കണ്ണൂര്‍ വിമാനത്താവളത്തോടുള്ള അവഗണന; ഡോ. ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യങ്ങള്‍ക്ക് വിചിത്ര ന്യായങ്ങള്‍ നിരത്തി കേന്ദ്രസര്‍ക്കാര്‍

കണ്ണൂര്‍ വിമാനത്താവളത്തെ തഴയുവാന്‍ വിചിത്ര ന്യായങ്ങള്‍ നിരത്തി കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ തികച്ചും വിചിത്രമായ ന്യായവാദങ്ങള്‍ ഉയര്‍ത്തിയത്
കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാള്‍ പദവി ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടി കണ്ണൂരില്‍ നിന്നും വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസുകള്‍ നടത്തുവാന്‍ അനുമതി തുടര്‍ച്ചയായി നിരസിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്രം ചെയ്തു വന്നിരുന്നത്.

എന്നാല്‍ ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിന് ശേഷം പ്രവര്‍ത്തനമാരംഭിച്ച ഗോവയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് പോയിന്റ് ഓഫ് കാള്‍ പദവി ഇല്ലാതിരുന്നിട്ട് കൂടി പുതിയ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുവാന്‍ ഒമാന്‍ എയറിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ഗോവയിലെ മറ്റൊരു വിമാനത്താവളമായ ദാബോലിം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും നടത്തിവന്നിരുന്ന സര്‍വീസുകള്‍ ആണ് ഇപ്പോള്‍ മോപ്പയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് മാറ്റി നടത്തുവാന്‍ ഒമാന്‍ എയറിന് അനുമതി നല്‍കിയിരിക്കുന്നത്.

Also Read; ഇന്ത്യ മുന്നണിയിലെ ധാരണകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച് കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍

എന്നാല്‍ സമാന രീതിയില്‍ എത്തിഹാദ് എയര്‍ലൈന്‍സ് നേരത്തെ ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും നടത്തിവന്നിരുന്ന സര്‍വീസുകള്‍ കണ്ണൂരിലേക്ക് മാറ്റുവാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ആയത് കേന്ദ്ര ഗവണ്‍മെന്റ് നിരസിക്കുകയാണ് ചെയ്തിരുന്നത്. ഈ വിഷയത്തിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ഇനിയെങ്കിലും ഗോവയില്‍ ചെയ്തപോലെ കുറഞ്ഞ പക്ഷം മറ്റു വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളെങ്കിലും കണ്ണൂരിലേക്ക് മാറ്റുവാന്‍ ഉള്ള അനുമതി വിദേശ വിമാന സര്‍വീസ് കമ്പനികള്‍ക്ക് നല്‍കുമോ എന്നാണ് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ചോദ്യം ഉന്നയിച്ചത്. എന്നാല്‍ ഇതിന് തികച്ചും പരിഹാസ്യവും വിചിത്രവുമായ മറുപടിയാണ് കേന്ദ്രം ഇന്ന് രാജ്യസഭയില്‍ നല്‍കിയത്.

പോയിന്റ് ഓഫ് കാള്‍ നല്‍കുന്നത് സംബന്ധിച്ചുള്ള ഒമാനുമായുള്ള ബൈലാറ്ററല്‍ എയര്‍ സര്‍വീസസ് എഗ്രിമെന്റ് പ്രകാരം ഗോവ എന്ന സംസ്ഥാനത്തിന് മൊത്തത്തിലാണ് പോയിന്റ് ഓഫ് കാള്‍ പദവി നല്‍കിയിരിക്കുന്നതെന്നും ആയതിനാല്‍ തന്നെ ഗോവയിലെ ഏത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിദേശ വിമാന കമ്പനികള്‍ക്ക് ഇഷ്ടമുള്ള പ്രകാരം സര്‍വീസുകള്‍ മാറ്റി നടത്താമെന്നും എന്നാല്‍ കേരളത്തിന്റെ, പ്രത്യേകിച്ച് കണ്ണൂരിന്റെ, കാര്യമെടുത്താല്‍ അപ്രകാരം പറ്റില്ലെന്നും മറിച്ച് കണ്ണൂര്‍ വിമാനത്താവളത്തിന് പ്രത്യേകമായി പോയിന്റ് ഓഫ് കാള്‍ പദവി നല്‍കിയിട്ടില്ലാത്തതിനാല്‍ വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസുകള്‍ മാറ്റി നടത്തുവാന്‍ അനുമതി നല്‍കുവാന്‍ കഴിയില്ലെന്നുമുള്ള തികച്ചും പക്ഷപാതപരവും വിചിത്രവുമായ ഉത്തരമാണ് കേന്ദ്രം നല്‍കിയത്. കേരളത്തിനോട് പൊതുവിലും കണ്ണൂര്‍ വിമാനത്താവളത്തിനോട് പ്രത്യേകിച്ചും കേന്ദ്രം പുലര്‍ത്തുന്ന ചിറ്റമ്മ നയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇതെന്നും ഡോ ജോണ്‍ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.

Also Read: കുറ്റവിചാരണ സദസ്സ് പരാജയപ്പെടാനുള്ള കാരണം കോൺഗ്രസ് പുനഃസംഘടനയോ?

കേന്ദ്രം കണ്ണൂര്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ തുടര്‍ന്നുവരുന്ന അപകടകരമായ ഈ നിഷേധ നിലപാട് എത്രയും വേഗം തിരുത്തി വിദേശ വിമാന കമ്പനികള്‍ക്കും കണ്ണൂരില്‍ നിന്നും സര്‍വീസ് തുടങ്ങാന്‍ അനുമതി നല്‍കണമെന്നും അപ്രകാരം വിമാനത്താവളത്തിന്റെ നിലനില്പും വികസനവും യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കാനുള്ള സൗകര്യവും ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News