നേപ്പാളിൽ ചൈനയ്ക്ക് വൻ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന സുപ്രധാന കരാറിൽ ഇരു രാജ്യങ്ങളുടെയും നേതാക്കൾ ഒപ്പുവച്ചു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്‍റെ ഭാഗമാകാൻ കാഠ്മണ്ഡുവുമായുള്ള പ്രാഥമിക ധാരണയ്ക്ക് ഏഴ് വർഷത്തിന് ശേഷമാണ് കരാർ പദ്ധതികൾ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായുള്ള രേഖാമൂലമുള്ള കരാറിൽ ഒപ്പ് വക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ദില്ലി സന്ദർശിക്കുക എന്ന പതിവിനു വിപരീതമായാണ് നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി ബെയ്ജിംഗ് സന്ദർശിക്കാൻ തീരുമാനിച്ചത്. ഷി ജിൻപിങ്ങുമായി ചേർന്ന് കരാറിന് അന്തിമരൂപം നൽകാൻ തിങ്കളാഴ്ച മുതൽ അദ്ദേഹം ചൈനയിലാണ്.
ചൈനയും നേപ്പാളും ബെൽറ്റ് ആൻഡ് റോഡ് സഹകരണത്തിനുള്ള ചട്ടക്കൂടിൽ ഇന്ന് ഒപ്പുവച്ചതായി നേപ്പാളിൻ്റെ വിദേശകാര്യ ഓഫീസ് എക്‌സിൽ കുറിച്ചു. 2017-ൽ, ചൈനയുടെ മെഗാ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമാകാൻ നേപ്പാൾ തത്വത്തിൽ സമ്മതിച്ചിരുന്നു. ഈ വിഷയത്തിൽ രാഷ്ട്രീയ സമവായം കണ്ടെത്താനും കാഠ്മണ്ഡു ആദ്യം വെല്ലുവിളി നേരിട്ടിരുന്നു. ഇന്നത്തെ ഉടമ്പടിയോടെ അതിന് പരിഹാരമായതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, നേപ്പാളിലെ സർക്കാരിലെയും പ്രതിപക്ഷത്തിലെയും നിരവധി നേതാക്കൾ ഇതിനകം തന്നെ ചൈനയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തു രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രി ഒലി നയിക്കുന്ന സർക്കാറിൽ പോലും, ചൈന നടപ്പിലാക്കുന്ന മെഗാ പദ്ധതികളിലെ അപകടസാധ്യതകളെക്കുറിച്ച് കടുത്ത ചർച്ചകൾ നടക്കുന്നുണ്ട്. പിഎം ഒലിയുടെ പാർട്ടിയുടെ പ്രധാന സഖ്യകക്ഷിയായ നേപ്പാൾ കോൺഗ്രസ്, ചൈനീസ് വായ്പകൾ വഴിയുള്ള പദ്ധതികൾ നേപ്പാളിൽ നടപ്പിലാക്കുന്നത് ശക്തമായി എതിർക്കുന്നുണ്ട്.
also read; ‘ഇന്ത്യ എന്തും പരീക്ഷിക്കാവുന്ന ലബോറട്ടറി’; വാവിട്ട വാക്കിൽ കുരുങ്ങി ബിൽ ഗേറ്റ്സ്
നേപ്പാളിലെ രണ്ടാമത്തെ വലിയ നഗരമായ പൊഖ്‌റയിലെ വിമാനത്താവള പദ്ധതിക്ക് ചൈന 200 മില്യൺ ഡോളറിലധികം വായ്പ നൽകിയിരുന്നു. ഇന്ത്യ കടുത്ത ആശങ്കകൾ ഉന്നയിച്ചിട്ടും നേപ്പാൾ പദ്ധതിയുമായി മുന്നോട്ട് പോകുകയും കഴിഞ്ഞ വർഷം വിമാനത്താവളം തുറക്കുകയും ചെയ്തു.
കാഠ്മണ്ഡുവിൽ നിന്ന് 120 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പൊഖ്‌റയിൽ നിന്നും ഇന്ത്യൻ അതിർത്തിയിൽ എത്താൻ 20 മിനിറ്റിൽ താഴെ മതി. ചൈന തങ്ങളുടെ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ഇറക്കാൻ വിമാനത്താവളം ഉപയോഗിച്ചേക്കുമെന്ന ഇന്ത്യയുടെ ആശങ്കകൾ നേപ്പാൾ അവഗണിച്ചതിനാൽ ദേശ സുരക്ഷ ഭീഷണി മൂലം ഇന്ത്യക്ക് തങ്ങളുടെ വ്യോമാതിർത്തി അടച്ചിടേണ്ടി വരുന്ന സാഹചര്യമാണ് നിലവിൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here