നവകേരള സദസ് ചരിത്രത്തിലെ അത്യപൂർവ അധ്യായമായി മാറി; മുഖ്യമന്ത്രി എഴുതുന്നു

സംസ്ഥാനത്തിന്റെ വടക്കേയറ്റമായ മഞ്ചേശ്വരംമുതൽ തെക്കേ അറ്റത്തെ പാറശാലവരെയുള്ള യാത്ര മുപ്പത്തിയാറ് ദിവസംകൊണ്ട് സംസ്ഥാന മന്ത്രിസഭ പൂർത്തിയാക്കിയിരിക്കുകയാണ്. “നവകേരള സദസ്സ്’ എന്ന ജനകീയ സംവാദ പരിപാടി ജനാധിപത്യ ഭരണനിർവഹണ ചരിത്രത്തിലെ അത്യപൂർവമായ അധ്യായമായി മാറി. വട്ടിയൂർക്കാവ്, തിരുവനന്തപുരം നിയോജകമണ്ഡലങ്ങളുടെ സംയുക്ത സമ്മേളനത്തോടെയാണ് പര്യടനം സമാപിച്ചത്. സമാപന ദിവസം ഇടപ്പഴഞ്ഞി ആർഡിആർ കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാതയോഗത്തിൽ തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം, കോവളം മണ്ഡലങ്ങളിൽനിന്ന് ക്ഷണിക്കപ്പെട്ടവർ പങ്കെടുത്തു.

Also read:ചേര്‍ത്തലയില്‍ 13കാരനെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഉതകുന്ന നിരവധി നിർദേശങ്ങൾ യോഗത്തിൽ ഉയർന്നു. നവകേരള സദസ്സ്‌ ഏറെ അഭിനന്ദനാർഹവും മികച്ചതുമാണെന്ന്‌ പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി അഭിപ്രായപ്പെട്ടു. മദ്യ,- മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള ഇടപെടൽ കൂടുതൽ ശക്തമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിൽ സർക്കാരിന്റെ പ്രവർത്തനം ശക്തമാണെന്ന്‌ മറുപടിയായി പറഞ്ഞു. ആഗോള കാലാവസ്ഥാ വ്യതിയാനത്തിൽ കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നം പഠിക്കാൻ സമിതിയെ വയ്‌ക്കണമെന്ന്‌ പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ അഭിപ്രായപ്പെട്ടു. ഈ വിഷയം അതീവ ഗൗരവത്തോടെയാണ്‌ സംസ്ഥാനം കാണുന്നതെന്നും കമീഷനെ നിയോഗിച്ചിട്ടുണ്ടെന്നും മറുപടി നൽകി. കായികതാരങ്ങൾക്ക്‌ ജോലി നൽകുന്ന സർക്കാർ നടപടിയെ ബോക്‌സിങ് താരം ലേഖ അഭിനന്ദിച്ചു.

Also read:തൃശൂർ പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ക്ഷേമപ്രവർത്തനം നന്നായി മുന്നോട്ടുകൊണ്ടുപോകണമെന്ന്‌ വെട്ടുകാട് പള്ളി വികാരി ഫാ. എഡിസൺ പറഞ്ഞു. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രയാസം ഇല്ലാതാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന്‌ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ടീച്ചേഴ്‌സ് സർവീസ് കമീഷൻ സ്ഥാപിക്കണമെന്ന ആശയം പ്രൊഫ. ഉമ്മൻ വർഗീസ് മന്നോട്ടുവച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോ വിപുലീകരിച്ച്‌ തിരുവനന്തപുരത്തെ ഇന്ത്യയുടെ ചലച്ചിത്ര ആസ്ഥാനമാക്കണമെന്ന്‌ പ്രശസ്ത സംവിധായകൻ ഷാജി എൻ കരുൺ നിർദേശിച്ചു. ചിത്രാഞ്ജലിയുടെ വിപുലീകരണത്തിന് 150 കോടിയുടെ പദ്ധതി സർക്കാർ ആവിഷ്‌കരിച്ചെന്ന്‌ വ്യക്തമാക്കി.

കേരളീയത്തിലും നവകേരള സദസ്സിലും ലഭിച്ച നിർദേശങ്ങൾ നടപ്പാക്കാൻ പ്രത്യേക സംവിധാനം സജ്ജമാക്കണമെന്ന്‌ മുൻ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാർ നിർദേശിച്ചു. ഇതു നല്ല അഭിപ്രായമാണെന്നും ഇതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും പ്രതികരിച്ചു. തിരുവനന്തപുരം ടെക്‌നോപാർക്കിലേക്ക്‌ കൂടുതൽ മൾട്ടിനാഷണൽ കമ്പനികളെ കൊണ്ടുവരാനുള്ള ശ്രമം നടത്തണമെന്ന് അവിടത്തെ ജീവനക്കാരുടെ സംഘടന ‘പ്രതിധ്വനി’യുടെ പ്രതിനിധി രാജീവ് കൃഷ്ണൻ അഭിപ്രായപ്പെട്ടു. കെ–- -റെയിൽ നടപ്പാക്കണമെന്നും കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകർക്ക്‌ സ്റ്റോപ്പ് അനുവദിക്കാനുള്ള ഇടപെടൽ നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

Also read:മന്ത്രിസഭാ പുനഃസംഘടന; ഇടതുമുന്നണി യോഗം ഇന്ന്

നല്ല പൗരന്മാരെ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഭാവി സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അത്യന്താപേക്ഷിതമാണെന്ന് സംഗീതജ്ഞ ഓമനക്കുട്ടി ടീച്ചർ ചൂണ്ടിക്കാട്ടി. ഗാർഹിക സോളാർ പദ്ധതിക്ക്‌ കൂടുതൽ പ്രാധാന്യം നൽകണമെന്ന്‌ മാധ്യമപ്രവർത്തകൻ ദീപു രവി അഭിപ്രായപ്പെട്ടു. നവകേരള സദസ്സിന്റെ മാതൃകയിൽ മന്ത്രിമാർ മാസത്തിലൊരിക്കൽ പൊതുജനങ്ങളുമായി സംവദിക്കുന്ന സദസ്സ്‌ തുടരണമെന്നായിരുന്നു വലിയപള്ളി ജമാഅത് പ്രസിഡന്റ് മണക്കാട് ഖാദറിന്റെ നിർദേശം. സർക്കാർ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ തയ്യാറായത് അഭിമാനത്തോടെ കാണുന്നെന്ന്‌ നടൻ ഇന്ദ്രൻസ് പറഞ്ഞു. ലൈഫ് മിഷൻ പദ്ധതി മാതൃകാപരമാണെന്ന്‌ പത്മശ്രീ ഡോ. ജി ശങ്കർ പറഞ്ഞു.

കൂടുതൽ ആളുകളെ തിയറ്ററിലെത്തിക്കാൻ തിയറ്റർ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണമെന്ന്‌ നടൻ സുധീർ കരമന നിർദേശിച്ചു. കലാകാരന്മാരെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അത്യാവശ്യ സന്ദർഭങ്ങളിൽ സഹായത്തിനുള്ള ഫാസ്റ്റ് ട്രാക് സംവിധാനം സജ്ജമാക്കണമെന്നായിരുന്നു നർത്തകി താരാ കല്യാണിന്റെ നിർദേശം. ടൂറിസം മേഖലയിലെ പ്രവർത്തനം ഊർജിതമായി മുന്നോട്ടുകൊണ്ടുപോകണമെന്ന്‌ ഇ എൻ നജീബ് പറഞ്ഞു. നാടിന്റെ മുന്നോട്ടു പോക്കിന്‌ കൂടുതൽ ഊർജസ്വലതയോടെ മുന്നേറാനുള്ള ജനപിന്തുണയാണ് ഈ ബഹുജന സംവാദ പരിപാടിയിലൂടെ സർക്കാർ തേടിയത്. ഈ അനുഭവം, തുടർന്നുള്ള മുന്നേറ്റത്തിന് കരുത്ത്‌ പകരും.

(നവകേരള സദസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തൽ, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News