‘നാഷണൽ പ്രോഗ്രസീവ് പാർട്ടി’, പുതിയ പാർട്ടി പ്രഖ്യാപിച്ച് ജോണി നെല്ലൂർ

പുതിയ പാർട്ടി പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വിട്ട ജോണി നെല്ലൂർ. നാഷണൽ പ്രോഗ്രസീവ് പാർട്ടി എന്നാണ് പേരിട്ടിരിക്കുന്നത്. മുതിർന്ന നേതാവ് വിവി അഗസ്റ്റിനാണ് പാർട്ടി ചെയർമാൻ. ജോണി നെല്ലൂർ പാർട്ടിയുടെ വർക്കിങ് ചെയർമാനായി പ്രവർത്തിക്കും. മാത്യു സ്റ്റീഫനും കെ ഡി ലൂയിസും വൈസ് ചെയർമാൻമാരാകും. സണ്ണി തോമസ്, ജോയ് എബ്രഹാം, തമ്പി എരുമേലിക്ക, സി.പി സുഗതൻ, എലിസമ്പത്ത് ജെ കടവൻ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ഡോ. ജോർജ് എബ്രഹാം ട്രഷററാകും. ഒരു പാർട്ടിയോടും അടുപ്പമില്ലെന്നും ഒരു പാർട്ടിയുടെ കീഴിലും പ്രവർത്തിക്കില്ലെന്നും പുതിയ പാർട്ടി പ്രഖ്യാപിച്ചുകൊണ്ട് ജോണി നെല്ലൂർ വ്യക്തമാക്കി. ഇതുവരെ ബി ജെ പി നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു.മൂന്ന് മാസത്തിനുള്ളിൽ പുതിയപാർട്ടിയുടെ കൊച്ചിയിൽ കൺവെൻഷൻ നടത്തുമെന്നും
ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നും ജോണി നെല്ലൂർ കൂട്ടിച്ചേർത്തു.

എന്നാൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് വേണ്ടിയാണ് ജോണി നെല്ലൂർ പുതിയ പാർട്ടി രൂപീകരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എൻഡിഎയുമായി സഹകരിച്ചുനീങ്ങാൻ പുതിയ പാർട്ടിയുടെ നേതൃനിരയിൽ ധാരണയായിട്ടുണ്ടെന്നും വാർത്തകളുണ്ട്. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ നേരിൽക്കാണാനും ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം.

യുഡിഎഫുമായി ഒരുതരത്തിലും സഹകരിക്കില്ലെന്ന് സൂചന നൽകിയായിരുന്നു ജോണി നെല്ലൂർ കേരളാകോൺഗ്രസില്നിന്നും രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. ഘടകകക്ഷികള്‍ക്ക് യുഡിഎഫില്‍ അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്നും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഉണ്ടായിരുന്ന അംഗീകാരം ഇപ്പോ‍ഴില്ലെന്നും ജോണി നെല്ലൂർ ആരോപിച്ചിരുന്നു. ഇതെല്ലം ചേർത്തുവായിക്കുമ്പോൾ ജോണി നെല്ലൂരിന്റെ പുതിയ പാർട്ടി പ്രഖ്യാപനം ബിജെപിയുമായി സഹകരിക്കാനാണെന്നു കൂടിയാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here