എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ ആഗസ്റ്റ് 23 ന് പുറത്തിറക്കും: മന്ത്രി വി ശിവൻകുട്ടി

എൻ. സി. ഇ. ആർ. ടി. വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആഗസ്റ്റ് 23 ന് പുറത്തിറക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ആഗസ്റ്റ് 23 ന് വൈകുന്നേരം നാല് മണിയ്ക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

ദേശീയ – സംസ്ഥാന തലങ്ങളിൽ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ ആരംഭിച്ചിരിക്കുന്ന സമയമാണിപ്പോൾ. ഇതിനിടയിൽ ദേശീയ തലത്തിൽ എൻ.സി.ഇ.ആർ.ടി. യുടെ നേതൃത്വത്തിൽ ആറാം ക്ലാസ്സ് മുതൽ പന്ത്രണ്ട് വരെയുള്ള പാഠപുസ്തകങ്ങളിൽ നിന്ന് വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിക്കുറച്ചു. ഇതിനോട് അപ്പോൾ തന്നെ കേരളം അക്കാദമികമായി പ്രതികരിക്കുകയുണ്ടായി.

കോവിഡിന്റെ പേരിൽ പഠനഭാരം കുറക്കാനെന്ന പേരിലാണ് ഈ വെട്ടിമാറ്റൽ ഉണ്ടായിട്ടുള്ളത് എങ്കിലും ഈ പുസ്തകങ്ങൾ പരിശോധിക്കുന്ന ഏതൊരാൾക്കും ഈ വെട്ടിമാറ്റൽ പഠനഭാരം കുറയ്ക്കാനല്ല എന്നും ചില നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കുവാനാണെന്നും മനസ്സിലാകും.

ഈ ചർച്ച കേരളം ഏറ്റെടുത്തിരിക്കുന്നത് രാജ്യതാൽപര്യവും അക്കാദമിക താൽപര്യവും മുൻ നിർത്തിയാണ്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ കേരളം നിർമ്മിക്കുന്നവയാണ്. അതിനാൽ എൻ.സി.ഇ.ആർ.ടി. ദേശീയതലത്തിൽ 6 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ വരുത്തിയ മാറ്റങ്ങൾ കേരളത്തെ സാരമായി ബാധിക്കുന്നില്ല. എന്നാൽ 11, 12 ക്ലാസ്സുകളിൽ കേരളം എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ഇതിൽ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, സോഷ്യോളജി എന്നീ പാഠപുസ്തകങ്ങളിലെ വ്യാപകമായ വെട്ടിമാറ്റലുകൾ അക്കാദമിക് സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല.

Also Read: ആർ എസ് എസ് എന്ന മഹാ വിപത്തിൽ നിന്നും അവരുടെ കുടില തന്ത്രങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കണം: എം എ ബേബി

ഭരണഘടനയുടെ അടിസ്ഥാനശിലകളെ തമസ്‌ക്കരിക്കാനുള്ള ശ്രമങ്ങൾ ,രാജ്യത്തിന്റെ ചരിത്രത്തിന്റെ തമസ്‌ക്കരണം,രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ ഒഴിവാക്കുന്നത്,ഈ കാലഘട്ടത്തിൽ അനുയോജ്യമല്ലാത്തവ എന്ന പേരിൽ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ഒഴിവാക്കൽ
തുടങ്ങിയ കാര്യങ്ങൾ കൂടുതലും മാനവിക വിഷയങ്ങളിലാണ് വന്നിരിക്കുന്നത്. ആയതിനാലാണ് കേരളം മാനവിക വിഷയങ്ങളിൽ അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ചരിത്രത്തിൽ മുഗൾ ചരിത്രം, വ്യാവസായ വിപ്ലവം, ഇന്ത്യാവിഭജന ചരിത്രം തുടങ്ങിയവയും പൊളിറ്റിക്കൽ സയൻസിൽ മഹാത്മാജിയുടെ രക്തസാക്ഷിത്വം, പഞ്ചവത്സര പദ്ധതികൾ, അടിയന്തിരാവസ്ഥ, ഇന്ത്യയിലെ ജനകീയ സമരങ്ങൾ തുടങ്ങിയവയും അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ മാറ്റങ്ങളും അമേരിക്കൻ സാമ്രാജ്യത്വം ഉൾപ്പെടെയുള്ളവയും ഇക്കണോമിക്‌സിൽ പ്രധാനമായും ദാരിദ്ര്യം സംബന്ധിച്ച കാര്യങ്ങളും സോഷ്യോളജിയിൽ ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങളും, ജാതി വ്യവസ്ഥിതിയും ഒക്കെ പരമാർശിക്കുന്ന ഭാഗവുമൊക്കെ ഒഴിവാക്കപ്പെട്ടവയിൽ ഉണ്ട്.

കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നവീകരിക്കപ്പെടണം എന്നതിൽ  രാജ്യത്തിന്റെ ചരിത്രം, സ്വാതന്ത്ര്യ സമര കാലത്തിന്റെ ഊർജ്ജം, ഭരണഘടനാ മൂല്യങ്ങൾ എന്നിവ നമുക്ക് ഒരു കാലത്തും മാറ്റാൻ കഴിയില്ല. എന്ത്  കാരണം പറഞ്ഞായാലും ഇത്തരം ഭാഗങ്ങൾ നീക്കുന്നത് കേരളം എല്ലാ കാലത്തും എതിർക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Also Read: ‘ഒരു പ്രയാസവും ഇല്ലാതെ ജനങ്ങൾ ഓണം ഉണ്ണും… അതാണ് സർക്കാർ ഗ്യാരന്റി’; എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News