തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുള്ള അപകടത്തിൽ ബസ് ഡ്രൈവർ പിടിയിൽ. ഒറ്റശേഖരമംഗലം സ്വദേശിയായ രഞ്ജു എന്ന് വിളിക്കുന്ന അരുൾ ദാസിനെയാണ് പൊലീസ് പിടികൂടിയത്. അപകട ശേഷം സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട അരുൾ ദാസിന്‍റെ കണ്ണിന്‍റെ പുരികത്തിന് ചെറിയ പരിക്കേറ്റിരുന്നു. കാട്ടാക്കായിലെ സ്വകാര്യ ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയിരുന്നു.
ശേഷം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയ ഇയാളെ വലിയ വിളപ്പുറം എന്ന സ്ഥലത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. അമിത വേഗതയിൽ പെട്ടെന്ന് വെട്ടിത്തിരിക്കാൻ നോക്കിയതാണ് അപകട കാരണമെന്ന് സിഐയോട് ഡ്രൈവർ മൊഴി നൽകി.
ALSO READ; കള്ളക്കടൽ പ്രതിഭാസം: കേരള തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
ഇന്നലെ രാത്രിയോടെ കാട്ടാക്കട പെരുങ്കട വിളയിൽ നിന്നും ടൂർ പോയ ബസാണ് ഇരിഞ്ചയത്തിന് സമീപത്ത് വെച്ച് അപകടത്തിൽപെട്ടത്. അപകടത്തിൽ ഒരാൾ മരിച്ചു. കാവല്ലൂർ സ്വദേശിനി ദാസിനി (60) ആണ് മരിച്ചത്. 7 കുട്ടികളടക്കം നിരവധി പേർക്ക് അപകടത്തിൽ പരുക്കുണ്ട്. കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് ടൂര്‍ പോയവരാണ് അപകടത്തില്‍പെട്ടത്. 49 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചുണ്ട്. സാരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പതിനേഴ് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാരുമായി സംസാരിച്ചതില്‍ നിന്ന് വ്യക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ; അവരിനി അഴിക്കുള്ളിൽ! കോതമംഗലം ആനക്കൊമ്പ് വേട്ട കേസിലെ പ്രതികൾക്ക് തടവ് ശിക്ഷ
ബസിൻ്റെ അമിത വേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ദൃക്സാക്ഷികൾ അടക്കം പറയുന്നത്. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ക്രയിൻ എത്തിച്ച് ബസ് ഉയർത്തിയിട്ടുണ്ട്. അതേസമയം അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here