യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ടുകൾ രേഖപ്പെടുത്തി എന്ന ഗുരുതരമായ കുറ്റം സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ട് എന്നാണ് വിവിധ ജില്ലകളിൽ നിന്നും പുതുതായി വന്നിട്ടുള്ള പരാതികളിൽ നിന്ന് മനസ്സിലാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ തിരുവനന്തപുരത്ത് കേസെടുത്തതിന് പുറമേ കാസർഗോഡ്, കണ്ണൂർ കോഴിക്കോട്,പത്തനംതിട്ട തുടങ്ങി മിക്കവാറും ജില്ലകളിൽ നിന്ന് പരാതികൾ വന്നു കൊണ്ടിരിക്കുന്നുണ്ട്.
നാലു പുതിയ പരാതികൾ വ്യാജ ഐഡി നിർമ്മാണ ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചു ,ഇനിയും പരാതികൾ പൊലീസിലെത്താനുണ്ട്.
ALSO READ: പട്ടാമ്പിയിൽ 12 വയസ്സുകാരൻ ബാത്റൂമിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ
പത്തനംതിട്ടയിലെ പന്തളത്ത് വ്യാജ ഐഡി കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പിടിച്ചെടുത്ത വ്യാജ ഐഡന്റിറ്റി കാർഡുകളിൽ ചിലത് പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ വ്യാജ ഐഡി കാർഡാണ്. അഭിജിത്ത് രാജ്, അഖിൽ കൃഷ്ണൻ, എബിൻ കെ ഷാജി, അബി വക്കാസ്, അജിത് കൃഷ്ണൻ , ആശിഖ് ,അജിത് കുമാർ എം എ,അബ്ദുൾ ജലാൽ, എന്നിവർ അവരുടെ ഐഡി വ്യാജമായി നിർമ്മിച്ചതിനെതിരെ പോലീസിനെ സമീപിച്ചിട്ടുണ്ട്.
വോട്ടർ പട്ടികയിൽ നിന്ന് പറ്റാവുന്നവരുടെ എല്ലാം ഐഡി കാർഡുകൾ യൂത്ത് കോൺഗ്രസ്സ് നിർമ്മിച്ചിട്ടുണ്ട്. വ്യാപകമായി മറ്റു രാഷ്ട്രീയ പാർട്ടികളിൽ പെട്ട ആളുകളുടെ അടക്കം ഐഡി കാർഡുകൾ നിർമ്മിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരത്തിൽ ഐഡി കാർഡുകൾ നിർമ്മിക്കപ്പെട്ട ആളുകൾ വളരെ ആശങ്കയിലാണ്. ഒന്നര ലക്ഷത്തോളം വ്യാജ ഐഡി കാർഡുകൾ സംസ്ഥാനത്ത് നിർമ്മിച്ചു എന്നാണ് പുറത്ത് വന്നത്. ഇവ ഉപയോഗിച്ച് ഇവർ മറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നുള്ളതും വളരെ ആശങ്കാജനകമായ കാര്യമാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനും ,സിം കാർഡുകൾ എടുക്കാനും വാടകയ്ക്ക് മുറികൾ എടുക്കാനും മറ്റു പല ആവശ്യങ്ങൾക്കും ഇത്തരം ഐഡി കാർഡുകൾ ഉപയോഗിക്കാം എന്നതിനാൽ അതീവ ഗൗരവമായി ഈ വിഷയത്തെ കാണേണ്ടതുണ്ട്. പുറത്തുവന്ന പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പത്തനംതിട്ടയിലെ പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തി വ്യാജ ഐഡി കാർഡ് നിർമ്മാണത്തിലെ മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.എൽ.ജി ലിജീഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പിസി ഷൈജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ALSO READ: അപേക്ഷ സ്വീകരിച്ച് 60 സെക്കന്‍റിനുള്ളിൽ വീസ നൽകുന്ന സംവിധാനമൊരുക്കി സൗദി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here