യുക്രെയ്നിന്‍റെ അംഗത്വത്തിൽ തീരുമാനം ഉണ്ടാക്കാനാകാതെ നാറ്റോ വാർഷിക യോഗം. അംഗത്വത്തിൽ വ്യക്തത വരുത്താതെ യുക്രെയ്നിന്‍റെ ഭാവിയിൽ ചർച്ച ചുരുക്കുകയാണ് നാറ്റോ. അംഗത്വ സമയം തീരുമാനമാകാത്തത് അസംബന്ധമാണെന്നാണ് യുക്രെയ്ൻ പ്രസിഡൻ്റ് സെലിൻസ്കിയുടെ പ്രതികരണം.
ലിത്വാനിയയിലെ വിൽനിയസിൽ നാറ്റോയുടെ വാർഷികയോഗത്തിൽ ആദ്യദിവസം വ്യക്തത വരുന്നത് യുക്രെയ്ൻ്റെ അംഗത്വം നീളുമെന്ന കാര്യത്തിൽ മാത്രമാണ്. യുക്രെയ്ന്റെ സംരക്ഷണം ഉറപ്പാക്കണമെന്നും പുതുതായി നാറ്റോ- യുക്രെയ്ൻ കൗൺസിൽ കെട്ടിപ്പടുക്കണം എന്നും തീരുമാനിച്ച യോഗം യുക്രെയ്ൻ്റെ അംഗത്വം എന്ന് കിട്ടുമെന്ന കാര്യം ചർച്ചയാക്കിയില്ല. യുക്രെയ്ൻ്റെ ഭാവി നാറ്റോയിൽ തന്നെ എന്ന പ്രഖ്യാപനം മാത്രം. യുക്രെയ്ൻ നാറ്റോ അംഗമാകാൻ പാകമായിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ യൂറോപ്പ് സന്ദർശനം ആരംഭിക്കുന്നതിന് മുമ്പ് പ്രതികരണം നടത്തിയിരുന്നു. പക്ഷേ, യുക്രെയ്ൻ സൈനികർക്ക് F16 വിമാനം പറത്താനുള്ള പരിശീലനം ഓഗസ്റ്റിൽ തുടങ്ങാൻ തീരുമാനമായിട്ടുണ്ട്.
ALSO READ: മറുനാടന്‍ മലയാളിയും ഷാജന്റെ സ്വന്തം കോണ്‍ഗ്രസും, നേതാക്കള്‍ എതിര്‍ത്തിട്ടും നേതൃത്വം കൈവിടുന്നില്ല
യുക്രെയ്ന് അംഗത്വം നൽകാൻ വൈകുന്ന നാറ്റോ പക്ഷേ സ്വീഡന് അംഗത്വം ഉറപ്പാക്കാനുള്ള വഴികൾ തെളിച്ചിട്ടുണ്ട്. ദീർഘകാലമായി സ്വീഡന് തടസം നിന്നിരുന്നത് ഹംഗറിയും തുർക്കിയുമായിരുന്നു. ഹംഗറി സമ്മതം പ്രഖ്യാപിച്ചതോടെ മാസങ്ങളായി തുർക്കി പ്രസിഡൻ്റ് ത്വയിപ് ഉർദുഗാൻ്റെ കൈകളിലായിരുന്നു സ്വീഡൻ്റെ നാറ്റോ ഭാവി. ഒടുവിൽ നാറ്റോ തലവൻ ജെൻസ് സ്റ്റോൾട്ടൻബർഗും സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണും ഉർദുഗാനും ഇരുന്ന് നടത്തിയ ചർച്ചക്കൊടുവിൽ തുർക്കിയും സമ്മതം മൂളിയതായാണ് നാറ്റോ ഔദ്യോഗിക ഭാഷ്യം.
അമേരിക്ക യുക്രെയ്നുമായി നടത്തുന്ന ക്ലസ്റ്റർ ബോംബ് ഇടപാടും നാറ്റോ യോഗത്തിൽ വിമർശന വിഷയമാകുന്നുണ്ട്. അമേരിക്ക യുക്രെയിനിലേക്ക് ക്ലസ്റ്റർ ബോംബ് ഇറക്കുമതി ചെയ്താൽ റഷ്യ അത്തരം ആയുധങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതമാകും എന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ഷോയ്ഗുവിന്റെ പ്രതികരണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here