ദേശീയപാത നിര്‍മാണം; ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് ദേശീയപാത അതോറിറ്റി അധികൃതരുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. എ.കെ.എം. അഷ്റഫ് എം.എല്‍.എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിര്‍മാണം നടക്കുന്ന പലയിടങ്ങളിലും ശക്തമായ മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉള്‍പ്പെടെ ഉണ്ടാകുന്ന കാര്യം എംഎല്‍എമാര്‍ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയപാത 66-ന്റെ നിര്‍മ്മാണ പ്രവൃത്തികളെ സംബന്ധിച്ചാണ് എ.കെ.എം അഷ്റഫ് എം.എല്‍.എ-യുടെ സബ്മിഷന്‍ അവതരിപ്പിച്ചത്.

Also Read: പരീക്ഷ ക്രമക്കേട്; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ഇന്ത്യ സഖ്യ വിദ്യാർത്ഥി സംഘടനകൾ

കേരളത്തില്‍ ഏറ്റവും വേഗതയില്‍ പ്രവൃത്തി നടക്കുന്ന റീച്ചാണ് മഞ്ചേശ്വരം, കാസര്‍ഗോഡ് മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന തലപ്പാടി-ചെങ്ങള റീച്ച്. ഈ റീച്ചില്‍ 74 ശതമാനം പ്രവൃത്തി നിലവില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്നും ആറുവരി ഗതാഗതം പലയിടത്തും സാധ്യമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അത്യുത്തര കേരളത്തിന്റെ വികസനത്തില്‍ ദേശീയപാത നിര്‍മ്മാണം വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തലപ്പാടിയില്‍ കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ പോയാല്‍ ആ മാറ്റം നമുക്ക് കാണാന്‍ കഴിയും. കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ആ മാറ്റം പ്രകടമാണ്. വിശാലമായ ആറുവരി പാത കേരളത്തില്‍ സാധ്യമായതിനെ ദേശീയ മാധ്യമങ്ങള്‍ അടക്കം അഭിനന്ദിക്കുകയുണ്ടായി. കേരളത്തിലെ ദേശീയപാത വികസനത്തിന്റെ വേഗതയും അതുണ്ടാക്കിയ മാറ്റവും നമുക്ക് അഭിമാനാര്‍ഹമായ നേട്ടമാണ്.

ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ലഭ്യമാക്കുന്നതിന് ചില വിഷയങ്ങള്‍ ഈ സബ്മിഷനിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവ ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അടിപ്പാതകളില്‍ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കാനുണ്ട് എന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഫിനിഷിംഗ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതോടെ പ്രശ്ന പരിഹാരം സാധ്യമാകുമെന്ന പ്രതീക്ഷയും ദേശീയപാത അതോറിറ്റി നല്‍കുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 1098 ആര്‍ബിട്രേഷന്‍ കേസുകള്‍ തീര്‍പ്പാക്കാനുണ്ട്. ഇത് വേഗത്തില്‍ തീര്‍പ്പാക്കാന്‍ അധികമായി റിട്ടയര്‍ഡ് ജീവനക്കാരെ നിയമിക്കുന്നതിന് അനുമതി നല്‍കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: നീറ്റ് പരീക്ഷാ തട്ടിപ്പ്; നടന്നത് അങ്ങേയറ്റം അഴിമതി, ലോക രാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യ അപമാനിക്കപ്പെടുകയാണ് ചെയ്തത്: വി കെ സനോജ്

ഗോവിന്ദപൈ കോളേജില്‍ നിലവില്‍ അണ്ടര്‍പാസ് അനുവദിക്കുന്നതിനുള്ള സാങ്കേതിക ബുദ്ധിമുട്ട് ദേശീയപാത അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവിടെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പരിഗണിക്കുന്നു എന്നാണ് എൻ എച് എ ഐ അറിയിച്ചത്. പെര്‍വാട് ഭാഗത്തും ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പരിഗണനയിലുണ്ട് എന്നും ദേശീയപാത അതോറിറ്റി അറിയിക്കുന്നു. ഉപ്പളയില്‍ ചേഞ്ച് ഓഫ് സ്കോപ്പ് ആയി 210 മീറ്റര്‍ നീളമുള്ള ഫ്ലൈ ഓവര്‍ പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഫ്ലൈ ഓവറിന്റെ നീളം കൂട്ടാനാകില്ല എന്നും ദേശീയപാത അതോറിറ്റി മറുപടി നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here