കയർമേഖലയിലെ വളർച്ചയ്ക്ക് സമഗ്ര പദ്ധതിയുമായി സർക്കാർ

കോട്ടയം ജില്ലയിലെ വൈക്കത്തുനിന്നാണ് നവകേരള യാത്ര ആലപ്പുഴയിലേക്ക് കടന്നത്. കയറിന്റെ നാട്ടിലൂടെയാണ് സഞ്ചാരം. വെള്ളിയാഴ്ച രാവിലെ പ്രഭാതയോഗത്തിലും തുടർന്ന് വാർത്താസമ്മേളനത്തിലും കയർമേഖലയിലെ വിവിധ വിഷയങ്ങൾ പ്രധാന ചർച്ചാവിഷയമായി. ആലപ്പുഴയിലെ കയർവ്യവസായ മേഖലയുടെ വളർച്ചയ്ക്കായി സർക്കാർ നടത്തുന്ന സമഗ്രമായ ഇടപെടലുകൾ രണ്ടു വേദിയിലും പങ്കുവച്ചു. ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിനായി വിവിധ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. കയർ വ്യവസായ സംരക്ഷണത്തിനായി രൂപീകരിച്ച കയർവിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കിത്തുടങ്ങി. സ്ത്രീകൾക്ക് കയർമേഖലയിലും എല്ലാ തൊഴിൽമേഖലകളിലും എല്ലാ ഷിഫ്റ്റുകളിലും ജോലി ചെയ്യാൻ കഴിയണമെന്ന അഭിപ്രായം കയർമേഖലയെ പ്രതിനിധാനം ചെയ്‌ത ടി എം എം സി പ്രസാദ് ഉന്നയിക്കുകയുണ്ടായി. സർക്കാരിനും ഇതേ നിലപാടാണുള്ളത്. അതുസംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കും.

Also read:മാവേലിക്കരയിൽ രോഗിയുമായി പോയ ആംബുലൻസ് പിക്കപ്പ് വാനിൽ ഇടിച്ചു; രോഗി മരിച്ചു

ആലപ്പുഴ കാമിലോട്ട് കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാതയോഗം കൃഷി, ടൂറിസം, തീരസംരക്ഷണം തുടങ്ങി നിരവധി വിഷയങ്ങളിലും ഗൗരവപൂർണമായ ചർച്ചകൾക്ക് വേദിയായി. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളിൽനിന്നുള്ള 300 പേരാണ് അതിഥികളായെത്തിയത്. ആലപ്പുഴയുടെ വ്യവസായ മേഖലയെ സംരക്ഷിക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിനും ഈ സർക്കാരിനുമായി എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. നെൽക്കൃഷി ചെയ്യുന്ന കർഷകർക്കും തൊഴിലാളികൾക്കും വേതനം കൃത്യമായി കിട്ടാതെ വരുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് മുൻഗണന നൽകണമെന്നും പറഞ്ഞു. ഇക്കാര്യങ്ങൾ ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും.

ജലഗതാഗത സൗകര്യം വർധിപ്പിച്ച്‌ ടൂറിസവുമായി ബന്ധപ്പെടുത്തി വ്യാവസായിക വികസന പദ്ധതി നടപ്പാക്കണമെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ കുതിച്ചുചാട്ടത്തിനായി ഹയർ എഡ്യൂക്കേഷൻ കൗൺസിൽ ക്ലസ്റ്റർ മാനേജ്‌മെന്റ് സിസ്റ്റം പുനരാരംഭിക്കണമെന്നും കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ പി കെ മൈക്കിൾ തരകൻ നിർദേശിച്ചു. പുതുതായി വിഭാവനം ചെയ്യുന്ന തീരദേശ റോഡ്‌ വികസനത്തിന്റെ ഭാഗമായി കൂടുതൽ വീടുകൾ പുറത്താക്കപ്പെടുന്ന സാഹചര്യവും തീരത്തിനടുത്ത് സിആർഇസഡ് സോൺ പരിധിയിൽ വരുന്ന ഭവനനിർമാണം സാധ്യമാകാത്ത സാഹചര്യവും ആലപ്പുഴ രൂപതാ ബിഷപ് ജെയിംസ് റാഫേൽ ആനാപറമ്പിൽ വിശദീകരിച്ചു. ചെല്ലാനത്ത് കടൽത്തീര സംരക്ഷണത്തിനായി ചെയ്ത കാര്യങ്ങളെ പ്രശംസിച്ച അദ്ദേഹം പൂർത്തീകരിക്കുന്നതിനുള്ള നടപടികൾകൂടി സ്വീകരിക്കണമെന്ന് അഭ്യർഥിച്ചു. ആലപ്പുഴ മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് എച്ച് അബ്ദുൾ നാസർ തങ്ങൾ ആറാട്ടുപുഴ കടൽഭിത്തി നിർമാണവും വഖഫ് ബോർഡ് ബിൽ കൊണ്ടുവരുന്ന കാര്യവും ശ്രദ്ധയിൽപ്പെടുത്തി. അക്കാര്യങ്ങളിലെ സർക്കാർ നിലപാടുകൾ മറുപടിയിൽ വിശദീകരിച്ചു.

Also read:യൂട്യൂബ് ലൈക്കിലൂടെ പണം ലഭിക്കുമെന്ന് വാഗ്ദാനം നൽകി 250 കോടി തട്ടിച്ചു; രണ്ടുപേർ പിടിയിൽ

മാനവ വിഭവശേഷി വർധിപ്പിക്കുന്നതിൽ കൃത്യമായ ഫോക്കസ് നൽകുന്നതിന് ശ്രദ്ധ ചെലുത്തണമെന്ന നിർദേശമാണ് ടെക് ജൻഷ്യ സിഇഒ ജോയി സെബാസ്റ്റ്യൻ പങ്കുവച്ചത്. തീരദേശമേഖലയിൽ മത്സ്യത്തിന്റെ വിപണനവുമായി ബന്ധപ്പെട്ട് കൃത്യമായ സപ്ലൈ, ലോജിസ്റ്റിക്‌സ്, വാലുവേഷൻ തുടങ്ങിയ കാര്യങ്ങളിൽക്കൂടി ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വേനൽക്കാല വേലിയേറ്റം അല്ലെങ്കിൽ കായൽ കയറുന്നതുമായി ബന്ധപ്പെട്ട് തീരദേശവാസികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ അരൂർ മണ്ഡലത്തിൽനിന്നെത്തിയ ശശിധരൻ നായർ ഉന്നയിച്ചു.

തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രഭാതയോഗത്തിൽ ചർച്ച ചെയ്യുകയുണ്ടായി. വലിയൊരു മാറ്റത്തിനു വഴിവയ്ക്കുന്ന പദ്ധതിയാണ് തീരദേശ ഹൈവേ. എന്നാൽ, ഇത്തരം ചില വികസനപദ്ധതികൾ വരുമ്പോൾ പ്രദേശവുമായി ബന്ധപ്പെട്ട് കഴിയുന്നവർക്ക് പ്രയാസങ്ങൾ ഉണ്ടാകാറുണ്ട്. ആരെയും ഉപദ്രവിക്കാതെ ഏവരെയും ചേർത്തുപിടിച്ചുകൊണ്ടുള്ള വികസനമാണ് സർക്കാർ നടപ്പാക്കുന്നത്. സ്ഥലം നഷ്ടപ്പെടുമ്പോൾ പ്രയാസം ഉണ്ടാകും. അതുകൊണ്ടുതന്നെ ഏറ്റവും നല്ല നഷ്ടപരിഹാര പാക്കേജാണ് സർക്കാർ നൽകുന്നത്.
സിആർഇസഡിന്റെ കാര്യത്തിൽ വലിയ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയത്. ജെ ബി കോശി കമീഷനെ നിയോഗിച്ച് റിപ്പോർട്ട് വാങ്ങി. റിപ്പോർട്ട് പ്രകാരമുള്ള കാര്യങ്ങൾ സ്വീകരിച്ച് മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. ചെല്ലാനം മാതൃക സ്വീകരിച്ച് കൂടുതൽ മേഖലയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ വിഭവശേഷിയുമായി ബന്ധപ്പെട്ട പരിമിതികൾ വലുതാണെങ്കിലും കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.

മീൻ വളരാനുള്ള സാവകാശം നൽകാതെ പൊടിമത്സ്യ കയറ്റുമതി കാരണം മത്സ്യദൗർലഭ്യം വളരെ കൂടുതലാകുന്ന കാര്യം എക്സ്പോർട്ടിങ്‌ മേഖലയെ പ്രതിനിധാനംചെയ്‌ത്‌ അനസ് മാനാറ ശ്രദ്ധയിൽപ്പെടുത്തി. ചെമ്മീൻ കൃഷി നടത്തുന്ന ചാലുകൾ ഫ്‌ളോട്ടിങ് മാർക്കറ്റ്, ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് പോലെയാക്കി ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റണമെന്ന നിർദേശവും അദ്ദേഹം പങ്കുവച്ചു.

Also read:മധ്യപ്രദേശിൽ മാംസം വിൽക്കുന്ന പത്ത് കടകൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി

കേരളത്തിൽ ഒറ്റപ്പെട്ടു പോകുന്ന ജനത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയതാണ്. അതിൽ ഇടപെടാൻ സാധിക്കുന്ന ലോൺലിനെസ് മിനിസ്ട്രി സംവിധാനം കേരളത്തിൽ ആരംഭിക്കണമെന്ന് ബിസിനസ് രംഗത്തുള്ള അവിര തരകൻ പറഞ്ഞു. ചെറുകിട വ്യവസായികളുടെ ഉൽപ്പന്നങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ വഴി വിൽപ്പന നടത്തിയാൽ കൂടുതൽ പ്രയോജനകരമാകുമെന്ന നിർദേശമാണ് ചെറുകിട വ്യവസായ പ്രതിനിധി ബിജു യോഗത്തിൽ അവതരിപ്പിച്ചത്.

രാത്രിയിൽ ഹൗസ്ബോട്ടുകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യമാണ് റമദ ചെയർമാൻ റെജി ചെറിയാൻ ഉന്നയിച്ചത്. ആയുർവേദ മേഖലയെ കൂടുതൽ സർഗാത്മകമായി ഉപയോഗിച്ച് ആലപ്പുഴയെ ഹെൽത്ത് ടൂറിസം ഹബ്ബാക്കി മാറ്റണമെന്ന ആശയം വിഷ്ണു നമ്പൂതിരി മുന്നോട്ടുവച്ചു. കർഷകരെ ഇസ്രയേലിലേക്ക് അയച്ച് കൃഷി രീതികൾ പഠിപ്പിച്ചത് മികച്ച സർക്കാർ നടപടികളിലൊന്നാണെന്ന് കാർഷികമേഖലയെ പ്രതിനിധാനംചെയ്‌ത സുജിത്ത് അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളിലെപ്പോലെ ടെക്‌നോളജികൾ ഉപയോഗിച്ചുകൊണ്ടുള്ള കൃഷി രീതികൾ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കാർഷികമേഖലയിൽ സർക്കാർ നടത്തിവരുന്ന പദ്ധതികൾ സംക്ഷിപ്തമായി ചർച്ചയിൽ പങ്കുവയ്ക്കാൻ സാധിച്ചു. ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. അതിനായി ആധുനിക കാർഷിക രീതികൾ സ്വീകരിക്കണമെന്നതാണ് സർക്കാർ നയം. എന്നാൽ, വികസന കാര്യങ്ങളുമായി മുന്നോട്ടു പോകുന്നതിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് കാർഷികരംഗത്ത് ചില പ്രശ്‌നങ്ങൾ സർക്കാർ നേരിടുന്നുണ്ട്. ഇതിനൊരു പരിഹാരത്തിനായി സുപ്രീംകോടതിയെ സർക്കാർ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏഴര വർഷമായി 1,07,500 കോടി രൂപ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകാനുണ്ട്. ഇതിൽ നല്ലൊരു ശതമാനം തുകയും സംസ്ഥാനം ചെലവിട്ടു കഴിഞ്ഞതാണ്. നെല്ല് സംഭരണത്തിനായി സംസ്ഥാന സർക്കാർ പണം നൽകി കഴിഞ്ഞതാണ്. ഇതിൽ 700 കോടിയോളം രൂപ കേന്ദ്രത്തിൽനിന്ന്‌ ലഭിക്കാനുണ്ട്. കൃഷിക്കാർക്ക് കൃത്യമായി പണം നൽകണമെന്നും ക്ഷേമപെൻഷനുകൾ മുടങ്ങരുതെന്നും തന്നെയാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ, നൽകാനുള്ള പണം നൽകാതെ കേരളത്തിന്റെ ഭാവി വികസനം തടയുകയാണ് കേന്ദ്രം ചെയ്യുന്നത്. ഇക്കാര്യങ്ങൾ യോഗത്തിൽ പങ്കെടുത്തവരുമായി ചർച്ച ചെയ്യാൻ സാധിച്ചു. നാടിന്റെ പുരോഗതിക്കുതകുന്ന വിലപ്പെട്ട നിർദേശങ്ങളാണ് യോഗത്തിലുയർന്നത്. അവ സഗൗരവം പരിഗണിച്ച് ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊള്ളും.

(നവകേരള സദസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തൽ, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്)

Also read:കെപി അപ്പൻ്റെ 15-ആം ചരമവാർഷികം; അനുസ്മരണ സമ്മേളനം എംഎ ബേബി ഉദ്ഘാടനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News