കേരളത്തിൻ്റെ ആകാശ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഇരുപത്തിയഞ്ചാം വയസ്സിലേക്ക്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ ഒന്നായി ഇതിനകം സിയാൽ മാറിക്കഴിഞ്ഞു. ആയിരം കോടി രൂപയുടെ വികസന പദ്ധതികളാണ് സിൽവർ ജൂബിലി വർഷത്തിൽ വിഭാവനം ചെയ്യുന്നത്.
പൊതുജനങ്ങളിൽ നിന്നും മൂലധനം സ്വരൂപിച്ച് ഒരു വിമാനത്താവളം നിർമ്മിക്കുക. ലോകത്തെ അത്ഭുതപ്പെടുത്തിയ ആ ആശയം യാഥാർത്ഥ്വമായിട്ട് 24 വർഷം പിന്നിടുകയാണ്. കേരളത്തിന് മുന്നിൽ ആകാശവാതായനങ്ങൾ തുറന്നിട്ട ആ ദിനം 1999 മെയ് 25. അന്നായിരുന്നു നെടുമ്പാശ്ശേരി അന്താരാഷ്ട വിമാനത്താവളം രാഷ്ട്രപതി കെ ആര്‍ നാരായണൻ രാജ്യത്തിന് സമർപ്പിച്ചത്. നെടുമ്പാശ്ശേരിയിലെ 1300 ഏക്കർ സ്ഥലത്താണ് വിമാനത്താവളം പ്രവർത്തിക്കുന്നത്.
ആദ്യ വര്‍ഷം അഞ്ച് ലക്ഷം യാത്രക്കാര്‍ മാത്രമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പറന്നു ഉയർന്നതെങ്കിൽ ഇരുപത്തി യഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അത് പ്രതിവർഷം ഒരു കോടിക്ക് മുകളിലെത്തി. കേരളത്തിലെ വിമാന യാത്രയുടെ 63 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇന്ന് സിയാലാണ്. നെടുമ്പാശ്ശേരിയില്‍ നിന്നും പറന്നുയര്‍ന്ന വിമാനങ്ങള്‍ 12 കോടി യാത്രക്കാരെ ഇതിനകം ലോകമാകെ എത്തിച്ചു. 29 വിമാന കമ്പനികൾ 38 രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു.
ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങളും സിയാലിനെ തേടി എത്തി. പൂര്‍ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏക വിമാനത്താവളം. ചാമ്പ്യൻസ് ഓഫ് എർത്ത് എന്ന പരിസ്ഥിതി പുരസ്കാരം നൽകി യു എൻ നമ്മുടെ സിയാലിനെ ആദരിച്ചു. കഴിഞ്ഞ 5 വർഷം സമാനതകളില്ലാത്ത കുതിച്ചു ചാട്ടത്തിൻ്റെ കാലം കൂടിയായിരുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള അന്താരാഷ്ട്ര ടെർമിനൽ, 15 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ആഭ്യന്തര ടെർമിനൽ, ബിസിനസ് ജെറ്റ് വിമാനങ്ങൾക്കായി പ്രത്യേക ജെറ്റ് ടെർമിനൽ, 35000 ചതുരശ്ര അടി വിസ്തൃതിയുള്ള വി ഐ പി ലോഞ്ച് , വിദേശ ആഭ്യന്തര കാർഗോ ടെർമിനൽ അങ്ങനെ പോകുന്നു സമീപകാലത്ത് നെടുമ്പാശ്ശേരി നേടിയ നേട്ടങ്ങളുടെ പട്ടിക.
ആയിരം കോടി രൂപയുടെ വികസന പദ്ധതികളാണ് സിൽവർ ജൂബിലി വർഷത്തിൽ വിഭാവനം ചെയ്യുന്നത്. നിലവിലുള്ളതിന് സമാന്തരമായി രണ്ടാം റൺവേയുടെ നിർമ്മാണം ഉൾപ്പെടെയാണത്. വിമാനങ്ങളുടെ എണ്ണം കൂടുന്നതിനാൽ പുതിയ ഏപ്രണിൻ്റെ നിർമ്മാണവും പുരോഗമിക്കുന്നു. ചുരുക്കത്തിൽ ദുബായ് പോലെ ഒരു വ്യോമയാന ഹബ്ബായി മാറാനുള്ള തയ്യാറെടുപ്പിലാണ് നെടുമ്പാശ്ശേരിയിലെ സിയാൽ അന്താരാഷ്ട്ര വിമാനത്താവളം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here