മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, സെക്രട്ടറിതലങ്ങളിൽ യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അതോടൊപ്പം നേരിട്ടെത്തി പുരോഗതി വിലയിരുത്തി തടസ്സങ്ങൾ നീക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Also read:കൈരളി റിപ്പോര്‍ട്ടറോട് ആക്രോശിച്ചും അസഭ്യം പറഞ്ഞും ധീരജ് വധക്കേസ് പ്രതികള്‍; സംഭവം കോടതി വളപ്പില്‍

ഭൂമി ഏറ്റെടുത്ത് നൽകാത്തതിനെ തുടർന്ന് 2014-ൽ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ച പദ്ധതിയാണ് ദേശീയപാതാ വികസനം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് പദ്ധതി പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുങ്ങിയത്. സ്ഥലമേറ്റെടുക്കലിന്റെ 25 ശതമാനം തുക കേരളം വഹിക്കാമെന്ന് ഉറപ്പുനൽകിയശേഷമാണ് ദേശീയപാതാ വികസനം പുനരാരംഭിക്കാൻ കഴിഞ്ഞത്. 5580 കോടി രൂപ സംസ്ഥാന സർക്കാർ, ദേശീയപാത-66 വികസനപദ്ധതിക്കായി ഇതിനകം നൽകി. മലപ്പുറം ജില്ലയിൽ മാത്രം 203.665 ഹെക്ടർ ഭൂമി ഏറ്റെടുക്കുകയും ഇതിനായി സംസ്ഥാന സർക്കാർ 870 കോടിയോളം രൂപ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.

ദേശീയപാത അതോറിറ്റിയുടെ ചുമതലയിൽ സംസ്ഥാന സർക്കാരിന്റെ കൂടി സഹകരണത്തോടെയാണ് ദേശീയപാത 66-ന്റെ പ്രവർത്തനം നടക്കുന്നത്. ദേശീയപാത 66-ൽ കഴക്കൂട്ടം മുതൽ തമിഴ്നാട് അതിർത്തിവരെയുള്ള ബൈപ്പാസ്, കഴക്കൂട്ടം എലവേറ്റഡ് ഹൈവേ, നീലേശ്വരം-പള്ളിക്കര റെയിൽവേ ഓവർബ്രിഡ്ജ്, തലശ്ശേരി-മാഹി ബൈപ്പാസ് എന്നിവ പൂർത്തിയായി കഴിഞ്ഞു. മൂരാട്-പാലൊളി പാലങ്ങളിലും ഗതാഗതം സാധ്യമാക്കിക്കഴിഞ്ഞു. ബാക്കിയുള്ള 17 സ്ട്രെച്ചുകളിൽ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. 2024 ജനുവരി 22-ന് മലപ്പുറം ജില്ലയിൽ ഇതിന്റെ ഭാഗമായി നേരിട്ടെത്തി പ്രവൃത്തി വിലയിരുത്തിയിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉൾപ്പെടെയുള്ളവർ ഇതിന്റെ ഭാഗമാവുകയും ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News