നവകേരളത്തിലേക്ക് കൈപിടിച്ച് ഒരുമയോടെ

നവകേരള സദസ്സുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രഭാതയോഗങ്ങൾ നാടിന്റെ വികസനവും പുരോഗതിയും തങ്ങളുടെ ഉത്തരവാദിത്വമായി ഹൃദയത്തോടു ചേർത്തു വയ്ക്കുന്നവരുടെ സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകുകയാണ്. കൊട്ടാരക്കരയിൽ തിങ്കളാഴ്ച നടന്ന പ്രഭാതയോഗവും ഇതിൽനിന്ന് വിഭിന്നമായിരുന്നില്ല. നിരവധി സാമൂഹ്യപ്രശ്നങ്ങൾ അവിടെ ചർച്ച ചെയ്തു. വികസനത്തിനും സാമൂഹ്യക്ഷേമത്തിനും ഉതകുന്ന ആശയങ്ങൾ പങ്കുവയ്ക്കപ്പെട്ടു. സർക്കാരിനെ സംബന്ധിച്ച് നവകേരളത്തിനായുള്ള പരിശ്രമത്തിന്‌ പുതിയ നിർദേശങ്ങളും ദിശാബോധവുമാണ് പകർന്നു കിട്ടുന്നത്.

ലഹരി ഉപയോഗത്തിലെ വർധന ചർച്ചയിൽ ഉയർന്ന ഒരു പ്രധാന വിഷയമായിരുന്നു. അക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ക്ഷണിതാക്കൾക്കു മുന്നിൽ വിശദമാക്കി. ലഹരിക്കടിമപ്പെടുന്നവരെ മോചിപ്പിക്കുന്ന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. വിദ്യാഭ്യാസ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും ലഹരിവിരുദ്ധ ക്യാമ്പയിൻ കൂടുതൽ ശക്തമാക്കും. മയക്കുമരുന്ന് മാഫിയകളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ കൂടുതൽ ഊർജിതമായിട്ടുണ്ട്. വിദ്യാലയങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും കരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തിന്റെ വർധന കുറയ്ക്കാൻ രക്ഷിതാക്കളും കുടുംബാംഗങ്ങളുംകൂടി മുൻകൈയെടുക്കണം.

Also read:‘എനിക്കൊരു ജോലിയില്ല’ ഇരുകൈകളും ഇല്ലാത്ത പ്രണവിന് സെക്കന്റുകൾക്കുള്ളിൽ ജോലി നൽകി എം എ യൂസഫലി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ ഉണ്ടായ മികവ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകണമെന്ന് യോഗത്തിൽ പങ്കെടുത്ത പ്രൊഫ. തോമസ് കുട്ടി ആവശ്യപ്പെട്ടു. കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. പുറത്തുനിന്നുള്ള വിദ്യാർഥികളെ ആകർഷിക്കുംവിധത്തിലുള്ള പാഠ്യപദ്ധതികൾ ആവിഷ്‌കരിക്കും. നാക് ഉൾപ്പെടെ നടത്തുന്ന ഗുണനിലവാര പരിശോധനകളിൽ കേരളത്തിലെ സർവകലാശാലകളും കോളേജുകളും മികച്ച കുതിപ്പാണ് നടത്തുന്നത്.

ദളിത് ക്രൈസ്തവരെ പട്ടികജാതി സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്ന് സെൽവിസ്റ്റർ പൊന്നു മുത്തൻ തിരുമേനി, ഫാദർ വൈ ലാലു യേശുദാസ് എന്നിവർ അഭ്യർഥിച്ചു. സമാന അഭിപ്രായമാണ് സർക്കാരിനുള്ളത്. പക്ഷേ, വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാർ ആണെന്ന വസ്തുത അറിയിച്ചു.

വളർന്നുവരുന്ന കുട്ടികളിൽ മാനവികതയുടെ രാഷ്ട്രീയം രൂപീകരിക്കാൻ ഉതകുന്ന പാഠ്യപദ്ധതികൾതന്നെയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് അതുമായി ബന്ധപ്പെട്ട് കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വിശദമാക്കി. കായികതാരങ്ങൾക്ക് പരിശീലനത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടത് സംസ്ഥാന ദേശീയ വോളിബോൾ താരമായ സൂര്യയാണ്. അർഹരായവർക്ക് ജോലി ഉൾപ്പെടെ നൽകുന്നുണ്ട്. പിന്തുണ നൽകുന്നത് തുടരും.

Also read:ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനർ എഴുത്ത് മത്സരം സംഘടിപ്പിച്ച് മഹാരാജാസ് കോളേജ്

കശുവണ്ടി മേഖല, സ്റ്റാർ ഹോട്ടൽ നടത്തിപ്പിലെ പ്രശ്‌നങ്ങൾ എന്നിവ വ്യവസായി കെ അനിൽകുമാർ ചൂണ്ടിക്കാട്ടി. സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ മികച്ച ഇടപെടലുകളാണ് നടത്തിയത്. ബാങ്കും ഫാക്ടറി ഉടമകളുമായുള്ള പ്രശ്‌നപരിഹാരത്തിന് ഇടപെടൽ നടത്തിയതിലൂടെ കുറെ മാറ്റങ്ങൾ ഉണ്ടായി. തുടർന്നും സ്വകാര്യ ഫാക്ടറികളെ സംരക്ഷിക്കാൻ എല്ലാ പിന്തുണയും സർക്കാർ നൽകും.

കിഴക്കൻ മേഖലയിലെ തോട്ടംതൊഴിലാളികളുടെ പ്രശ്‌നങ്ങൾ ജോജു തരകൻ അവതരിപ്പിച്ചു. വന്യമൃഗശല്യം അടിയന്തരമായി പരിഹരിക്കണമെന്നും തോട്ടംമേഖലയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. തോട്ടംമേഖലയിലെ പ്രതിസന്ധികൾക്ക് ഇളവുകളും പരിഷ്‌കാരങ്ങളും വേണമെന്ന നിലപാടിനോട് സർക്കാർ യോജിക്കുന്നു. ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം.

കേരള കലാമണ്ഡലത്തിന്റെ അധ്യാപകനിയമനം, പുരോഗതി എന്നിവ സംബന്ധിച്ച് ഭാവിയിൽ കൂടുതൽ നടപടി സ്വീകരിക്കുമെന്നും പൂർണ സർവകലാശാല പദവി നൽകുന്നതു സംബന്ധിച്ച് പഠനം നടക്കുകയാണെന്നും അധ്യാപികയായ കലാമണ്ഡലം രേഖ രാമകൃഷ്ണൻ ഉന്നയിച്ച വിഷയത്തിനുള്ള മറുപടിയിൽ വ്യക്തമാക്കി. കായിക ഇനമായ ചെസ് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തണമെന്ന് നഹന സമീർ ആവശ്യപ്പെട്ടു. ചെസ് പോലുള്ള കായിക ഇനങ്ങൾക്ക് നൽകുന്ന പ്രോത്സാഹനം സർക്കാർ കൂടുതൽ ശക്തമാക്കും. ക്യൂബൻ സഹകരണത്തോടെ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത് ഈ ഉദ്ദേശ്യത്തോടെയാണ്.

വയോജന സൗഹൃദമായ സാഹചര്യം പൊതുഇടങ്ങളിൽ സൃഷ്ടിക്കുമെന്ന് ഫാദർ ഷിബു സാമുവലിനുള്ള മറുപടിയിൽ വിശദീകരിച്ചു. കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്ക് പരിഹാരത്തിനായി ഫ്‌ളൈ ഓവർ നിർമിക്കണമെന്ന ആവശ്യം ബിഷപ് ജെയ്‌സൺ ജി ഉമ്മൻ യോഗത്തിൽ ഉന്നയിച്ചു. ചില്ലറ വ്യാപാര രംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാരിനു കീഴിൽ വ്യാപാരമന്ത്രാലയം രൂപീകരിക്കണമെന്ന് വ്യവസായി ദേവരാജൻ ആവശ്യപ്പെട്ടു.

Also read:‘എനിക്കൊരു ജോലിയില്ല’ ഇരുകൈകളും ഇല്ലാത്ത പ്രണവിന് സെക്കന്റുകൾക്കുള്ളിൽ ജോലി നൽകി എം എ യൂസഫലി

സാംസ്‌കാരിക സ്ഥാപനങ്ങൾ ഏകോപിപ്പിക്കുന്നതിന് കൾച്ചറൽ ലിറ്ററസി മിഷൻ രൂപീകരിക്കണമെന്ന് കേരള കലാമണ്ഡലം വിസി ഡോ. ബി അനന്തകൃഷ്ണൻ പറഞ്ഞു. വിദേശരാജ്യങ്ങളിലേക്ക് വിദ്യാർഥികളുടെ ഒഴുക്ക് നിയന്ത്രിക്കണം, റബർവില തുടങ്ങിയ വിഷയങ്ങൾ അലക്‌സാണ്ടർ കോശി ഉന്നയിച്ചു. തീരപ്രദേശവുമായി ബന്ധപ്പെട്ട് സിആർസെഡ് സോൺ പരിധിയിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം, ആഭ്യന്തര വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിക്കണം, കുന്നത്തൂർ ഫ്‌ളോട്ടിങ്‌ സോളാർ പദ്ധതി യാഥാർഥ്യമാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഡോ. പി ഉണ്ണികൃഷ്ണൻ മുന്നോട്ടുവച്ചു.

കശുവണ്ടി തൊഴിലാളികൾക്ക് ഇഎസ്ഐ ആനുകൂല്യം നൽകണമെന്ന് തൊഴിലാളി ബിന്ദു സന്തോഷ് അഭ്യർഥിച്ചു. അനാഥാലയങ്ങളുടെ കെട്ടിടനിർമാണങ്ങളിലെ പെർമിറ്റ് ഫീ ഒഴിവാക്കണമെന്നും ക്ഷേമസ്ഥാപനങ്ങളിലെ ഗ്രാൻഡ് സ്‌കീം പരിഷ്‌കരിക്കണമെന്നും ജീവകാരുണ്യ പ്രവർത്തകയായ സിസ്റ്റർ റോസ്‌ലിൻ അഭ്യർഥിച്ചു.

Also read:ചൈനയില്‍ വന്‍ ഭൂചലനം; നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോർട്ട്, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

വിഴിഞ്ഞം അങ്കമാലി ഹൈവേ നഗര- ജനവാസ മേഖലകളിൽനിന്ന് ഒഴിവാക്കി യാഥാർഥ്യമാക്കണമെന്ന് ഫാദർ ഫിലിപ്പ് മാത്യു ആവശ്യപ്പെട്ടു. കുളക്കടയിൽ ആരംഭിച്ച അസാപ് ഐടി പാർക്കിലെ ടിജോ തോമസ് വ്യാവസായിക സൗഹൃദമായ ഒരിടം നൽകിയതിന് സർക്കാരിനോട് നന്ദി അറിയിച്ചു. ഏരൂർ- പത്തടി ജനവാസമേഖലയിൽ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്ന മാലിന്യസംസ്‌കരണ പ്ലാന്റ് ജനവാസമില്ലാത്ത മേഖലയിലേക്ക് മാറ്റി സ്ഥാപിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ഷംസുദ്ദീൻ മൗലവി ആവശ്യപ്പെട്ടു. കൊട്ടാരക്കരയുടെ മാത്രമല്ല, കേരളത്തിന്റെ ഒന്നാകെ വികസന വിഷയങ്ങളിൽ ഒരുപാട് അഭിപ്രായങ്ങളും നിർദേശങ്ങളും ലഭിക്കുകയുണ്ടായി. ഓരോരുത്തരുടെ നിർദേശങ്ങളോടും പ്രതികരിക്കാൻ സാധിച്ചു. അതോടൊപ്പം സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ക്രിയാത്മകമായ നടപടികൾ ഉണ്ടാകുമെന്ന ഉറപ്പും നൽകി. നാടിന്റെ വികസനത്തിനായി ഒരുമിച്ചു പോകുമെന്ന ഉറപ്പാണ് ഏവരിൽനിന്നും സർക്കാരിനു ലഭിച്ചത്. നവകേരളസൃഷ്ടിക്കായി ഒരേ മനസ്സോടെ നമുക്ക് മുന്നോട്ടു പോകാം.

(നവകേരള സദസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തൽ, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News