‘ഒരു കാന്‍സര്‍ രോഗി ഇങ്ങനെയാകണം എന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തയാണ് അവര്‍ നല്‍കിയത്’: അരുണ്‍ രാജ് പറയുന്നു

രതി വി.കെ

നൂറ് വാക്കുകളേക്കാള്‍ ഫലപ്രദമായി ഒരു ഫോട്ടോയ്ക്ക് ആളുകളോട് വ്യക്തമായും മാനസികമായും സംവദിക്കാന്‍ സാധിക്കും. അങ്ങനെ എത്രയെത്ര ചിത്രങ്ങളാണ് നമ്മളോട് കഥ പറഞ്ഞ് കടന്നുപോയത്. ഫോട്ടോഗ്രഫിയുടെ വിവിധ തലങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും കണ്‍സെപ്റ്റ് ഫോട്ടോഗ്രഫിയെ മലയാളികള്‍ അടുത്തറിയുകയും ഇഷ്ടപ്പെടുകയും ചെയ്തത് അരുണ്‍ രാജ് എന്ന യുവ ഫോട്ടോഗ്രാഫറിലൂടെയാണ്. തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന കുഞ്ഞുങ്ങളുടെ കഥ പറഞ്ഞും, പെണ്ണുങ്ങള്‍ക്കും സൂപ്പര്‍ ഹീറോയാകാമെന്ന് സമൂഹത്തിന് കാണിച്ചു നല്‍കിയും അരുണ്‍ രാജ് സോഷ്യല്‍ മീഡിയയുടെ കൈയടി വാങ്ങി. ഇപ്പോഴിതാ പുതിയൊരു കണ്‍സെപ്റ്റുമായി എത്തിയിരിക്കുകയാണ് അരുണ്‍ രാജ്. അതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പ്രണയവും വിരഹവും മാനസിക സംഘര്‍ഷങ്ങളും ഓര്‍മകളും ഒപ്പം സമൂഹത്തിന് ഒരു സന്ദേശവും പകര്‍ന്നു നല്‍കുന്നതാണ് അരുണിന്റെ പുതിയ ഫോട്ടോഷൂട്ട്. തനിക്ക് മുന്നിലൂടെ കടന്നുപോയ ജീവിതങ്ങളെ ഫോട്ടോകളിലൂടെ അടയാളപ്പെടുത്തുന്നതിനെക്കുറിച്ചും സംവിധായകനാകാനുള്ള ആഗ്രഹവുമെല്ലാം കൈരളി ഓണ്‍ലൈനിനോട് പറയുകയാണ് അരുണ്‍രാജ്.

പ്രണയവും വിരഹവും വേദനയും ഒപ്പം സോഷ്യല്‍ മെസേജും

നേരിട്ട് കണ്ടതും ആരെങ്കിലും പറഞ്ഞ് തരുന്നതും റിസര്‍ച്ച് ചെയ്തതുമായ കാര്യങ്ങളാണ് കണ്‍സെപ്റ്റ് ഫോട്ടോഗ്രഫിയിലൂടെ അവതരിപ്പിക്കുന്നത്. അങ്ങനെ ജീവിതത്തില്‍ നേരിട്ട് കണ്ട ഒരു കാന്‍സര്‍ രോഗിയുടെ ജീവിതമാണ് പുതിയ ഫോട്ടോഷൂട്ടില്‍ അവതരിപ്പിച്ചത്. പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു അവര്‍. അത്രയേറെ ആഴത്തില്‍ അവര്‍ സ്‌നേഹിച്ചിരുന്നു. അപ്രതീക്ഷിതമായാണ് അവരുടെ ജീവിതത്തിലേക്ക് കാന്‍സര്‍ വില്ലനായി എത്തുന്നത്. അവരുടെ ജീവിതമാണ് ഞാന്‍ ഫോട്ടോഷൂട്ടിലൂടെ പറയാന്‍ ശ്രമിച്ചത്. ഇവിടെ പ്രണയവും വിരഹവും കാന്‍സര്‍ രോഗികള്‍ അനുഭവിച്ചുവരുന്ന മാനസികവും ശാരീരികവുമായ വേദനകളും പുറഞ്ഞുപോകുന്നുണ്ട്. അതില്‍ ഒരു കുട്ടിക്ക് കണ്ണ് ദാനം നല്‍കുന്ന ഒരു സീന്‍ ക്രിയേറ്റ് ചെയ്തതാണ്. സോഷ്യല്‍ മെസേജ് എന്ന നിലയിലാണ് ആ രംഗം ഉള്‍പ്പെടുത്തിയത്.

ഒരു കാന്‍സര്‍ രോഗി ഇങ്ങനെയാകണം എന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തയാണ് അവര്‍ നല്‍കിയത്

ആളുകള്‍ നോക്കുമ്പോള്‍ കുറച്ച് ഫോട്ടോസ് മാത്രമേയുള്ളൂ. എന്നാല്‍ അതിന് പിന്നില്‍ കഷ്ടപ്പാടുണ്ട്. ഒരു കണ്‍സെപ്റ്റ് തെരഞ്ഞെടുത്ത് അവതരിപ്പിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചിന്തിക്കണം. പുതിയ ഫോട്ടോഷൂട്ടിന് മുന്നോടിയായി ഓങ്കോളജിസ്റ്റും ഐ സ്‌പെഷ്യലിസ്റ്റുമായി സംസാരിച്ചിരുന്നു. കൃത്യമായി റിസര്‍ച്ച് ചെയ്താണ് ഓരോ കാര്യങ്ങളും ചെയ്തത്. പുതിയ ഫോട്ടോഷൂട്ട് കണ്ട ശേഷം ഒരു പെണ്‍കുട്ടി മെസേജ് അയച്ചിരുന്നു. ‘അരുണ്‍ എപ്പോഴെങ്കിലും ഒരു കാന്‍സര്‍ രോഗിയെ കണ്ടിട്ടുണ്ടോ?, ത്വക്കിന് ഇത്രയും നിറമുണ്ടായിരിക്കുമോ?, മുടിയുണ്ടായിരിക്കുമോ?’ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചു. രോഗികളെ കാറ്റഗറൈസ് ചെയ്യുന്നതുകൊണ്ടാണ് അവരില്‍ നിന്ന് ഈ ചോദ്യം വരുന്നത്. ഒരു കാന്‍സര്‍ രോഗി ഇങ്ങനെയായിരിക്കണം എന്ന് അവര്‍ തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്. വളരെ അസ്വസ്ഥതയുളവാക്കുന്ന ചിന്തയാണ് അവര്‍ ആ മെസേജിലൂടെ എനിക്ക് നല്‍കിയത്. കാന്‍സര്‍ രോഗികളുടെ ശരീരം മരുന്നുകളോട് റിയാക്ട് ചെയ്യുമ്പോഴാണ് അവരുടെ മുടി നഷ്ടപ്പെടുന്നത്. ഇവിടെ മരുന്നുകളോട് പ്രതികരിക്കും മുന്‍പ് അവര്‍ ലോകത്തോട് വിട പറഞ്ഞു. കാണുകയും മനസിലാക്കുകയും ചെയ്ത കാര്യങ്ങളാണ് എനിക്ക് ഫോട്ടോഷൂട്ടിലൂടെ അവതരിപ്പിക്കാന്‍ കഴിയൂ.

ജീവിതങ്ങളെ കഥയാക്കുന്ന ഫോട്ടോഗ്രാഫര്‍

ഒരു സുപ്രഭാതത്തില്‍ കഥ കിട്ടി, പേപ്പര്‍ എടുത്ത് എഴുതാമെന്ന് കരുതി ഫോട്ടോസ്‌റ്റോറി ചെയ്യുന്ന ആളല്ല ഞാന്‍. ജീവിതങ്ങളെ കഥയാക്കാനാണ് താത്പര്യം. ഒരു കഥയ്ക്ക് വേണ്ടി രണ്ട് മാസത്തെ വരെ പ്രിപ്പറേഷന്‍സ് ഉണ്ട്. നാല് വര്‍ഷമായി ഈ ഫീല്‍ഡിലുണ്ട്. പ്രൊഡക്ട് ഫോട്ടോഗ്രാഫിയിലാണ് തുടങ്ങിയത്. അതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് മനസിലായതോടെയാണ് കണ്‍സെപ്റ്റ് ഫോട്ടോഗ്രഫിയിലേക്ക് എത്തുന്നത്. സ്‌ക്രിപ്റ്റ് മുതല്‍ കാസ്റ്റിംഗും എഡിറ്റിംഗും ഔട്ട് ഇറങ്ങുന്നതുവരെ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ക്രിയേറ്റീവായി ചില കണ്ടെന്റുകള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അത്തരത്തില്‍ ഒരു ആണിന് സൂപ്പര്‍ ഹീറോ ആകാമെങ്കില്‍ പെണ്ണിനുമാകാം എന്ന ചിന്തയില്‍ നിന്നായിരുന്നു ‘മിന്നല്‍ മിനി’യുണ്ടാകുന്നത്. എവിടെയും ആണുങ്ങളെ പവര്‍ഫുള്ളായാണ് അവതരിപ്പിക്കുന്നത്. ഒരു ആണിന് മിന്നല്‍ അടിച്ചാല്‍ എന്തുകൊണ്ട് പെണ്ണിനുമടിച്ചുകൂടാ എന്ന് ചിന്തിക്കുന്നില്ല.

സിനിമയാണ് സ്വപ്നം

ഡയറക്ടര്‍ എന്ന നിലയിലാണ് നിലവില്‍ ചിന്തിക്കുന്നത്. തുടക്കത്തില്‍ അങ്ങനെ ഉണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പേര്‍ പിന്തുണയുമായി എത്തുന്നുണ്ട്. ഒരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം.

തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിയാണ് അരുണ്‍ രാജ്. നിലവില്‍ ടെക്‌നോപാര്‍ക്കിലെ ഐഡൈനാമിക്‌സ് സോഫ്റ്റ്‌വെയര്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍ അസോസിയേറ്റ് ടീം ലീഡായി ജോലി നോക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News