പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കി എന്‍സിഇആര്‍ടി. 12-ാം ക്ലാസിലെ ‘തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി -പാര്‍ട്ട് 2’ ചരിത്ര പുസ്തകത്തിലെ ‘കിങ്‌സ് ആന്റ് ക്രേണിക്കിൾസ്; ദി മുഗള്‍ കോര്‍ട്‌സ്’ എന്ന അധ്യായമാണ് ഒഴിവാക്കിയത്.
ഹിന്ദി പാഠപുസ്തകങ്ങളില്‍ നിന്ന് ചില കവിതകളും നീക്കംചെയ്യും. രാജ്യത്തുടനീളം എന്‍സിഇആര്‍ടി പിന്തുടരുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഈ മാറ്റം ബാധകമായിരിക്കും. 2023-2024 അധ്യായന വര്‍ഷം മുതല്‍ പാഠപുസ്തകങ്ങളിലെ പരിഷ്‌കാരം നടപ്പാക്കുമെന്ന് എന്‍.സി.ഇ.ആര്‍.ടി അറിയിച്ചു. ഇതിനു പുറമെ ചരിത്ര വിഷയത്തിനൊപ്പം 12-ാം ക്ലാസിലെ സിവിക്സ് പുസ്തകവും പരിഷ്‌കരിച്ചിട്ടുണ്ട്.
സിവിക്സ് പുസ്തകത്തിലെ ലോക രാഷ്ട്രീയത്തിലെ യുഎസ് മേധാവിത്വം, ശീതയുദ്ധ കാലഘട്ടം തുടങ്ങിയ അധ്യായങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. കൂടാതെ, 12-ാം ക്ലാസിലെ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയം എന്ന പാഠപുസ്തകത്തില്‍ നിന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം, ഒറ്റകക്ഷി രാഷ്ട്രീയ കാലഘട്ടം എന്നീ അധ്യായങ്ങളും ഒഴിവാക്കി. 12-ാം ക്ലാസിനൊപ്പം എന്‍സിഇആര്‍ടി 10,11 ക്ലാസുകളിലെ പാഠ്യപദ്ധതിയും പരിഷ്‌കരിച്ചിട്ടുണ്ട്. പത്താം ക്ലാസിലെ ഡെമോക്രാറ്റിക് പൊളിറ്റിക്സ് പാഠപുസ്തകത്തില്‍ നിന്ന് ജനാധിപത്യവും വൈവിധ്യവും, ജനകീയ സമരങ്ങളും പ്രസ്ഥാനവും, ജനാധിപത്യത്തിനെതിരായ വെല്ലുവിളികള്‍ എന്നീ വിഷയങ്ങള്‍ ഒഴിവാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here