കുറ്റാന്വേഷണ സിനിമകളില്‍ മാറ്റത്തിന്റെ പുതിയ മുഖം; ‘ അന്വേഷിപ്പിന്‍ കണ്ടെത്തും’ വന്‍ വിജയത്തിലേക്ക്

ഇപ്പോഴത്തെ കാലത്തേതുപോലെ ടെക്‌നോളജി അത്ര വികസിക്കാത്ത കാലം. തൊണ്ണൂറുകളുടെ തുടക്ക കാലം. എങ്ങനെയായിരിക്കും അക്കാലത്ത് പ്രമാദമായ കൊലപാതക കേസുകളൊക്കെ പൊലീസ് കണ്ടുപിടിച്ചിട്ടുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു മുടിത്തുമ്പില്‍ നിന്ന്, വിരല്‍ പാടില്‍ നിന്ന്, വളപ്പൊട്ടില്‍ നിന്ന്, കത്തില്‍ നിന്ന്, ചോരപ്പാടില്‍ നിന്ന്, കൈയക്ഷരത്തില്‍ നിന്നൊക്കെയുള്ള തെളിവുകള്‍ ക്രൈം ചെയ്ത പ്രതിയിലേക്ക് എത്തിക്കുന്നതായിരിക്കുമോ? ഇതൊക്കെ വ്യക്തവും കൃത്യവുമായി അവതരിപ്പിച്ചിരിക്കുകയാണ് ടൊവിനോ തോമസ് – ഡാര്‍വിന്‍ തോമസ് കൂട്ടുകെട്ടിലൊരുങ്ങിയിരിക്കുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. മികച്ച പ്രേക്ഷക പ്രീതിയില്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ് ഇപ്പോള്‍ ചിത്രം.

പുതുമ നിറഞ്ഞ രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. പിരീഡ് സിനിമയായിട്ടുകൂടി സ്ഥിരം കണ്ടു പഴകിയ പൊലീസ് സ്റ്റോറികളില്‍ നിന്നും ഏറെ വിഭിന്നമായാണ് ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ ഴോണറില്‍ ‘അന്വേഷിപ്പില്‍ കണ്ടെത്തും’ ഒരുക്കിയിരിക്കുന്നത്. ആദ്യാവസാനം വരെ പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കുന്ന ചിത്രം ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് തന്നെയാണ്.

ALSO READ: ‘സർക്കാർ വയനാട്ടിലെ ജനങ്ങൾക്കൊപ്പം, ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്’: എം വി ഗോവിന്ദൻ മാസ്റ്റർ

ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രമായ എസ് ഐ ആനന്ദ് നാരായണനെ ചുറ്റിപറ്റിയാണ് കഥ പുരോഗമിക്കുന്നത്. ആനന്ദിന് ഒപ്പമുള്ള പൊലീസുകാരായ സുകുവായി പ്രമോദ് വെളിയനാടും സേനനായി വിനീത് തട്ടിലും കബീറായി രാഹുല്‍ രാജഗോപാലുമാണ് അഭിനയിച്ചിരിക്കുന്നത്. എസ്‌ഐ ആയി ആനന്ദിന് ആദ്യത്തെ പോസ്റ്റിങ് ചിങ്ങവനം പോലീസ് സ്റ്റേഷനിലേക്കാണ്. ഒരുദിവസം സ്റ്റേഷനിലേക്ക് മാത്തച്ചന്‍ എന്നൊരാളെത്തുന്നു. അയാളുടെ മകളായ ലൗലിയെ കാണാനില്ല എന്ന് കാണിച്ച് ഒരു പരാതി കൊടുക്കുകയാണ്. കേസന്വേഷണത്തിനിടയില്‍ ലൗലി കൊല്ലപ്പെട്ടതായി ആനന്ദും സംഘവും കണ്ടെത്തുന്നതും തുടര്‍ സംഭവ വികാസങ്ങളുമൊക്കെയാണ് സിനിമയുടെ ആദ്യ പകുതി. ആനന്ദ് നാരായണന്റെ നേതൃത്വത്തിലുള്ള കേസന്വേഷണങ്ങളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം ത്രില്ലിങ്ങും എന്‍ഗേജിങ്ങുമായ കാഴ്ചാനുഭവം സമ്മാനിക്കുന്നുണ്ട്. രണ്ടാം പകുതിയില്‍ തികച്ചും വേറിട്ടൊരു കഥയും ക്ലൈമാക്‌സും ആണെന്നതും ഒരു പുതുമയാണ്.

ഒട്ടും അമാനുഷികതയില്ലാത്ത പൊലീസ് സ്റ്റോറിയാണ് ചിത്രം. മുന്‍പ് ടൊവിനോ അവതരിപ്പിച്ചിട്ടുള്ള പൊലീസ്് വേഷങ്ങളുടെ ചെറിയൊരു സാമ്യത പോലും ഇല്ലാത്ത രീതിയില്‍ ഇതിലെ വേഷം ടൊവിനോ മനോഹരമാക്കിയിട്ടുണ്ട്. ഓരോ നോക്കിലും വാക്കിലും നടപ്പിലും ഇരുപ്പിലും വരെ അക്ഷരാര്‍ത്ഥത്തില്‍ എസ്‌ഐ ആനന്ദായി ടൊവിനോ മാറിയിട്ടുണ്ട്. മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി വളരെ സട്ടിലായി ആനന്ദിനെ അവതരിപ്പിച്ചിട്ടുണ്ട് ടൊവിനോ. കൂടാതെ കോട്ടയം നസീര്‍, മധുപാല്‍, ബാബുരാജ്, സിദ്ധിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ഹരിശ്രീ അശോകന്‍, സാദിഖ്, അസീസ് നെടുമങ്ങാട്, ശ്രീജിത് രവി, ബാലാജി ശര്‍മ്മ, പ്രേംപ്രകാശ്, നന്ദു, അര്‍ത്ഥന ബിനു, അശ്വതി മനോഹരന്‍, രമ്യ സുവി, അനഘ മായ രവി തുടങ്ങിയവരുടേയും പ്രകടനം ഏറെ മികച്ചു നില്‍ക്കുന്നതായിരുന്നു.

ജിനു വി എബ്രാഹാം ഒരുക്കിയിരിക്കുന്ന തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ല്. അതിസൂക്ഷ്മമായി കൃത്യതയോടെ ഒരുക്കിയിരിക്കുന്ന തിരക്കഥ കൊണ്ടു തന്നെ സിനിമയില്‍ വന്നുപോകുന്ന വലുതും ചെറുതുമായ ഓരോ കഥാപാത്രങ്ങള്‍ക്കും വ്യക്തമായ ഐഡന്റിറ്റി കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തൊണ്ണൂറുകളില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ റിയലിസ്റ്റിക്കായും ഒപ്പം കുറച്ച് സിനിമാറ്റിക്കായ രീതിയിലും സ്‌ക്രീനിലെത്തിക്കുന്നതില്‍ തിരക്കഥ ഏറെ വിജയിച്ചിട്ടുണ്ട്. ഓരോ നിമിഷവും ഉദ്വേഗജനകമായ രീതിയിലാണ് സിനിമ മുന്നോട്ടുപോകുന്നത്. മതത്തിന്റെ രാഷ്ട്രീയവും ദുരഭിമാനക്കൊലയുമൊക്കെ സിനിമയില്‍ വിഷയമാക്കിയിട്ടുണ്ട്.

ALSO READ:  ‘മനുഷ്യനാകണം, മനുഷ്യനാകണം’, സിനിമ ഇറങ്ങുംമുമ്പേ ഹിറ്റായ കവിത; ‘ചോപ്പ്’ ടീസര്‍ പുറത്തിറങ്ങി, ഏറ്റെടുത്ത് പ്രേക്ഷകര്‍

ആദ്യ സംവിധാന സംരംഭമായിട്ടുകൂടി ഡാര്‍വിന്‍ കുര്യാക്കോസ് എന്ന സംവിധായകന്റേത് കൈയ്യടക്കമുള്ള മേക്കിങ്ങാണ്. ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത രീതിയില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ എന്ന ഴോണറിനോട് നീതി പുലര്‍ത്തിക്കൊണ്ട് ചിത്രത്തെ ഏറെ മികവുറ്റതായി അവതരിപ്പിച്ചിട്ടുണ്ട്. അക്കാലത്തെ ഭൂപ്രകൃതി, വേഷവിധാനം, വാഹനങ്ങള്‍, മറ്റ് വസ്തുക്കള്‍ തുടങ്ങി പിരീഡ് സിനിമ എടുക്കുമ്പോഴുള്ള എല്ലാ വെല്ലുവിളികളേയും അസാധാരണമായ മേക്കിങ് കൊണ്ട് ഡാര്‍വിനും സംഘവും മറികടന്നിട്ടുണ്ട്. വിന്റേജ് കളര്‍ടോണോടുകൂടിയുള്ള ദൃശ്യങ്ങള്‍ ഒരുക്കിയ ഗൗതം ശങ്കറിന്റെ ക്യാമറയും സന്തോഷ് നാരായണന്റെ സംഗീതവും പശ്ചാത്തല സംഗീതവും ദിലീപ് നാഥിന്റെ ആര്‍ട്ടും സൈജു ശ്രീധറിന്റെ എഡിറ്റിംഗും എല്ലാം സിനിമയുടെ ടോട്ടല്‍ മൂഡിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. ഓരോ കേസുകളും അന്വേഷിച്ച് തെളിയിച്ച് അതില്‍ വിജയം കാണുന്ന പൊലീസ്് ഉദ്യോഗസ്ഥനില്‍ നിന്നും വ്യത്യസ്തമായി അയാളുടെ വികാര വിചാരങ്ങളിലേക്കും, വൈകാരിക തലങ്ങളിലേക്കും, അയാള്‍ നേരിടുന്ന അവഗണനകളിലേക്കും പിരിമുറുക്കങ്ങളിലേക്കുമെല്ലാം സിനിമ പോകുന്നുണ്ട് എന്നത് അന്വേഷണങ്ങളോടൊപ്പം അന്വേഷകരുടേയും ജീവിതവും തുറന്നുകാണിക്കുന്നുണ്ട്. മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളില്‍ ചരിത്രം തിരുത്തികുറിച്ചിരിക്കുകയാണ് അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന് നിസംശയം പറയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News