ഡോ ജോണ്‍ ബ്രിട്ടാസ് എം.പിയോട് വിശദീകരണം തേടിയ ജഗ്ദീപ് ധന്‍കറിനെ വിമര്‍ശിച്ച് ദേശീയ മാധ്യമങ്ങള്‍

അമിത്ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് ജോണ്‍ ബ്രിട്ടാസ് എം പിയോട് വിശദീകരണം തേടിയ രാജ്യസഭാ ചെയര്‍മാന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ മാധ്യമങ്ങള്‍.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ കേരളത്തെ അധിക്ഷേപിച്ച് പ്രസംഗിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനമെഴുതിയതിന്റെ പേരിലാണ് ജോണ്‍ ബ്രിട്ടാസ് എം പിയോട് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ വിശദീകരണം തേടിയത്. ഈ നിലപാടിനെതിരെയാണ് ദേശീയ മാധ്യമങ്ങള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

‘അഭിപ്രായസ്വാതന്ത്ര്യം തടയാനുള്ള അതിരുകടന്ന ശ്രമം’ എന്ന തലക്കെട്ടോടു കൂടിയാണ് ഡെക്കാന്‍ ഹെറാള്‍ഡ് മുഖപ്രസംഗത്തില്‍ ബ്രിട്ടാസിനെയല്ല അമിത്ഷായെ ആയിരുന്നു വിളിച്ചുവരുത്തേണ്ടതെന്ന് പറയുന്നത്.

സഭാംഗമല്ലായിരുന്നെങ്കില്‍ പോലും, ഓരോ പൗരനും ചെയ്യുന്നതുപോലെ, സര്‍ക്കാരിനും അതിന്റെ നേതാക്കന്മാര്‍ക്കും എതിരെ സംസാരിക്കാനും എഴുതാനും ബ്രിട്ടാസിന് അവകാശമുണ്ടെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് മുഖപ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നത്. ‘ഗവണ്‍മെന്റിന്റെ നടപടികളോട് എത്ര ശക്തമായ വാക്കുകളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാലും അത് ‘രാജ്യദ്രോഹപരമായ’ പ്രസംഗമാവില്ലെന്ന് 1962ല്‍ തന്നെ ‘കേദാര്‍ നാഥ് വേഴ്സസ് യൂണിയന്‍ ഓഫ് ഇന്ത്യ’ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സംവാദവും ചര്‍ച്ചയും സാധ്യമാക്കുകയും ജനപ്രതിനിധികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശം സംരക്ഷിക്കുകയുമാണ് സഭാധ്യക്ഷന്റെ ഓഫീസും സഭയുടെ സെക്രട്ടേറിയറ്റും ചെയ്യേണ്ടത് ഇന്ത്യന്‍ എക്സ്പ്രസ് മുഖപ്രസംഗത്തില്‍ പറയുന്നു.

അതിശക്തമായ വിമര്‍ശനം ഫ്രീ പ്രസ് ജേര്‍ണലും ഉന്നയിക്കുന്നുണ്ട്. ‘കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. താന്‍ എന്തിനാണ് ഒരു പത്രത്തില്‍ ലേഖനം എഴുതിയതെന്ന് വിശദീകരിക്കാന്‍ ഒരു അംഗത്തോട് ലോക്സഭാ സ്പീക്കറോ രാജ്യസഭാ ചെയര്‍മാനോ മുമ്പ് ആവശ്യപ്പെട്ടിട്ടില്ല. ഒരു ഇംഗ്ലീഷ് പത്രത്തില്‍ ഒരു ലേഖനം എഴുതിയ സാഹചര്യം വിശദീകരിക്കാന്‍ ഉപരിസഭയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍കര്‍ സിപിഐ എമ്മിലെ ജോണ്‍ ബ്രിട്ടാസിനോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്ത് അധികാരത്തിലാണ് ചെയര്‍മാന്‍ വിഷയത്തില്‍ ഇടപെട്ടതെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. മികച്ച പാര്‍ലമെന്റേറിയന്‍മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടാസ് ആഭ്യന്തര മന്ത്രിക്കെതിരെ അപകീര്‍ത്തികരമായ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍, അപകീര്‍ത്തിനിയമപ്രകാരം നടപടിയെടുക്കാന്‍ അമിത്ഷായ്ക്ക് അധികാരമുണ്ട്. നഷ്ടപരിഹാരവും ആവശ്യപ്പെടാം’ എന്ന നിലപാടാണ് ഫ്രീ പ്രസ് ജേര്‍ണല്‍ മുന്നോട്ടുവയ്ക്കുന്നത്.

സംസാര സ്വാതന്ത്ര്യം പൗരന്റെ അനിഷേധ്യമായ അവകാശങ്ങളില്‍ ഒന്നാണ്. ഈ അവകാശം ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടാല്‍ ജനാധിപത്യത്തിന് അതിന്റെ തിളക്കം നഷ്ടപ്പെടും. പാര്‍ലമെന്റ് അംഗമായ ഒരാളോട് ഒരു ലേഖനം എഴുതിയത് എന്തുകൊണ്ട് എന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെടുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. വിമര്‍ശകര്‍ക്കും വിയോജിക്കുന്നവര്‍ക്കും എതിരെ സര്‍ക്കാര്‍ ബലപ്രയോഗവും ഭീഷണിയും പ്രയോഗിക്കുന്നതിനാല്‍, വിമര്‍ശനത്തിനും വിയോജിപ്പിനുമുള്ള ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. താന്‍ എന്തിനാണ് ഒരു ലേഖനം എഴുതിയതെന്ന് എന്ന് ഇന്ന് ജോണ്‍ ബ്രിട്ടാസ് വിശദീകരിക്കണമെങ്കില്‍, മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ ഇതേ അധികാരം പ്രയോഗിക്കില്ലെന്ന് എന്താണ് ഉറപ്പ്?” ഫ്രീ പ്രസ് ജേര്‍ണല്‍ ചോദിക്കുന്നു.

ഡെക്കാന്‍ ഹെറാള്‍ഡിലെ മുഖപ്രസംഗത്തിന്റെ സ്വതന്ത്ര്യ പരിഭാഷ

‘അഭിപ്രായസ്വാതന്ത്ര്യം തടയാനുള്ള അതിരുകടന്ന ശ്രമം’

ഭരണഘടന പ്രകാരം നമ്മുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് ന്യായമായ പരിധികള്‍ മാത്രമേയുള്ളൂ. എന്നാല്‍ ഈ അടുത്ത കാലത്ത് ഇത്തരം നിയന്ത്രണങ്ങള്‍ പരിധി ലംഘിക്കുകയാണ്. സിപിഐഎം എം പി ഡോ ജോണ്‍ ബ്രിട്ടാസിനെതിരെ, രാജ്യസഭാ ചെയര്‍മാനായ ജഗ്ദീപ് ധന്‍കര്‍ നല്‍കിയ നോട്ടീസില്‍ നിന്ന് ഇങ്ങനെ വേണം മനസിലാക്കാന്‍. ഫെബ്രുവരി 20 ന് ഇറങ്ങിയ ഒരു ദിനപത്രത്തില്‍ അമിത് ഷായുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് ഒരു ലേഖനം എഴുതിയിരുന്നു. മംഗലാപുരത്തെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ കര്‍ണ്ണാടകയെ രക്ഷിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ, ‘നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ട്’ എന്ന പരാമര്‍ശം അമിത് ഷാ നടത്തിയിരുന്നു. ബ്രിട്ടാസ് തന്റെ ലേഖനത്തില്‍ അമിത് ഷായുടെ പരാമര്‍ശത്തെ വിമര്‍ശിച്ചിരുന്നു. കേരളം കര്‍ണ്ണാടകയുടെ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന ധ്വനിയാണ് അമിത് ഷായുടെ പരാമര്‍ശത്തിലുള്ളതെന്നായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ വിമര്‍ശനം. അമിത്ഷായ്ക്കെതിരായ ജോണ്‍ ബ്രിട്ടാസിന്റെ ‘ഗുരുതര’ വിമര്‍ശനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ജഗ്ദീപ് ധന്‍കറിനെ സമീപിച്ചത് ഒരു ബിജെപി ഭാരവാഹിയാണ്.

തന്റെ അവകാശങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട് അമിത് ഷായെ വിമര്‍ശിക്കാന്‍ ബ്രിട്ടാസിന് അധികാരമുണ്ട്. എന്നാല്‍ ഭരണഘടനാ പദവി വഹിക്കുന്ന, പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളെ സംരക്ഷിക്കേണ്ട ധന്‍കര്‍ ബ്രിട്ടാസിനോട് കാരണം ചോദിച്ചു എന്നതാണ് അത്ഭുതകരം. ഇതിനെത്തുടര്‍ന്ന് എംപി ധന്‍കറിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. പാര്‍ലമെന്റിനു പുറത്ത് നടന്ന ഒരു വിഷയത്തില്‍ ഒരു അംഗത്തിന്റെ പേരിലുള്ള പരാതിയില്‍ നടപടിയെടുക്കാന്‍ രാജ്യസഭാ ചെയര്‍മാന് എന്ത് അധികാരമാണുള്ളത്, അതിന്റെ പേരില്‍ എങ്ങനെയാണ് വിശദീകരണം ചോദിക്കാന്‍ സാധിക്കുക. വിഷയം വ്യക്തമായി വിലയിരുത്തുകയാണെങ്കില്‍ തന്റെ അനുയായികളുടെ ഓരിയിടലിന് വേണ്ടി അമിത് ഷാ നടത്തിയ പരാമര്‍ശത്തോളം അപാകത അതിനോടുള്ള ബ്രിട്ടാസിന്റെ വിമര്‍ശനത്തില്‍ ഇല്ലായെന്ന് നമുക്ക് മനസ്സിലാകും. പരാതിക്കാരന് ഈ ലേഖനം രാജ്യദ്രോഹമായി തോന്നിയതും രാജ്യസഭാ ചെയര്‍മാന്‍ അതിനെ ന്യായീകരിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതും അതിശയകരമാണ്. പുതിയ കീഴ്വഴക്കങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കാലത്ത് ഇതൊരു തെറ്റായ കീഴ് വഴക്കമാണ്.

അഭിപ്രായ സ്വാതന്ത്ര്യത്തെ തടയിടാന്‍ ചിലര്‍ സ്വീകരിക്കുന്ന കുറുക്കുവഴികളുടെ ഉത്തമ ഉദാഹരണമാണ് ഈ വിവാദം. സഭയിലെ അംഗങ്ങളുടെ അവകാശം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഉള്ളയാളാണ് രാജ്യസഭാ ചെയര്‍മാന്‍. ബ്രിട്ടാസിന്റെ ലേഖനത്തിന്റെ പേരില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതും വിശദീകരണം ആവശ്യപ്പെട്ടതും അംഗങ്ങളുടെ അവകാശങ്ങളുടെ മേലുള്ള സങ്കുചിതവും പരിമിതവുമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. ഗവണ്‍മെന്റിന്റെ നടപടികളെയും നയങ്ങളെയും പാര്‍ലമെന്റിനു അകത്ത് വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. ഇപ്പോഴാകട്ടെ പാര്‍ലമെന്റിന് പുറത്ത് പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും ചോദ്യം ചെയ്യപ്പെടുന്നു. എംപിമാര്‍ക്ക് പോലും പാലര്‍മെന്റിന് അകത്തോ പുറത്തോ തങ്ങളുടെ അഭിപ്രായ സ്വാതന്ത്രം വിനിയോഗിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സാധാരണ ജനങ്ങള്‍ക്ക് അതെങ്ങനെ സാധിക്കും?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News