ഭരണ നിര്‍വഹണത്തിലെ പുതിയ ഒരധ്യായം; ‘നവകേരള സദസ്’ നവംബര്‍ 18ന് മുതല്‍: മുഖ്യമന്ത്രി

കേരളീയത്തിന്റെ സമാപന വേളയില്‍ നവകേരള കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇനിയുള്ള നാളുകളിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇടപെടലിനും കരുത്തും വേഗവും പകരുന്നതാണ് കേരളീയത്തിന്റെ ആദ്യപതിപ്പ് പകര്‍ന്ന ഊര്‍ജമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളീയം, ഒരു തുടര്‍പ്രക്രിയയാണ് എന്ന് പറഞ്ഞതുപോലെ ഭരണ നിര്‍വഹണത്തിലെ പുതിയ ഒരധ്യായമാണ് ഈ മാസം പതിനെട്ടിന് ആരംഭിക്കുന്ന നവകേരള സദസെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനും പ്രതിബദ്ധതയോടെയുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. മെച്ചപ്പെട്ട ഭരണ നിര്‍വഹണം അതിന്റെ ഭാഗമാണ്.

Also Read : കേന്ദ്രത്തിന്റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് സംസ്ഥാനം നേരിടുന്നത്: മുഖ്യമന്ത്രി

പൊതുജനങ്ങളുടെ പരാതി പരിഹരിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ നിലവിലുണ്ടെങ്കിലും പല കാരണങ്ങളാലും പരിഹരിക്കപ്പെടാതെ കിടക്കുന്ന വിഷയങ്ങള്‍ നിലനില്‍ക്കുന്നു. അവയ്ക്ക് പരിഹാരം കാണുന്നതിനുള്ള വിപുലമായ ഇടപെടലാണ് ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍ ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ നടന്ന അദാലത്തുകള്‍. മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന അദാലത്തുകള്‍ വലിയ വിജയമായിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ തലത്തില്‍ മന്ത്രിമാര്‍ പങ്കെടുത്ത് അവലോകനം നടന്നു. തുടര്‍ന്ന് സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ചു മന്ത്രിസഭ ആകെ പങ്കെടുത്ത മേഖലാതല അവലോകന യോഗങ്ങള്‍ നടന്നു.

അതിദാരിദ്ര്യം, വിവിധ മിഷനുകള്‍, പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, മാലിന്യമുക്ത കേരളം, ജില്ലയുമായി ബന്ധപ്പെട്ട് കളക്ടര്‍മാര്‍ കണ്ടെത്തുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്നിങ്ങനെ അഞ്ചു വിഷയങ്ങള്‍ ഓരോ അവലോകന യോഗവും വിശദമായി പരിശോധിച്ചു. ഓരോ വിഭാഗത്തിലും നടപ്പാക്കിയ പദ്ധതികളുടെ നിലവിലെ സ്ഥിതി, പരിപാലനം, പുരോഗമിക്കുന്ന പദ്ധതികള്‍ എന്നിവയാണു ചര്‍ച്ച ചെയ്തു തീരുമാനത്തിലേക്ക് പോയത്.

Also Read : കേരളീയം കേരളത്തിന്റെ മഹോത്സവമായി മാറി, സംഘാടകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഈ പ്രക്രിയയുടെ അടുത്ത ഘട്ടമാണ് നവകേരള സദസ്. ജനാധിപത്യം അതിന്റെ എല്ലാ അര്‍ത്ഥത്തിലും സമ്പുഷ്ടമാക്കാനും ജനങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ദൃഢപ്പെടുത്താനുമുള്ള വലിയൊരു യജ്ഞമാണ് നവംബര്‍ പതിനെട്ടിന് ആരംഭിക്കുന്നത്. മന്ത്രിസഭ ഒന്നാകെ 140 മണ്ഡലങ്ങളിലും എത്തുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്യും. നവകേരള സദസ് ഡിസംബര്‍ 24 നു തിരുവന്തപുരത്താണ് സമാപിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News