അമ്മത്തൊട്ടിലിൽ ഒരു നവാഗതൻ കൂടി, പേര് ‘ഇന്ത്യ’, ഉമ്മ വച്ചുണർത്താനും കവിളിൽ തലോടി വളർത്താനും അവനിനി ഒന്നല്ല അനേകം അമ്മമാരുണ്ട്

അമ്മത്തൊട്ടിൽ എന്ന പുതിയ സംസ്കാരം തലസ്ഥാന നഗരിയിൽ സ്ഥാപിച്ച സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സ്നേഹത്തണലിലേക്ക് ഒരു നവാഗതൻ കൂടി. ചൊവ്വാഴ്ച രാത്രി 9 മണിക്ക് നഗരം നിദ്രയുടെ ആലസ്യത്തിലേക്ക് വഴുതി വീഴാൻ തുടങ്ങവെയാണ് ഗർഭപാത്രത്തിൻറെ ചുവന്ന ഇരുട്ടിൽ നിന്ന് ജീവിതത്തിൻറെ വസന്തത്തിലേക്ക് പിറവിയെടുത്ത മൂന്നു ദിവസം പ്രായം തോന്നിക്കുന്ന ആൺകുഞ്ഞ് അതിഥിയായി എത്തിയത്. അമ്മത്തൊട്ടിലിൻറെ വിശാലമായ മുറികളിൽ താരാട്ടു പാടി ഉറക്കുവാനും ഉമ്മ വച്ചുണർത്താനും കവിളിൽ തലോടി വളർത്താനും അവനിനി ഒന്നല്ല അനേകം അമ്മമാരുണ്ട്.

ALSO READ: വ്യാപാരികളുടെ കാശ് പിടിച്ചു പറിക്കാനാണ് ശ്രമമെങ്കിൽ കർണാടക ബാങ്ക് പോലെയുള്ളവ പ്രവർത്തിക്കണോ വേണ്ടയോ എന്ന് ഡി വൈ എഫ് ഐ തീരുമാനിക്കും: ജെയ്‌ക് സി തോമസ്

മതേതരത്വത്തിൻറെയും ഐക്യത്തിൻറെയും ഏകീകരണ രൂപമായ ഇന്ത്യയെന്ന ബഹുസ്വര സമൂഹത്തിൽ രാഷ്ട്രശില്പികൾ വിഭാവനം ചെയ്ത ശാന്തിയും സമാധാനവും വിളയാടുന്ന രാഷ്ട്ര സങ്കല്പത്തിന് ഐക്യദാർഡ്യമായി പുതിയ കുരുന്നിനെ ഇന്ത്യയെന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി അറിയിച്ചു. പാലായനം ചെയ്ത് എത്തപ്പെടുന്നവരുടേയും പിന്തള്ളപ്പെടുന്നവരുടേയും അനാഥത്വത്തിൽ നിന്നും സനാഥത്വത്തിൽ എത്തപ്പെടുന്നവരുടേയും ഏകീകരണ രൂപമാണ് ഇന്ത്യ. ഇതിലേറെയും കുട്ടികളാണ്. ഇതിനായി രാജ്യത്തിൻറെ ബഹുസ്വരത എക്കാലവും ഉയർത്തിപ്പിടിക്കണം. അദ്ദേഹം പറഞ്ഞു.

അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിൽ കുട്ടിയുടെ ചിത്രവും ഭാരവും സൈറണും എത്തി. ഒപ്പം ഓഫീസിൽ ഔദ്യോഗിക ജോലികളിൽ ഏർപ്പെട്ടിരുന്ന ജനറൽ സെക്രട്ടറി ജി. എൽ. അരുൺഗോപിയുടെ മൊബൈലിലേക്കും ബീപ് സന്ദേശമെത്തി. ജനറൽ സെക്രട്ടറിയും ഡ്യൂട്ടിയിലുണ്ടായിരുന്ന നെഴ്സ് ദീപ ബി.എസ്.ഉം, ആയമാരും സുരക്ഷാ ജീവനക്കാരും തൊട്ടിലിൽ ഓടിയെത്തി പരിചരണത്തിനായി ദത്തെടുക്കൽ കേന്ദ്രത്തിലെത്തിച്ച കുട്ടിയെ ആരോഗ്യ പരിശോധനയ്ക്കായി രാത്രി 9.30-ന് എസ്.എ.ടി. ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ നിർദ്ദേശാനുസരണം തുടർചികിത്സയ്ക്കായി കുട്ടി ഇതേ ആശുപത്രിയിൽ തുടരുകയാണ്. പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിനു ശേഷം സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളിൽ ലഭിച്ച കുട്ടികൾക്ക് പേരിടുന്നതിലും സമിതി വ്യത്യസ്തത കാണിച്ചു. മഴ, വേനൽ, നില, അറിവ്, പ്രഗ്യാൻ ചന്ദ്ര എന്നിങ്ങനെ നീളുന്നു പേരുകൾ. മെയ് മാസത്തിൽ ലഭിച്ച വേനൽ ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അച്ഛനമ്മമാരുടെ കൈപിടിച്ച് സമിതിയിൽ നിന്ന് രണ്ടു ദിവസം മുമ്പ് പടിയിറങ്ങി.

ALSO READ: മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്നു

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം , കാസർഗോഡ് എന്നീ ദത്തെടുക്കൽ കേന്ദ്രങ്ങളിലും എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ശിശുപരിചരണ കേന്ദ്രങ്ങളിലുമായി 145 കുട്ടികളാണ് നിലവിൽ പരിചരണയിലുള്ളത്. 2002 നവംബർ 14-ന് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ച ശേഷം സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകൾ വഴി ലഭിക്കുന്ന 585-m മത്തെ കുട്ടിയും പുതിയ ഭരണ സമിതി ചുമതലയേറ്റ കഴിഞ്ഞ മാർച്ചിനു ശേഷം തിരുവനന്തപുരം ഹൈടെക് അമ്മത്തോട്ടിലിൽ ലഭിക്കുന്ന നാലാമത്തെ കുഞ്ഞുമാണ് ഇന്ത്യ. കുഞ്ഞിൻറെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News