ഉരുള്‍പൊട്ടൽ രക്ഷാപ്രവര്‍ത്തനങ്ങളിൽ സജീവപങ്കാളിത്തവുമായി നാവികസേനയും. 78 സേനാംഗങ്ങളാണ് ചൂരൽമലയിലും മുണ്ടക്കൈയിലും മറ്റ് സേനാവിഭാഗങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം കൈമെയ് മറന്ന് അധ്വാനിക്കുന്നത്. സേനയുടെ ഹെലികോപ്റ്ററുകളും വയനാട്, നിലമ്പൂര്‍ മേഖലകളിൽ തെരച്ചിൽ, രക്ഷാ ദൗത്യങ്ങളിൽ പങ്കെടുക്കുന്നു.
തെരച്ചിലിനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനുമായി രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് നാവികസേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു സംഘം പുഴയോരം കേന്ദ്രീകരിച്ച് തെരയുമ്പോള്‍, മറ്റേ സംഘം മലയോര മേഖലയിലാണ് തെരച്ചിൽ നടത്തുന്നത്. ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുകയാണ് മറ്റൊരു സംഘത്തിന്‍റെ ചുമതല. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നൽകുന്നതിന് ചൂരൽമലയിൽ മെഡിക്കല്‍ പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.
Also read:ദുരന്തമുഖത്ത് ഐബോഡ് ഡ്രോൺ പരിശോധന; ചാലിയാറിലും വനമേഖലയിലും തിരച്ചിൽ തുടരുന്നു
ബെയ് ലി പാലം നിര്‍മിച്ച ഇന്ത്യന്‍ സൈന്യത്തിലും നാവികസേനയുടെ പ്രാതിനിധ്യമുണ്ടായിരുന്നു. മൂന്ന് ഓഫീസര്‍മാരും 30 സേനാംഗങ്ങളുമാണ് ഈ ദൗത്യത്തിൽ അണിചേര്‍ന്നത്.റോഡ് മാർഗം ദുരന്തമേഖലയിലേക്ക് രക്ഷാ ഉപകരണങ്ങൾ സഹിതം എത്തിച്ചേരാൻ കഴിയാതിരുന്ന പോലീസുകാരെ ഹെലികോപ്റ്ററിൽ സേന ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നു. കാഴ്ച കുറവായ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താനും സേനയ്ക്ക് കഴിഞ്ഞു. ഏഴിമലയിലെ ഐ.എന്‍.എസ് സമോറിനിൽ നിന്നാണ് നാവികസേനാ പ്രവര്‍ത്തനങ്ങളുടെ ഏകോപനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here