നവകേരള സദസ്സില്‍ മന്ത്രി കെ രാധാകൃഷ്ണനെ കാണാന്‍ സരിഗ എത്തിയത് ഒരുപാട് ആവശ്യങ്ങളുമായാണ്. സര്‍ക്കാരിലുള്ള വിശ്വാസവും ജനങ്ങള്‍ക്ക് ലഭിക്കുന്ന കരുതലുമാണ് സരിഗയെ നവകേരള സദസ്സിന്റെ വേദിയിലെത്തിച്ചത്. കയറിക്കിടക്കാന്‍ ഇടമില്ല, സമ്പത്തില്ല, തലയില്‍ ലക്ഷങ്ങളുടെ ബാധ്യത, ബാങ്കിനെ ഭയക്കാതെ ജീവിക്കാന്‍ സഹായിക്കണം അങ്ങനെ നീളുന്നതായിരുന്നു ആവശ്യം. ബാങ്കുമായി സംസാരിച്ച് പരമാവധി ഇളവ് ലഭ്യമാക്കാന്‍ ശ്രമിക്കാമെന്നും പട്ടികജാതി വകുപ്പിന് പറ്റുന്ന സഹായങ്ങള്‍ ചെയ്യാമെന്നും മന്ത്രി ഉറപ്പുനല്‍കി.
ALSO READ‘ബിജെപി സ്വീകരിക്കുന്ന തെറ്റായ നയങ്ങളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനായില്ല’ : മുഖ്യമന്ത്രി
ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത നാലുലക്ഷം രൂപ അടവ് മുടങ്ങി എട്ടു ലക്ഷത്തോളമായി. അടിയന്തരമായി മുഴുവന്‍ അടച്ചുതീര്‍ക്കണമെന്ന ബാങ്കുകാരുടെ ഫോണ്‍ വിളി ദിവസവുമുണ്ട്. ജീവിതമാകെ വഴിമുട്ടിയ അവസ്ഥയിലാണ് നവകേരള സദസ്സില്‍ നിവേദനം നല്‍കാനെത്തിയത്. തുക ഗഡുക്കളായി അടയ്ക്കാന്‍ സാവകാശം അനുവദിക്കണമെന്നും പിഴ പരമാവധി കുറച്ചുനല്‍കണമെന്നുമാണ് ആവശ്യം.
പട്ടികജാതി വിഭാഗക്കാരിയായ പി സരിഗ 2012ലാണ് ഡോക്ടറേറ്റ് ഓഫ് ഫാര്‍മസി കോഴ്‌സിന് വായ്പയെടുത്തത്. 2018ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടി. എന്നാല്‍ കോവിഡ് വന്നതോടെ ജോലി ലഭിച്ചില്ല. ബാങ്കില്‍ തിരിച്ചടയ്ക്കാനുമായില്ല. ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ കാനഡയില്‍ പഠിക്കാനുള്ള അവസരം ലഭിച്ചിട്ടും വിസ നിഷേധിക്കപ്പെട്ടു.
ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 2005ല്‍ അച്ഛനും 2018ല്‍ അമ്മ സരോജിനിയും മരിച്ചു. അമ്മയുടെ ചികിത്സയും മറ്റ് ബാധ്യതകളുമൊക്കെയായി സ്വന്തം വീടും നഷ്ടമായി. ഇന്നിപ്പോള്‍ തലയ്ക്ക് മുകളില്‍ വന്‍ ബാധ്യതമാത്രമാണ് സരിഗയ്ക്കുള്ളത്. 2021ലാണ് ജോലി ലഭിച്ചത്. ഇതില്‍നിന്ന് ലഭിക്കുന്ന തുച്ഛമായ തുകയില്‍നിന്ന് ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല. സഹോദരി വിവാഹിതയാണ്. പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോടാണ് സ്വദേശം. വന്നാല്‍ സ്വന്തമായി കിടക്കാന്‍പോലും സ്ഥലമില്ലാത്തതിനാല്‍ എറണാകുളത്തെ ഹോസ്റ്റലിലാണ് താമസം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here