സഖ്യകക്ഷികളുടെ വിലപേശലിലും പിടിവാശിയും അനിശ്ചിതത്വത്തിലായി എന്‍ഡിഎ മന്ത്രിസഭാ രൂപീകരണം. സുപ്രധാന വകുപ്പുകള്‍ സഖ്യകക്ഷികള്‍ക്ക് വിട്ടു നല്‍കേണ്ടെന്ന തീരുമാനത്തിലാണ് ബിജെപി. അതേസമയം ക്യാബിനറ്റ് പദവികളിലടക്കം വിട്ടുവീഴ്ചയില്ലാതെ ജെഡിയുവും ടിഡിപിയും ഉറച്ചുനില്‍ക്കുന്നു. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് ഞായറാഴ്ചയിലേക്ക് മാറ്റി. ജെഡിയുവും ടിഡിപിയും അടക്കം സഖ്യകക്ഷികള്‍ പിടിമുറുക്കിയതോടെ എന്‍ഡിഎ മന്ത്രിസഭാ രൂപീകരണം കീറാമുട്ടിയായി. ആഭ്യന്തരം, ധനം, പ്രതിരോധം, നിയമം, ഐടി, റെയില്‍വേ അടക്കം സുപ്രധാന വകുപ്പുകള്‍ വിട്ടുനല്‍കേണ്ടെന്ന തീരുമാനത്തിലാണ് ബിജെപി.
എന്നാല്‍ റെയില്‍വേ, കൃഷി, പ്രതിരോധം അടക്കം വകുപ്പുകളും ബിഹാറിന് പ്രത്യേക സംസ്ഥാന പദവിയും വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് നിതീഷ് കുമാര്‍. ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവി സ്ഥാനവും മൂന്ന് ക്യാബിനറ്റ് പദവിയും സ്പീക്കര്‍ സ്ഥാനവും അടക്കം ചന്ദ്രബാബു നായിഡുവും അവകാശവാദം ഉന്നയിക്കുന്നു. കൂടാതെ ചിരാഗ് പാസ്വാന്റെ എല്‍ജെപിയും ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ ജിതിന്‍ റാം മാഞ്ചിയും മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ പ്രതിസന്ധിയിലായ നരേന്ദ്രമോദിയും ബിജെപിയും സമവായ ചര്‍ച്ചകള്‍ക്ക് വഴങ്ങുകയാണ്.
ജെഡിയുവുമായി ചര്‍ച്ചകള്‍ക്ക് അശ്വിനി വൈഷ്ണവും ടിഡിപിയുമായി പീയൂഷ് ഗോയലും ചര്‍ച്ചകള്‍ നടത്തും. അതിനിടെ രണ്ടാം മോദി സര്‍ക്കാരിന്റെ അഗ്നിവീര്‍ പദ്ധതികള്‍ പിന്‍വലിക്കണമെന്നാവശ്യവുമായി ജെഡിയു വക്താവ് കെ സി ത്യാഗി രംഗത്തെത്തിയും ശ്രദ്ധേയമായി. രാജ്യത്താകമാനം ജാതി സെന്‍സസ് എന്നാവശ്യവും ജെഡിയു മുന്നോട്ടുവച്ചിട്ടുണ്ട്. ഇതോടെ മന്ത്രിസഭാ രൂപീകരണകരണത്തിന് സഖ്യകക്ഷികളുടെ അനുകൂല തീരുമാനത്തിന് കാത്തിരിക്കുകയാണ് നരേന്ദ്രമോദി. ശനിയാഴ്ച പ്രഖ്യാപിച്ച സത്യപ്രതിജ്ഞാച്ചടങ്ങ് ഞായറാഴ്ചയിലേക്ക് മാറ്റിയതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
Also Read: തൃശൂരിലെ തോല്‍വി; കെ മുരളീധരനെ അനുനയിപ്പിക്കാന്‍ കെ സുധാകരന്‍
അതിന് മുമ്പായി എന്‍ഡിഎ എംപിമാരുടെ യോഗവും ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരും. മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ ഭരണാധികാരികളെ മോദി ക്ഷണിച്ചിട്ടുണ്ട്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സളളിവനും പങ്കെടുത്തേക്കും. വെളളിയാഴ്ച തന്നെ മന്ത്രിസഭാ രൂപീകരണത്തില്‍ അവകാശവാദം ഉന്നയിച്ച് കത്ത് നല്‍കാനാണ് മോദിയുടെയും ബിജെപിയുടെയും ശ്രമം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here