‘മതേതര സമൂഹത്തോടുള്ള കൊടുംചതി’:കോൺഗ്രസ്സും സന്ദീപ് വാര്യരും ന്യൂനപക്ഷങ്ങളോട് മാപ്പ് പറയണമെന്ന് നാഷണൽ ലീഗ്

INL

മുസ്ലിം ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ച കൊടും വർഗീയവാദിയും ആർഎസ്എസ് പ്രചാരകനുമായ സന്ദീപ് വാര്യരെ യാതൊരു ഉപാധികളുമില്ലാതെ സ്വീകരിച്ച കോൺഗ്രസിന്റെ നിലപാട് ന്യൂനപക്ഷ – മതേതര സമൂഹത്തോടുള്ള കൊടുംചതിയാണെന്ന് നാഷണൽ ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി. ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരം വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ചിരുന്നയാളാണ് സന്ദീപ് വാര്യർ, അദ്ദേഹം പരസ്യമായി മാപ്പ് പറയുകയും മുൻകാല പ്രസ്താവനകളിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യാത്തത്, അദ്ദേഹത്തിന്റെ കപട മതേതര മുഖമാണ് വെളിവാക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.

കടലിൽ മുസല്ലയിട്ട് നിസ്കരിച്ചാലും ആർഎസ്എസ്കാരനെ വിശ്വസിക്കരുതെന്ന ആദ്യകാല നേതാക്കളുടെ നിലപാടുകൾ മുസ്ലിംലീഗ് മറന്നു, ന്യൂനപക്ഷങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സന്ദീപ് വാര്യരെ പാണക്കാട്ട് കൊണ്ടുപോയി സ്വീകരണം നൽകിയത്, കുറ്റം ഏറ്റുപറയാത്ത കാലത്തോളം സന്ദീപ് വാര്യറോട് പൊറുക്കാൻ ന്യൂനപക്ഷങ്ങൾക്ക് കഴിയില്ലെന്നും പ്രസ്താവനയിൽ നേതാക്കൾ പറഞ്ഞു.

പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് പരാജയ ഭീതിയിലായതിനാലാണ് വർഗീയ കക്ഷികളുമായി വിട്ടുവീഴ്ച ചെയ്യുന്നത്, അതിനായി മതേതര സമൂഹത്തെയും ന്യൂനപക്ഷങ്ങളെയും കരുവാക്കാനുള്ള നീക്കങ്ങൾ അംഗീകരിക്കില്ല. യുഡിഎഫിന്റെ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെയുള്ള തിരിച്ചടിയായിരിക്കും വരാനിരിക്കുന്ന പാലക്കാട് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെന്നും പറഞ്ഞു.

പാലക്കാട് ചേർന്ന തെരഞ്ഞെടുപ്പ് അവലോകന യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ്‌ ബിലാൽ പുതുനഗരം അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജെയിംസ് കാഞ്ഞിരത്തിങ്ങൽ, ജില്ലാ ജനറൽ സെക്രട്ടറി കെ.എം സാലിമോൻ, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം മുഹമ്മദ് അൻസാരി, ജാഫർ ഷെർവാണി, യൂസഫ് പാനൂര്, അസറുദ്ദീൻ പാലക്കാട്, ഷെരീഫ് പുതുശ്ശേരി, അയ്യൂബ് പള്ളിക്കുളം തുടങ്ങിയവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News