നവ കേരള ബസ് യാത്രക്കൊരുങ്ങുന്നു. സർവീസ് പ്രഖ്യാപിച്ച നവകേരള ബസ് ഗരുഡ പ്രീമിയം എന്നു പേരുമാറ്റി ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പ്രത്യേക സർവീസ് നടത്തും. കോഴിക്കോട്- ബംഗളുരു റൂട്ടിൽ മെയ് 5 മുതലാണ് ബസിന്റെ സർവീസ് നിശ്ചയിച്ചിരിക്കുന്നത്. ടോയ്ലറ്റും ഹൈഡ്രോളിക് ലിഫ്റ്റുമുള്ള ബസ് സർവീസ് ഹിറ്റാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ. മുഖ്യമന്ത്രിയും മന്ത്രിമാരും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ച നവകേരള ബസ് ഇനി ജനങ്ങൾക്കായി വിട്ടുകൊടുക്കയാണ് കെഎസ്ആർടിസി.
Also Read: പാര്‍ശ്വഫലം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണം; കോവിഷീല്‍ഡിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി
തുടക്കം മുതലേ സർക്കാറിനെതിരെയുള്ള വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് നവ കേരള ബസ് കെഎസ്ആർടിസിക്ക് വിട്ടുകൊടുത്ത സർക്കാർ തീരുമാനം. 26 പുഷ് ബാക്ക് സീറ്റുകൾ, ടോയ്ലറ്റ്, ഹൈഡ്രോളിക് ലിഫ്റ്റ് തുടങ്ങി പ്രത്യേക സൗകര്യങ്ങളുള്ള ബസ് മെയ് 5നാണ് സർവീസ് തുടങ്ങുക. ഗരുഡ പ്രീമിയം എന്ന പേരിലാണ് ഇനി ബസ് അറിയപ്പെടുക. പുലർച്ചെ 4 മണിക്ക് കോഴിക്കോടു നിന്നും യാത്ര പുറപ്പെടുന്ന ബസ് കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ട്യ വഴി 11.35 ന് ബാംഗ്ലൂരിലെത്തും. ഉച്ചയ്ക്ക് 2.30ന് ബാംഗ്ലൂരിൽ നിന്നും തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.05 ന് കോഴിക്കോട് എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
കോഴിക്കോട് – ബംഗളുരു യാത്രയ്ക്ക് 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ, ബാഗ്ലൂർ എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. ഇന്ന് വൈകിട്ട് 6.30ന് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് സർവീസായി ബസ് കൊണ്ടുപോകുമെന്ന് കെഎസ്ആർടിസി അറിയിച്ചു. നവകേരള ബസ് സർവ്വീസ് വിജയിച്ചാൽ ഇതേ മാതൃകയിൽ കൂടുതൽ ബസുകൾ വാങ്ങാനും ആലോചനയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here