മാലിന്യത്തില്‍ നിന്ന് പ്രകൃതിവാതകം; കൊച്ചിയില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍

മാലിന്യം സംസ്‌കരിച്ച് പ്രകൃതിവാതകം (കംപ്രസ്ഡ് ബയോഗ്യാസ്) നിര്‍മ്മിക്കുന്ന പ്ലാന്റ് കൊച്ചിയില്‍ സ്ഥാപിക്കാന്‍ ബിപിസിഎല്ലുമായി തത്വത്തില്‍ ധാരണയായതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ബിപിസിഎല്‍ പ്രതിനിധികളുമായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും വ്യവസായ വകുപ്പ് മന്ത്രി പി രാജീവും ചീഫ് സെക്രട്ടറി വി പി ജോയിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സര്‍ക്കാര്‍ കൈമാറുന്ന സ്ഥലത്ത് ബിപിസിഎല്ലിന്റെ ചെലവിലാകും പ്ലാന്റ് നിര്‍മ്മിക്കുക.

പ്ലാന്റ് പരിപാലിക്കേണ്ട ഉത്തരവാദിത്തവും ബിപിസിഎല്ലിനാകും. ഒരു വര്‍ഷം കൊണ്ട് പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കാനാകുമെന്നാണ് ബിപിസിഎല്‍ അറിയിച്ചിരിക്കുന്നത്. ബ്രഹ്മപുരത്ത് തന്നെ പ്ലാന്റ് സ്ഥാപിക്കാനാണ് നിലവിലെ ധാരണ. കൊച്ചിയിലെയും സമീപ നഗരസഭകളുടെയും മാലിന്യം (മുന്‍സിപ്പല്‍ സോളിഡ് വേസ്റ്റ്), പ്ലാന്റില്‍ സംസ്‌കരിക്കാനാകും. മാലിന്യ സംസ്‌കരണത്തിലൂടെ നിര്‍മ്മിക്കുന്ന പ്രകൃതിവാതകം, ബിപിസിഎല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാകും ഉപയോഗിക്കുക. ഇതോടൊപ്പം ഉത്പാദിപ്പിക്കപ്പെടുന്ന ജൈവവളം വിപണനം ചെയ്യും. പ്രതിദിനം പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ ലഭ്യമാക്കേണ്ടുന്ന തരംതിരിച്ച മാലിന്യം കോര്‍പറേഷനും മുന്‍സിപ്പാലിറ്റികളും ഉറപ്പാക്കും.

കൊച്ചിയിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളിലെ നിര്‍ണായക ചുവടുവെപ്പാകും തീരുമാനമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ വിന്‍ഡ്രോ കമ്പോസ്റ്റ് സ്ഥാപിക്കാന്‍ സിഎസ് ആര്‍ ഫണ്ടില്‍ നിന്ന് തുക നല്‍കാന്‍ ബിപിസിഎല്‍ മുന്‍പ് തന്നെ സന്നദ്ധത അറിയിച്ചിരുന്നു. കൊച്ചിയിലെ കാലാവസ്ഥയ്ക്ക് കുറച്ചുകൂടി അനുയോജ്യമാവുക പ്രകൃതി വാതക പ്ലാന്റാണെന്ന് കണ്ടെത്തിയാണ് ബിപിസിഎല്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News