തൊഴിലും വിദ്യാഭ്യാസവും ഭദ്രം; നവകേരള സദസ് സമാപനത്തിലേക്ക്

വ്യാഴാഴ്‌ച പ്രഭാതയോഗം ചേർന്നത് ആറ്റിങ്ങൽ മണ്ഡലത്തിലായിരുന്നു. ആറ്റിങ്ങലിനു പുറമെ ചിറയിൻകീഴ്, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിൽനിന്നുള്ള ക്ഷണിതാക്കളും യോഗത്തിനെത്തി. നവകേരള സദസ്സിന്റെ ലക്ഷ്യം സാർഥകമാക്കുംവിധം വളരെ ക്രിയാത്മകമായ സംവാദത്തിനാണ് പ്രഭാതയോഗം വേദിയൊരുക്കിയത്. അതത് മണ്ഡലത്തിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ പുരോഗതി ചർച്ചാവിഷയമായി. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുകയും പ്രതീക്ഷകൾ സർക്കാരുമായി പങ്കുവയ്‌ക്കുകയും ചെയ്തു.

തൊഴിൽമേഖലയിൽ സർക്കാർ നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി തൊഴിൽമിഷൻ എന്ന ആശയത്തിന്റെ സാധ്യതകൾ പരിഗണിക്കണമെന്നും ആറ്റിങ്ങൽ മണ്ഡലത്തിൽനിന്നുള്ള ഷാജിൽ അന്ത്രു യോഗത്തിൽ അഭിപ്രായപ്പെട്ടു. ഈ ആശയം സർക്കാർ ചർച്ച ചെയ്യുമെന്ന്‌ യോഗത്തിൽ മറുപടി നൽകി. ഡയാലിസിസ് രോഗികൾക്ക് ആശ്വാസ് പദ്ധതി പ്രകാരം അഞ്ചു ഡയാലിസിസ് സൗജന്യമായി നൽകുന്നത് മാതൃകാപരമാണെന്നും ഇത് എട്ടുമുതൽ പത്തുവരെയാക്കുന്നത് സാധാരണക്കാർക്ക്‌ കൂടുതൽ ഉപകാരപ്പെടുമെന്നും ഫാ. ജോസ് കിഴക്കേടത്ത് പറഞ്ഞു. ഈ ആവശ്യം സർക്കാർ ഗൗരവപൂർവം പരിഗണിക്കും.

Also Read: നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ

കെഎസ്ഇബി മുഖേന നടത്തുന്ന സൗരപദ്ധതി ഈ ഡിസംബറിൽ അവസാനിക്കുന്ന പശ്ചാത്തലത്തിൽ ഒരു വർഷംകൂടി പദ്ധതി നീട്ടുന്ന കാര്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്നും സംസ്ഥാനത്ത് പദ്ധതിയുടെ ഗ്രിഡുകൾ അപ്‌ഗ്രേഡ് ചെയ്യണമെന്നും വർക്കല മണ്ഡലത്തിൽനിന്നുള്ള ഡോ. ജയരാജ് നിർദേശിച്ചു. സൗരപദ്ധതിയുടെ പുരോഗതിയനുസരിച്ച്‌ ഗ്രിഡുകൾ വർധിപ്പിക്കുന്നതു പരിഗണിക്കുമെന്ന് മറുപടി നൽകി. കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനമാക്കാനുള്ള സർക്കാരിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ കിളിമാനൂർ ബ്ലോക്ക് ഏറ്റെടുത്ത് വിജയിപ്പിച്ച പദ്ധതിയുടെ മാതൃക കെ ജി ബിജു അവതരിപ്പിച്ചു. എട്ടു പഞ്ചായത്തിലെ 136 വാർഡിലായി 33,752 പേർ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ്‌ ചെയ്തിട്ടുണ്ട്.

ഈ പദ്ധതി സ്കൂൾ ഐടി സിലബിസിന്റെ ഭാഗമാക്കുകയും പിടിഎ എസ്എംസി മുഖേന രക്ഷിതാക്കളെ സ്കൂളുകളിൽ സംഘടിപ്പിച്ച് പരിശീലനം നൽകാൻ വിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുക്കുന്നതും ഉചിതമാകും. എല്ലാ വിഭാഗങ്ങളിൽനിന്നും വളന്റിയർമാരുടെ സേവനം ഉറപ്പുവരുത്തുകയും എല്ലാ പൊതുസ്ഥാപനങ്ങളിലും പരിശീലനത്തിന് സൗകര്യമേർപ്പെടുത്തുകയും വേണം എന്നീ നിർദേശങ്ങളും ബിജു മുന്നോട്ടുവച്ചു. സർക്കാർ നടപ്പാക്കിവരുന്ന പദ്ധതിയാണിത്. വേഗം കൂട്ടാനുതകുന്ന നിർദേശങ്ങൾ പരിശോധിക്കും. സർക്കാർ സേവനങ്ങളുടെ ഓൺലൈൻ ഉപയോഗം സംബന്ധിച്ച് ബോധവൽക്കരണം ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമാക്കണമെന്ന ആവശ്യവും ഉയർന്നു. ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ മൊഡ്യൂളുകളിൽ ഒന്നായി ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്‌ യോഗത്തെ അറിയിച്ചു.
കേരളത്തെ സമ്പൂർണ ബിരുദ സംസ്ഥാനമാക്കുന്നതിന്‌ തദ്ദേശസ്ഥാപനങ്ങളുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കണമെന്നും ഇതിനായുള്ള പ്രവർത്തനങ്ങൾ സർക്കാർതലത്തിൽ ആവിഷ്‌കരിക്കണമെന്നും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സിൻഡിക്കറ്റ് അംഗം ജയപ്രകാശ് പറഞ്ഞു. പ്രൈമറി തലംമുതൽ വിദ്യാർഥികൾക്ക്‌ തൊഴിൽ പരിശീലനം നൽകുന്ന പഠനരീതി ആവിഷ്‌കരിക്കണമെന്നായിരുന്നു വെഞ്ഞാറമൂട് യുപി സ്‌കൂൾ അധ്യാപകൻ ബി കെ സെൻ നിർദേശിച്ചത്.

ടൂറിസം രംഗവുമായി ബന്ധിപ്പിച്ച് ആയുർവേദം, യോഗ എന്നിവയ്ക്കുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഇന്റിമസി ഹീലിങ് വില്ലേജ് മാനേജിങ് ഡയറക്ടറും യോഗാചാര്യനുമായ യോഗി ശിവൻ അഭിപ്രായപ്പെട്ടു. ആയുർവേദ മേഖലയിൽ മികച്ച ഇടപെടലുകൾ നടത്താൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ടെന്നും യോഗയും ഇത്തരത്തിൽ വ്യാപകമാക്കാൻ കഴിയണമെന്നും ഇതിനു പ്രോത്സാഹനം നൽകാൻ സർക്കാർ സന്നദ്ധമാണെന്നും മറുപടി പറഞ്ഞു.

സംസ്ഥാനത്ത് സൂപ്പർ സ്‌പെഷ്യാലിറ്റി മേഖലയിലും മെഡിക്കൽ കോളേജ് ആശുപത്രികളിലുമുള്ള സാധ്യതകൾ മുൻനിർത്തി കൂടുതൽ പാരാമെഡിക്കൽ പഠനസൗകര്യമൊരുക്കണമെന്ന്‌ വാമനപുരം മണ്ഡലത്തിൽനിന്നുള്ള ഡോ. കെ കെ മനോജ് ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കും. സിനിമാ മേഖലയിൽ നിലനിൽക്കുന്ന നികുതികൾ വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പ്രാദേശിക ഭാഷകളിലുള്ള സിനിമകൾക്ക് അതതു സംസ്ഥാനത്ത്‌ വിനോദ നികുതി ഇളവ് ഏർപ്പെടുത്തുന്നതു പരിഗണിക്കണമെന്നും സംവിധായകൻ അരുൺ ഗോപി ആവശ്യപ്പെട്ടു.നിയമപരിഷ്‌കരണ കമീഷൻ ശുപാർശകളിൽ തുടർച്ചയായ നടപടികൾ വേണമെന്ന്‌ ഡോ. എൻ കെ ജയകുമാർ നിർദേശിച്ചു. നിയമപരിഷ്‌കരണ കമീഷൻ ശുപാർശകൾ ഗൗരവമായാണ്‌ സർക്കാർ കാണുന്നത്. ഇതുമായി ബന്ധപ്പെട്ട്‌ വിവിധ വകുപ്പുകൾ പരിശോധിക്കേണ്ട കാര്യങ്ങളിൽ ആവശ്യമായ തുടർ നടപടികളുണ്ടാകുമെന്ന് അദ്ദേഹത്തിന് മറുപടിയായി പറഞ്ഞു.

Also Read: കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നതിൽ ഗവർണർ ശ്രമിക്കുന്നു; മുഖ്യമന്ത്രി

ചെറുകിട വ്യാപാരി ക്ഷേമനിധി പെൻഷനും മരണാനന്തര സഹായവും വർധിപ്പിക്കണമെന്ന്‌ ചിറയിൻകീഴിലെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോഷി സാബു പറഞ്ഞു. സഹകരണ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും നടത്തുന്ന മേളകളും ചന്തകളും പലപ്പോഴും ചെറുകിട വ്യാപാരികൾക്ക്‌ തിരിച്ചടിയാകുന്നുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടുന്നത് ഉചിതമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, സഹകരണ സംഘങ്ങളും സർക്കാരിന്റെ വിവിധ സംവിധാനങ്ങളും ഉത്സവകാലത്ത് വിപണിയിൽ ഇടപെടുന്നത്‌ സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതും വിലക്കയറ്റത്തെ തടയുന്നതുമാണ്. മത്സ്യത്തൊഴിലാളി മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്നും മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര വികസനത്തിന് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമ, വികസന പദ്ധതികൾക്ക്‌ നന്ദി അറിയിക്കുന്നതായും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത ലോറൻസ് പറഞ്ഞു.

ആദിവാസി വിഭാഗത്തിൽനിന്നുള്ളവർക്ക്‌ പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ സർക്കാർ ജോലി നൽകിയ നടപടി സർക്കാർ നടത്തിയ ഏറ്റവും വലിയ ജനകീയ ഇടപെടലുകളിൽ ഒന്നാണെന്ന് പാങ്ങോട് പഞ്ചായത്തിലെ കക്കോട്ടൂർ ആദിവാസി ഊരുമൂപ്പത്തി രമണിയമ്മ പറഞ്ഞു. ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ സർക്കാർ കാണിക്കുന്ന ശ്രദ്ധ അഭിനന്ദനാർഹമാണ്. വന്യമൃഗശല്യമാണ് ആദിവാസി വിഭാഗങ്ങൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ഇക്കാര്യത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും അവർ പറഞ്ഞു. ഇത്തരത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും അവരുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ നേരിട്ട് സർക്കാരിനു മുൻപിലെത്തിക്കാൻ ആറ്റിങ്ങലിലെ നവകേരള സദസ്സ് അവസരം ഒരുക്കി. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ആശയങ്ങളിൽ മികച്ചവ സ്വീകരിക്കാനും സർക്കാർ ശ്രദ്ധ നൽകും.

(നവകേരള സദസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തൽ, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News