സാമൂഹിക ഐക്യത്തെ തടസ്സപ്പെടുത്തുന്നു എന്ന പേരിൽ സമൂഹമാധ്യമ ആപ്ലിക്കേഷൻ ടിക് ടോക് ബാൻ ചെയ്ത തീരുമാനം പിൻവലിച്ച് നേപ്പാൾ. എല്ലാ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളേയും ഒരേപോലെ പരിഗണിക്കണമെന്ന നേപ്പാൾ പ്രധാനമന്ത്രി കെ. പി ശർമ ഒലിയുടെ നിർദേശത്തെ തുടർന്നാണ് വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചത്. നേപ്പാൾ കമ്മ്യൂണിക്കേഷൻ ആൻഡ് ഐ.ടി മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് ആണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഐ.ടി മന്ത്രിയുടെ പ്രഖ്യാപനം എത്തിയത്.
കഴിഞ്ഞ ആഴ്ച്ച ടിക് ടോക് അധികൃതർ നേപ്പാൾ സർക്കാരുമായി വിലക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. മുൻ സർക്കാരിന്റെ തകർച്ചയ്ക്ക് ശേഷം ജൂലൈയിൽ ആയിരുന്നു കെ.പി ശർമ ഒലി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും പാലിക്കാം എന്ന് ടിക് ടോക് ഉറപ്പ് നൽകിയതിനെ തുടർന്നാണ് നിരോധനം പിൻവലിക്കാൻ നേപ്പാൾ സർക്കാർ തയ്യാറായത്.
Also Read- എക്‌സിന് വിലക്ക്?മസ്‌കിന് 24 മണിക്കൂര്‍ അന്ത്യശാസനയുമായി ബ്രസീല്‍ സുപ്രീം കോടതി
നേരത്തെ, രാജ്യത്തിന്റെ അന്തസും സാഹോദര്യവും തകർക്കുന്നു എന്ന് പറഞ്ഞായിരുന്നു മുൻ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലിൻ്റെ സർക്കാർ ആപ്പ് നിരോധിച്ചത്. കഴിഞ്ഞ നവംബറിലായിരുന്നു നിരോധനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here