കൊല്ലത്തിന്റെ സമഗ്ര വികസന കാഴ്‌ചപ്പാടുമായി നവകേരള സദസ്

നവകേരള സദസ്സിന്റെ ചൊവ്വാഴ്‌ചത്തെ പ്രഭാതയോഗം ചേർന്നത് കൊല്ലത്തായിരുന്നു. പുരോഗമന രാഷ്‌ട്രീയത്തിന്റെ ചരിത്രം ഇന്നും ത്രസിക്കുന്ന കൊല്ലത്ത് നടന്ന സംവാദം നവകേരള സൃഷ്ടിക്കുതകുന്ന ആശയങ്ങളാൽ സമ്പന്നമായി. പരമ്പരാഗത വ്യവസായങ്ങളുടെ ഈറ്റില്ലമാണ് കൊല്ലം. പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ കൊല്ലത്ത്‌ ടൂറിസം വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. വ്യവസായമേഖലയിലും വൻ മാറ്റങ്ങളാണ് ഏഴു വർഷക്കാലയളവിൽ ഉണ്ടായത്. നാടിനെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും ധാരാളം വികസന സ്വപ്നങ്ങൾ ഉള്ളവരാണ് കേരളീയർ. അങ്ങനെയുള്ളവരുടെ പരിച്ഛേദമാണ് പ്രഭാതയോഗത്തെ സമ്പന്നമാക്കുന്നത്. ഒട്ടേറെ നിർദേശങ്ങളും അഭിപ്രായങ്ങളും നവകേരള സദസ്സിലും അനുബന്ധിച്ചുള്ള പ്രഭാതയോഗങ്ങളിലും ഉയർന്നിട്ടുണ്ട്. അവയെല്ലാം അർഹിക്കുന്ന പരിഗണനയോടെ പരിശോധിക്കുകയും തുടർനടപടികൾ കൈക്കൊള്ളുകയും ചെയ്യും.

Also Read: ‘പാവപ്പെട്ടവരെ കൂടുതൽ പട്ടിണിയിലേക്കും സമ്പന്നരെ അതിസമ്പന്നതയിലേക്ക് എത്തിക്കുന്നതുമാണ് കേന്ദ്ര നയം’: മുഖ്യമന്ത്രി

വികസനം എല്ലാവരിലേക്കും എത്തിക്കുകയാണ് സർക്കാർ പ്രവർത്തനങ്ങളുടെ കാതൽ. അത്‌ തുടർപ്രക്രിയയാക്കി മാറ്റുന്നതിനാണ് ജനാഭിപ്രായം തേടുന്നത്. വിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച സ്വപ്നതുല്യമായ നേട്ടങ്ങൾ ചർച്ചാ വിഷയമായി. പൊതുവിദ്യാലയങ്ങളിലേക്ക്‌ കുട്ടികൾക്ക് പ്രവേശനം നേടാൻ രക്ഷിതാക്കൾ മത്സരിക്കുന്ന അവസ്ഥയിലേക്ക്‌ കേരളത്തിലെ വിദ്യാലയങ്ങളുടെ നിലവാരം ഉയർത്താൻ നമുക്ക് സാധിച്ചു. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിജയമാണത്.

വിദ്യാഭ്യാസമേഖലയിൽ ലത്തീൻ കത്തോലിക്കാ വിഭാഗക്കാർക്ക് നാല് ശതമാനം സംവരണം നടപ്പാക്കണം എന്ന ആവശ്യമാണ് കൊല്ലം ബിഷപ്‌ പോൾ ആന്റണി മുല്ലശേരി ഉന്നയിച്ചത്. തീരദേശമേഖലയിൽ സമഗ്രവികസനമാണ് ഏഴര വർഷത്തിൽ ഉണ്ടായതെന്ന് മത്സ്യത്തൊഴിലാളിയായ ഷാജി സെബാസ്റ്റ്യൻ പറഞ്ഞു. 86 ഡോക്ടർമാരാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽനിന്ന് ഉയർന്നുവന്നത്. ഈ വർഷം രണ്ടു കുട്ടികളെ സൗജന്യമായി വിദേശ പഠനത്തിനും അയക്കാൻ സാധിച്ചു. മേഖലയുടെ ഉന്നമനത്തിനായി തുടർപ്രവർത്തനം ഉണ്ടാകുമെന്ന ഉറപ്പ് യോഗത്തിൽ നൽകി.

കാസ്പ് പദ്ധതിയുടെ സാമ്പത്തിക സഹായം വേഗത്തിൽ ലഭ്യമാക്കണമെന്ന് എസ്എൻഡിപി കൊല്ലം യൂണിയൻ സെക്രട്ടറി എൻ രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ സൗജന്യചികിത്സ നൽകുന്ന സംസ്ഥാനമായി കേരളം തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാ പരിരക്ഷകൾ നൽകുന്നത് കൂടുതൽ മികച്ച രീതിയിൽ തുടരും. നാലു വർഷത്തിൽ ചികിത്സാ ധനസഹായം സർക്കാർ ഇരട്ടിയാക്കി. സൗജന്യ ചികിത്സയ്ക്കായി 1600 കോടിയാണ് സർക്കാർ മുടക്കുന്നത്.

Also Read: കേരളത്തിൽ കൺസ്യൂമർഫെഡ്‌ ക്രിസ്‌മസ്‌, പുതുവത്സര ചന്തകൾ തുറക്കും

ജില്ലയിൽ ലളിതകലാ അക്കാദമി ഗ്യാലറി ആരംഭിക്കണമെന്ന കലാകാരനായ ഷജിത്തിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കും. സൂക്ഷ്മതയോടെയും ജാഗ്രതയോടെയും സാംസ്‌കാരിക സ്ഥാപനങ്ങളെ പ്രവർത്തിപ്പിക്കാനുള്ള നടപടിയാണ് സംവിധായിക വിധു വിൻസെന്റ് ആവശ്യപ്പെട്ടത്. സാംസ്കാരിക മേഖലയുടെ വളർച്ചയ്ക്കായി കൂടുതൽ കാര്യക്ഷമമായ നടപടികൾ സർക്കാർ സ്വീകരിക്കും. ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റി പ്രതിനിധി കൽപ്പന സർക്കാർ നൽകിവരുന്ന പിന്തുണയിൽ നന്ദി അറിയിച്ചു. സർക്കാർജോലിയിൽ രണ്ട് ശതമാനം സംവരണം നടപ്പാക്കണമെന്ന അഭ്യർഥനയും അവർ നടത്തി. വോട്ടർപട്ടികയിൽ മൂന്നാം ലിംഗം എന്നതു മാറ്റി ട്രാൻസ്‌ജെൻഡർ എന്നാക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കും.

കയർ, കൈത്തറി, കശുവണ്ടി മേഖലയുടെ പുനരുദ്ധാരണമാണ് കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ രാമഭദ്രൻ ആവശ്യപ്പെട്ടത്. കട്ടിങ്‌, ഷെല്ലിങ്‌ വിഭാഗത്തിൽ കൂടുതൽ തൊഴിലാളികളെ നിയമിക്കണമെന്നും തൊഴിൽദിനങ്ങൾ വർധിപ്പിക്കണമെന്നും കശുവണ്ടി തൊഴിലാളിയായ സരോജിനിയമ്മ ആവശ്യപ്പെട്ടു. ഫാക്ടറികൾ പൂട്ടിയിടുകയും തൊഴിലാളികൾ പട്ടിണി കിടക്കുകയും ചെയ്ത ഘട്ടത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റതാണ് നമ്മുടെ കശുവണ്ടിമേഖല. 2015-–-16-ൽ വെറും 56 ദിവസം മാത്രമായിരുന്നു കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിച്ചത്. അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ തുറക്കുമെന്ന വാഗ്ദാനം 2016ൽ അധികാരത്തിലെത്തിയ ഉടൻ സർക്കാർ നിറവേറ്റി. വ്യവസായത്തിന്റെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള ഒട്ടേറെ നടപടികൾ സ്വീകരിച്ചു. അടിസ്ഥാന സൗകര്യവികസനത്തിലും നവീകരണത്തിലും ഒട്ടേറെ നടപടികളുണ്ടായി. തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിനും കേരളത്തിൽനിന്ന് നാടൻ തോട്ടണ്ടി സംഭരിക്കുന്നതിനും കാഷ്യൂ ബോർഡ്‌ രൂപീകരിച്ചു. ഇതുവഴി 2017 മുതൽ 63,061 മെട്രിക് ടൺ കശുവണ്ടി ഇറക്കുമതി ചെയ്യുകയും ഇതിനായി 639.42 കോടി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ഇനി 5000 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് 25 കോടി രൂപകൂടി അനുവദിച്ചിട്ടുണ്ട്. ഈ സാമ്പത്തികവർഷം 17,000 മെട്രിക് ടൺ ഇറക്കുമതി ചെയ്യാൻ 175 കോടി ചെലവഴിക്കും. കാഷ്യൂ ബോർഡ് രൂപീകരിച്ചശേഷമുള്ള ഏറ്റവും വലിയ വാർഷിക സംഭരണമാണിത്. വരും വർഷങ്ങളിൽ 30,000 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പഞ്ചായത്തുകൾ സൗജന്യ പിഎസ്‌സി ക്ലാസുകൾ തുടങ്ങണമെന്ന് പരിശീലകൻ ആർ എൽ പ്രദീപ് ആവശ്യപ്പെട്ടു. അഷ്ടമുടി ടൂറിസം വികസനത്തിന് പൂർണത കൈവരിക്കാൻ മാലിന്യനിർമാർജന സംവിധാനമാണ് വേണ്ടതെന്ന് ഡോ. നായേഴ്‌സ് ആശുപത്രി ഡയറക്ടർ ഡോ. മോഹനൻ നായർ പറഞ്ഞു. നഗര വികസനം ശാസ്ത്രീയമായ രീതിയിൽ നടത്തി അടിസ്ഥാന സൗകര്യവിപുലീകരണം നടത്തണമെന്ന് ടി എ മുഹമ്മദ് കുഞ്ഞ് സഖാഫി പറഞ്ഞു. വിദേശപഠനത്തിന് വായ്പ എടുക്കുന്ന വിദ്യാർഥികളുടെ സാമ്പത്തികസുരക്ഷയ്ക്ക് അനുയോജ്യമായ നടപടികളാണ് നിയമ വിദ്യാർഥി ആർ ഗൗരി അഭ്യർഥിച്ചത്. കരുനാഗപ്പള്ളിയിൽ ഓപ്പൺ ഗ്യാലറി സ്ഥാപിക്കണമെന്ന് എഴുത്തുകാരൻ വള്ളിക്കാവ് മോഹൻദാസ് ആവശ്യപ്പെട്ടു. ക്രേവൻ ഹൈസ്‌കൂൾ ഹയർ സെക്കൻഡറിയാക്കി മാറ്റണമെന്ന് ബിഷപ്‌ ഡോ. ഉമ്മൻ ജോർജ് പറഞ്ഞു.

പുതിയകാല കോഴ്‌സുകൾ ആരംഭിക്കാൻ അനുമതി നൽകണമെന്നാണ് ഫാത്തിമ മാതാ കോളേജ് പ്രിൻസിപ്പൽ സിന്ധ്യ കാതറിൻ അഭ്യർഥിച്ചത്. കൂടുതൽ പുതിയകാല കോഴ്സുകൾ ആരംഭിക്കുക എന്നതുതന്നെയാണ് സർക്കാരിന്റെ ലക്ഷ്യം. 2016-ൽ അന്നത്തെ എൽഡിഎഫ് അധികാരത്തിൽ വന്നതിനുശേഷം ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽമാത്രം പുതിയ 1278 കോഴ്സുകൾ ആരംഭിച്ചു. ഇതുവഴി 47,200-ൽ അധികം പുതിയ സീറ്റുകളാണ് സൃഷ്ടിക്കപ്പെട്ടത്.

തീരദേശപ്രദേശം സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്ന് അധ്യാപിക സ്മിത ജോൺ അഭ്യർഥിച്ചു. കഥാപ്രസംഗ കലയുടെ നൂറാം വാർഷിക ആഘോഷവേളയിൽ 100 കഥാപ്രസംഗങ്ങൾ അവതരിപ്പിക്കാനുള്ള ധനസഹായമായിരുന്നു ഡോ. വസന്തകുമാർ സാംബശിവന്റെ ആവശ്യം. മുണ്ടയ്‌ക്കൽ–- പരവൂർ തീരദേശപ്രദേശത്തെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമായി കടൽഭിത്തി നിർമിക്കണമെന്ന് ഫാ. റൊമൻസ് ആന്റണി അഭ്യർഥിച്ചു. കൃഷിക്കാരിൽനിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന് കർഷകതിലകം അവാർഡ് ജേതാവായ ബ്ലെയ്‌സി ജോർജ് അഭ്യർഥിച്ചു. യോഗത്തിൽ ക്ഷണിതാക്കൾ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുകയും അവയുടെ സാധ്യതകൾ വിശദമായി പരിശോധിക്കുകയും ചെയ്യും.

(നവകേരള സദസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തൽ, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News