കിഴക്കിന്റെ വെനീസ് മുഖം മാറും; ആലപ്പുഴയുടെ വികസനത്തിന് സമഗ്ര പദ്ധതിയുമായി സർക്കാർ

ആലപ്പുഴ ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരള സദസ്സ് പത്തനംതിട്ട ജില്ലയിൽ കടന്നിരിക്കുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും നടന്ന പ്രഭാതയോഗങ്ങളിൽ ആലപ്പുഴയിലെ വിവിധ വികസന പദ്ധതികളും ജനക്ഷേമവും വിശദമായി ചർച്ച ചെയ്യുകയുണ്ടായി. ക്രിയാത്മകമായ അനവധി നിർദേശങ്ങളും പുതിയ ആശയങ്ങളും പ്രതിനിധികൾ അവതരിപ്പിച്ചു. നാടിന്റെ പുരോഗതിക്കായി

ജനങ്ങളും സർക്കാരും ഒത്തുചേരുന്ന മനോഹരമായ അനുഭവമാണ് നവകേരള സദസ്സ് മറ്റെല്ലായിടത്തുമെന്നപോലെ ആലപ്പുഴയിലും സമ്മാനിച്ചത്. ആലപ്പുഴയുടെ വ്യവസായ വികസനത്തിനായി നിരവധി പദ്ധതികളാണ് കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. അന്താരാഷ്ട്ര നിലവാരത്തിൽ മത്സ്യോൽപ്പന്നങ്ങളുടെ സംസ്കരണവും സംഭരണവും സാധ്യമാക്കുന്ന മെഗാ സീ ഫുഡ് പാർക്ക് 2023 ഏപ്രിലിലാണ് പ്രവർത്തനം ആരംഭിച്ചത്. പള്ളിപ്പുറം വ്യവസായവികസന കേന്ദ്രത്തിൽ വ്യവസായ വകുപ്പിന്റെ 84.05 ഏക്കറിൽ 128.49 കോടി രൂപ ചെലവഴിച്ചാണ് പാർക്ക് സ്ഥാപിച്ചത്. ഇതിൽ 72.49 കോടി രൂപ സംസ്ഥാന സർക്കാരിൽനിന്നുള്ള വിഹിതവും 50 കോടി രൂപ കേന്ദ്ര സഹായവും ആറ് കോടി രൂപ വായ്പയുമാണ്. യൂണിറ്റുകൾ പൂർണമായി പ്രവർത്തനക്ഷമമാകുമ്പോൾ 1000 കോടി രൂപയുടെ നിക്ഷേപവും 3000 തൊഴിലവസരവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also read:പതിനഞ്ച് വര്‍ഷത്തെ ബന്ധം; ദുബായില്‍ കണ്ടുമുട്ടി അശ്വതിയും വീണ നായരും

ഉയർന്നുകേറുന്ന പാചകവാതക വിലയ്ക്ക് പരിഹാരമാകുന്ന സിറ്റി ഗ്യാസ് പദ്ധതി ആലപ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ ചേർത്തല തങ്കി കവലയ്ക്കു സമീപമുള്ള ജില്ലയിലെ ആദ്യ പ്ലാന്റിലൂടെ വയലാർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ചേർത്തല നഗരസഭയിലെ 20 വാർഡിലും തണ്ണീർമുക്കത്ത് രണ്ട് വാർഡിലും കഞ്ഞിക്കുഴിയിലും മണ്ണഞ്ചേരിയിലുമായി ഏഴു വാർഡിലും പാചകവാതകം എത്തിക്കുന്നു. 75,000 കണക്‌ഷൻ നൽകാൻ ശേഷിയുള്ള പ്ലാന്റാണ് തങ്കി കവലയിൽ സ്ഥാപിച്ചിരിക്കുന്നത്.

ആലപ്പുഴയുടെ ഭൂപ്രകൃതിയിൽ തീരദേശ വികസനം, മത്സ്യബന്ധനം തുടങ്ങിയവയ്ക്കുള്ള പ്രാധാന്യം വലുതാണ്. തീരദേശവാസികൾ കാലങ്ങളായി നേരിട്ടിരുന്ന കടലാക്രമണം എന്ന ദുരിതത്തിന് ശാശ്വത പരിഹാരമായി ടെട്രാപോഡുകൾ വ്യാപകമായി സ്ഥാപിച്ചു വരികയാണ്. ജില്ലയിലെ കടലാക്രമണം രൂക്ഷമായ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, പതിയാങ്കര, അമ്പലപ്പുഴ, പുന്നപ്ര, കാട്ടൂർ, ഒറ്റമശേരി തുടങ്ങിയ പ്രദേശങ്ങളിലാണ് ടെട്രാപോഡുകൾ സ്ഥാപിക്കുന്നത്. കിഫ്ബി ഫണ്ടിൽനിന്ന്‌ 175.4 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്.മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക ലാഭം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് പരീക്ഷണാടിസ്ഥാനത്തിൽ മത്സ്യബന്ധനത്തിനുള്ള ഔട്ട് ബോർഡ് എൻജിന്റെ ഇന്ധനം മണ്ണെണ്ണയിൽനിന്ന്‌ എൽപിജിയിലേക്ക് മാറ്റുന്നതിന് തുടക്കമിട്ടു. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്. ഇതിന്റെ സംസ്ഥാനതല പരീക്ഷണം ആലപ്പുഴ ഓമനപ്പുഴ കടപ്പുറത്തായിരുന്നു. എൽപിജിപോലുള്ള സമാന്തര ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിലൂടെ മത്സ്യബന്ധനത്തിനുള്ള ഇന്ധനച്ചെലവിൽ 65 ശതമാനംവരെ കുറവ് ലഭിക്കുമെന്നാണ് കണക്ക്. മണ്ണെണ്ണയുടെ വിലയിലുണ്ടാകുന്ന വർധനയുടെ ഭാരം മത്സ്യത്തൊഴിലാളികളിൽനിന്ന് എടുത്തു മാറ്റുകയെന്ന ലക്ഷ്യവുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്.

കഴിഞ്ഞ വർഷം 18230.84 മെട്രിക് ടൺ നെല്ലാണ് സർക്കാർ ജില്ലയിൽനിന്ന്‌ സംഭരിച്ചത്. ഓണത്തിന് ജില്ലയിൽ കൃഷി വകുപ്പിന്റെ 80 കർഷകച്ചന്ത പ്രവർത്തിച്ചു. ഹോർട്ടികോർപ്പിന്റെ 53, വിഎഫ്പിസികെയുടെ 12 വിപണികളും കുടുംബശ്രീയുടെ വിപണികളും ഒരുക്കിയിരുന്നു. കർഷകർ ഉൽപ്പാദിപ്പിച്ച ഗുണമേന്മയുള്ള നാടൻ ഉൽപ്പന്നങ്ങൾക്ക് കർഷകച്ചന്തകളിൽ പ്രത്യേക പരിഗണന നൽകി. വിപണിവിലയേക്കാൾ 10 ശതമാനം അധികം നൽകി കർഷകരിൽനിന്ന് കാർഷികോൽപ്പന്നങ്ങൾ വാങ്ങി വിപണി നിരക്കിനേക്കാൾ 30 ശതമാനം വിലകുറച്ച് വിതരണം ചെയ്തു. കൃഷി വകുപ്പിന്റെ ഓണച്ചന്തകളിലൂടെ ജില്ലയിൽ 44.35 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി. കർഷകരിൽനിന്ന് നേരിട്ടും ഹോർട്ടികോർപ്‌ വഴിയും സംഭരിച്ച പച്ചക്കറികളിൽ 71.189 ടൺ വിറ്റഴിച്ചു. ഇതിലൂടെ 34.04 ലക്ഷം രൂപയുടെ വരുമാനം നേടി. പ്രാദേശിക കർഷകരിൽനിന്ന്‌ സംഭരിച്ച നാടൻ പച്ചക്കറികളാണ് ചന്തയിൽ വിറ്റത്. എല്ലാ കൃഷിഭവനുകളിലും ഓണച്ചന്ത പ്രവർത്തിച്ചു. വിഎഫ്പിസികെയിലൂടെ 20.69 ടൺ വിറ്റഴിച്ചു. 10.31 ലക്ഷംരൂപ വരുമാനം നേടി.

Also read:സംസ്ഥാനത്ത് അതിശക്ത മ‍ഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കഞ്ഞിക്കുഴി പയറും സൂര്യകാന്തി കൃഷിയും മില്ലറ്റ് കൃഷിയും ചില ഉദാഹരണങ്ങൾമാത്രം. ഫ്ലോറ്റിങ് കൃഷി, മില്ലറ്റ് കൃഷി, സൂര്യകാന്തി കൃഷി തുടങ്ങി ഇസ്രയേൽ കൃഷി രീതിവരെ ഇപ്പോൾ ജില്ലയിലുണ്ട്. കരപ്പുറം വിഷൻ 2026 പദ്ധതി മണ്ഡലത്തിനു കീഴിലെ എട്ട് തദ്ദേശഭരണ സ്ഥാപനങ്ങളിലായി നടപ്പാക്കി വരുന്നു. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ശുചിത്വ മണ്ഡലമാണ് ആലപ്പുഴ. 2023 ജൂണിലാണ് ആലപ്പുഴയെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ ശുചിത്വ മണ്ഡലമായി പ്രഖ്യാപിച്ചത്. നിർമല ഭവനം നിർമല നഗരം 2.0, അഴകോടെ ആലപ്പുഴ പദ്ധതികൾ ആസൂത്രണംചെയ്ത് ഓരോ ഘട്ടവും കൃത്യമായി നടപ്പാക്കിയാണ് ഖരമാലിന്യ സംസ്കരണത്തിൽ സമ്പൂർണ ശുചിത്വ നഗരം എന്ന പദവിയിലേക്ക് ആലപ്പുഴ നഗരസഭ എത്തിച്ചേർന്നത്. സംസ്ഥാന സർക്കാരിന്റെ വലിച്ചെറിയൽമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ഖരമാലിന്യ സംസ്കരണരംഗത്ത് ശാസ്ത്രീയവും ദിശാബോധവുമുള്ള പ്രവർത്തനങ്ങളിലൂടെയാണ് നഗരസഭ ഈ ലക്ഷ്യം കൈവരിച്ചത്.നഗരസഭയുടെ പഴയ മാലിന്യസംസ്കരണ കേന്ദ്രമായ സർവോദയപുരത്തെ ബയോമൈനിങ്‌ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. 12 ഏക്കറിലായി പരന്നുകിടക്കുന്ന പ്ലാന്റിൽ 50 ശതമാനം മാലിന്യം വേർതിരിക്കൽ പ്രവൃത്തികളും പൂർത്തിയായി. 2022––23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ നഗരസഭ, ശുചിത്വ മിഷന്റെ സഹായത്തോടെ 3.7 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ആരോഗ്യമേഖലയിൽ മികവുറ്റ നേട്ടം കൈവരിക്കാൻ ആലപ്പുഴയ്ക്കായി. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി എന്നത് ജില്ലയുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. കേന്ദ്ര സംസ്ഥാന വിഹിതങ്ങൾ ചേർത്ത് 173 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിടം നിർമിക്കാൻ സർക്കാരിനു സാധിച്ചു. 30 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഗൈനക്കോളജി വിഭാഗം കെട്ടിടത്തിന്റെ പണികൾ അവസാനഘട്ടത്തിലാണ്.

ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് കരുത്തേകാൻ സജ്ജമായി ജനറൽ ആശുപത്രിയിൽ പുതിയ കെട്ടിടം ഒരുങ്ങുന്നു. 117 കോടി രൂപയുടെ അത്യാധുനിക ഒപി ബ്ലോക്കിൽ വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കി വരുന്നത്. 1.25 ലക്ഷം സ്ക്വയർ മീറ്റർ വിസ്തീർണമുള്ള അത്യാധുനിക സംവിധാനമുള്ള ഏഴുനില കെട്ടിടമാണ് ഒരുങ്ങുന്നത്. നൂറനാട് 40.30 കോടി നബാർഡ് ഫണ്ട് ഉപയോഗിച്ച് 23 കോടി രൂപയിൽ ലെപ്രസി സാനിറ്റോറിയത്തിന് പുതിയ കെട്ടിടം പണിതു. ഇവിടെ ആർട്ടിഫിഷ്യൽ ലിംബ് യൂണിറ്റ് നിർമാണവും ആരംഭിച്ചു.

കായംകുളം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തന സജ്ജമായി. മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഐസിയു വെന്റിലേറ്റർ സൗകര്യങ്ങൾ സജ്ജീകരിച്ചു. ഓപ്പറേഷൻ തിയറ്റർ നവീകരിച്ചു. നേത്രരോഗ വിഭാഗം തിയറ്റർ, ലേസർ ചികിത്സ ഉപകരണം ഉൾപ്പെടെ ലഭ്യമാക്കി. തുറവൂർ താലൂക്ക് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ഡയാലിസിസ് യൂണിറ്റ്, മാതൃയാനം പദ്ധതി, ഗൈനക്കോളജി വാർഡ് തുടങ്ങിയവ ആരംഭിക്കാനായി. ആർദ്രം പദ്ധതി ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ തുടർച്ചയായി ജില്ലയിൽ 41 പ്രാഥമികാരോഗ്യ കേന്ദ്രത്തെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. അഞ്ച് സാമൂഹ്യാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് ലെവൽ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയും ഉയർത്തി. ഇത്തരത്തിൽ ജില്ലയുടെ വികസനത്തിലും സാമൂഹ്യപുരോഗതിയിലും അഭൂതപൂർവമായ വളർച്ചയാണ് ഇക്കാലയളവിൽ ഉണ്ടായത്. അവയെ കൂടുതൽ മികവിലേക്കുയർത്താൻ ആവശ്യമായ ദിശാബോധം സൃഷ്ടിക്കാൻ നവകേരള സദസ്സിനു സാധിച്ചു.

(നവകേരള സദസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തൽ, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News