എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്നും ഗാന്ധിയുമായും ആര്‍എസ്എസുമായും ബന്ധപ്പെട്ട ചില ഭാഗങ്ങള്‍ ഒഴിവാക്കി

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും ഒഴിവാക്കി. കഴിഞ്ഞ ഒന്നരദശകമായി 12-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പഠിച്ചുവന്നിരുന്ന പാഠഭാഗങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്. നേരത്തെ മുഗള്‍ സാമ്രാജ്യവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ എന്‍സിആര്‍ടിസി പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഹിന്ദു-മുസ്ലിം ഐക്യത്തിനായുള്ള ഗാന്ധിജിയുടെ ശ്രമങ്ങളോടുള്ള തീവ്ര ഹിന്ദുത്വവാദികളുടെ അനിഷ്ടം പ്രതിപാദിക്കുന്ന ഭാഗവും ഗാന്ധിവധത്തിന് ശേഷം ആര്‍എസ്എസിനെ നിരോധിച്ച ഭാഗവും പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്വാതന്ത്ര്യം മുതല്‍ ഇന്ത്യയിലെ രാഷ്ട്രീയം എന്ന 12-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സിന്റെ പഴയ പുസ്തകത്തിലെ മഹാത്മാ ഗാന്ധിയുടെ ത്യാഗങ്ങള്‍ എന്ന ആദ്യ അധ്യായത്തില്‍ ഗാന്ധി വധത്തിന്റെ പശ്ചാത്തലം വിവരിച്ചിരുന്നു. ‘ഹിന്ദു-മുസ്ലിം ഐക്യത്തിനായുള്ള ഗാന്ധിയുടെ പരിശ്രമങ്ങള്‍ എങ്ങനെയാണ് തീവ്ര ഹിന്ദുത്വവാദികളെ പ്രകോപിതരാക്കിയെന്നും അവര്‍ ഗാന്ധിയെ വധിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെന്നും’ പഴയ പുസ്തകത്തിലുണ്ടായിരുന്നു. ഈ ഭാഗം ഇപ്പോള്‍ ഒഴിവാക്കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘ഹിന്ദുക്കള്‍ പ്രതികാരം ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെന്നും പാക്കിസ്ഥാന്‍ മുസ്ലിംങ്ങള്‍ക്ക് എന്നത് പോലെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്നും വാദിച്ചവരെ ഗാന്ധി ഇഷ്ടപ്പെട്ടിരുന്നില്ലെന്ന’ ഭാഗവും ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസ് നിരോധനവുമായി ബന്ധപ്പെട്ട ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം മൂന്നുവട്ടമാണ് പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തിയത്. വ്യത്യസ്ത ഘട്ടങ്ങളിലായി മുസ്ലിംഭരണാധികാരികള്‍, മുഗള്‍ കാലഘട്ടം, ഗുജറാത്ത് കലാപം തുടങ്ങിയവയെല്ലാം പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ആറു മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഒരൊറ്റ അധ്യായം പോലുമില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

എന്നാല്‍ പാഠപുസ്തകങ്ങളിലെ മാറ്റങ്ങളിലെ വിശദീകരണവുമായി എന്‍സിഇആര്‍ടി മേധാവി ദിനേഷ് സക്ലാനി രംഗത്ത് വന്നിട്ടുണ്ട്. ഓരോ വിഷയങ്ങളിലെയും വിദഗ്ധസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പാഠപുസ്തകങ്ങളിലെ മാറ്റങ്ങളെല്ലാം വരുത്തിയതെന്നാണ് ദിനേഷ് സക്ലാനിയുടെ നിലപാട്. ഗാന്ധിജിയെക്കുറിച്ചുള്ള ചില പാഠങ്ങള്‍ ഒഴിവാക്കാന്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നുവെന്നും ദിനേഷ് സക്ലാനി വ്യക്തമാക്കി. കഴിഞ്ഞ ജൂണില്‍ പാഠ്യപദ്ധതി അന്തിമമാക്കിയതാണ്, പുതിയതായി തിരുത്തലുകളോ പരിഷ്‌കരണങ്ങളോ വരുത്തിയിട്ടില്ലെന്നും സക്ലാനി സൂചിപ്പിച്ചു. പാഠ്യപദ്ധതി അന്തിമമായി തയ്യാറാക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ അറിയിപ്പില്‍ ആര്‍എസ്എസ് ഗാന്ധി ഭാഗങ്ങള്‍ ഉള്‍പ്പെടുത്താതിന്റെ കാരണം പരിശോധിക്കുമെന്നും സക്ലാനി വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News