നഗരങ്ങളിൽ കെട്ടിട നിർമാണത്തിന് ഫിസിക്കൽ വെരിഫിക്കേഷൻ ഏപ്രിൽ ഒന്നു മുതൽ നിർത്തലാക്കുന്നു:തദ്ദേശ വകുപ്പിൽ പുതിയ പരിഷ്കാരങ്ങൾ

നവകേരളസൃഷ്ടിയെ ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും സാക്ഷാൽകരിക്കാനുള്ള വിപുലമായ പ്രവർത്തന പരിപാടികളാണ് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. പുതിയ കാലത്തിനും വികസിത ജനസമൂഹത്തിന്റെ ആവശ്യങ്ങൾക്കും അനുസൃതമായി വിവിധ മേഖലകളെ നവീകരിക്കേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ആധുനികവൽകരിച്ച് വേഗത്തിൽ ലഭ്യമാക്കാനുള്ള സുപ്രധാന നടപടികൾ സർക്കാർ സ്വീകരിക്കുകയാണെന്നും വിപ്ലവകരവും സർഗാത്മകവുമായ ചില ചുവടുവെപ്പുകള്‍ ഈ ഏപ്രില്‍ ഒന്നുമുതല്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.

1. നഗരങ്ങളിൽ അപേക്ഷിച്ചാൽ ഉടനടി നിർമ്മാണ പെർമ്മിറ്റ്

സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ചെറുകിട നിര്‍മ്മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടൻ തന്നെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാക്കും. വീട് ഉൾപ്പെടെ 300 ചതുരശ്ര മീറ്റർ വരെയുള്ള ചെറുകിട കെട്ടിടനിർമാണങ്ങൾക്കാണ് ഈ സൗകര്യം. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി നല്‍കുന്നത്. പല തലങ്ങളിലുള്ള പരിശോധനയും കാലതാമസവും തടസങ്ങളും ഇതുമൂലം ഒഴിവാക്കാൻ കഴിയും. അഴിമതിയും ഇല്ലാതാക്കാം. കെട്ടിട ഉടമസ്ഥരുടെയും, കെട്ടിട പ്ലാൻ തയാറാക്കുകയും സുപ്പർവൈസ് ചെയ്യുകയും ചെയ്യുന്ന ലൈസൻസി/ എംപാനൽഡ് എഞ്ചിനീയർമാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷ നൽകുന്ന ദിവസം തന്നെ സിസ്റ്റം ജനറേറ്റഡ് പെർമിറ്റ് ലഭിക്കും. തീരദേശ പരിപാലനനിയമം, തണ്ണീർത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലകളിലല്ല കെട്ടിടനിർമാണമെന്നും കെട്ടിട നിർമാണ ചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്നുമുള്ള സത്യവാങ്‌മൂലം അപേക്ഷയിൽ നൽകണം. അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ പൂർണവും യാഥാർത്ഥവുമാണെങ്കിൽ മാത്രമേ പെർമിറ്റ് ലഭിക്കുകയുള്ളൂ. യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചാണ് പെർമിറ്റ് നേടിയതെന്ന് തെളിഞ്ഞാൽ പിഴ, നിയമവിരുദ്ധമായി നിർമിച്ച കെട്ടിടം ഉടമ സ്വന്തം ചെലവിൽ പൊളിച്ചുനീക്കൽ, എംപാനൽഡ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കൽ എന്നീ നടപടികൾ ഉണ്ടാകും. നഗരസഭകളിൽ നടപ്പാക്കിയതിന്റെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിൽ അടുത്ത ഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും.

2023 ഏപ്രിൽ ഒന്ന് മുതൽ നഗരസഭകളിൽ വീടുകളടക്കമുള്ള ചെറുകിട കെട്ടിടങ്ങളുടെ പെർമിറ്റ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥതല പരിശോധന പൂർണമായും ഒഴിവാക്കും. പെർമിറ്റ് ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്നുവെന്ന പരാതികളും അഴിമതിയുടെ സാധ്യതകളും ഇതോടെ ഇല്ലാതാകും. പുതിയ രീതി വഴി എൻജിനീയറിങ് വിഭാഗത്തിന് പദ്ധതി പ്രവർത്തനങ്ങളിൽ പൂർണമായും കേന്ദ്രീകരിക്കാനും കഴിയും.

പെർമിറ്റ് ഫീസിൽ യുക്തിസഹമായ വർധനവ് വരുത്തും. നിരക്ക് പിന്നീട് നിശ്ചയിക്കും. വിവിധ സംസ്ഥാനങ്ങളിലെ കെട്ടിടനിർമാണ പെർമിറ്റ് ഫീസ് കേരളത്തിലുള്ളതിന്റെ എത്രയോ ഇരട്ടിയാണ്. കേരളത്തിലാകട്ടെ, കാലാനുസൃതമായി ഇത് വർധിപ്പിച്ചിട്ടില്ല. വേഗത്തിലും സുഗമമായും സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആവശ്യമായ സാങ്കേതികസംവിധാനത്തിനായി ന്യായമായ ഫീസ് ആയിരിക്കും ഈടാക്കുക. പൗരന്റെ സമയം വിലപ്പെട്ടതാണ്. നഷ്ടപ്പെടുന്ന സമയം യഥാർത്ഥത്തിൽ സാമ്പത്തികനഷ്ടം കൂടിയാണ്. ആ അർത്ഥത്തിൽ സാമ്പത്തികവളർച്ചക്കുള്ള അനിവാര്യ ഘടകമാണ് യഥാസമയം സേവനം ലഭിക്കുകയെന്നത്. ഈ കാഴ്ചപ്പാടോടെയാണ് ഈ രംഗത്ത് സമഗ്രമായ മാറ്റം കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് ബോധവത്കരണം- ചട്ടങ്ങള്‍ പൂര്‍ണതോതിൽ പാലിച്ചുകൊണ്ടുള്ള കെട്ടിട നിര്‍മ്മാണം നടത്താൻ പൊതുജനങ്ങള്‍ക്ക് വിപുലമായ ബോധവത്കരണ പരിപാടിയും ഇതോടൊപ്പം തീരുമാനിച്ചിട്ടുണ്ട്. സിആര്‍സെഡ്, തണ്ണീർത്തടങ്ങള്‍ തുടങ്ങിയവ എവിടെയൊക്കെയാണെന്നും കെട്ടിട നിര്‍മ്മാണ ചട്ടങ്ങളെക്കുറിച്ചുള്ള ധാരണയും ജനപ്രതിനിധികളെയും പൊതുജനങ്ങളെയും പഠിപ്പിക്കാനുള്ള പ്രവര്‍ത്തനവും ഏറ്റെടുക്കും.

2. വസ്തുനികുതി പരിഷ്കാരവും ഇളവുകളും

ഏപ്രിൽ ഒന്നുമുതൽ കെട്ടിടങ്ങളുടെ നിലവിലുള്ള വസ്തുനികുതി 5% വര്‍ധിപ്പിക്കാനുള്ള നിയമഭേദഗതി ഇതിനകം നിയമസഭ പാസാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമായിരിക്കും. ഇതോടൊപ്പം അര്‍ഹതപ്പെട്ടവര്‍ക്ക് ഇളവുകളും നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 30 ചതുരശ്ര മീറ്റര്‍ വരെ ബിപിഎൽ വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു നികുതിയിളവ്. ഇനി സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് വസ്തുനികുതി അടയ്ക്കേണ്ടതില്ല. ഈ ഇളവ് ഫ്ലാറ്റുകള്‍ക്ക് ബാധകമല്ല. നികുതി ചോര്‍ച്ച തടയുന്നതിനും ഓരോ കെട്ടിടത്തിനും വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ കണ്ടെത്തുന്നതിനും വിപുലമായ പരിശോധന നടത്തും. ഇതനുസരിച്ച് നികുതി പുതുക്കി നിശ്ചയിക്കും. അനധികൃത നിര്‍മ്മാണം പരിശോധനയിൽ കണ്ടെത്തിയാൽ അനധികൃത ഭാഗത്തിന് മൂന്നിരട്ടി നികുതി ചുമത്തും, നടപടിയും സ്വീകരിക്കും. 1500 ചതുരശ്ര അടി വരെയുള്ള വീടുകളെ മൂന്നിരട്ടി വസ്തുനികുതി ചുമത്തുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

3.പ്രാദേശിക സാമ്പത്തിക വികസനവും വിഭവ സമാഹരണവും

സ്വന്തം വരുമാനത്തിലൂടെ തന്നെ ആവശ്യങ്ങള്‍ നിറവേറ്റാൻ കഴിയുന്ന നിരവധി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. എന്നാല്‍ നികുതി പൂര്‍ണമായി പിരിച്ചെടുക്കാത്തതും, പല കെട്ടിടങ്ങള്‍ക്കും അനുയോജ്യമായ നികുതി ചുമത്താത്തതും വരുമാനത്തില്‍ വലിയ കുറവ് ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജിഐഎസ് അധിഷ്ഠിത മാപ്പിംഗിലൂടെ എല്ലാ കെട്ടിടങ്ങളും നിര്‍മ്മാണങ്ങളും കൃത്യമായി കണ്ടെത്തി, നൂറു ശതമാനം നികുതിപിരിവ് സാധ്യമാക്കാനുള്ള ശക്തമായ ഇടപെടല്‍ നടത്തും. ജിഐഎസ് ഉള്‍പ്പെടെയുള്ള ആധുനികമായ സങ്കേതങ്ങള്‍ കാര്യക്ഷമമായി ഉപയോഗിച്ചുള്ള ഈ പ്രക്രീയയ്ക്ക് ഐകെഎം നേതൃത്വം നല്‍കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വരുമാനവു പ്രാദേശിക സമ്പദ് വ്യവസ്ഥ പൊതുവായും മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കും. വാര്‍ഷിക പദ്ധതിയിൽ ഇത്തരം പ്രൊജക്ടുകള്‍ ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

4.സ്ഥലംമാറ്റം ഓൺലൈനിൽ, മാനദണ്ഡപ്രകാരം

ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിൽ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഓൺലൈൻ വഴി സ്ഥലം മാറ്റം നടത്തുന്നതിനുള്ള സംവിധാനം അടുത്ത മാസം സജ്ജമാകും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമിടയിൽ ഉദ്യോഗസ്ഥരെ പരസ്പരം മാറുന്നതിന് സാധ്യമാകുന്ന വിധത്തിലാണ് ഈ വര്‍ഷത്തെ സ്ഥലംമാറ്റം നടക്കുന്നത്. വര്‍ഷം മുഴുവൻ തോന്നിയതുപോലെ സംഥലംമാറ്റം എന്ന രീതി മാറി, മാനദണ്ഡപ്രകാരം സമയക്രമം അനുസരിച്ച് സ്ഥലംമാറ്റം എന്ന രീതിയിലേക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് മാറുകയാണ്. ഉദ്യോഗസ്ഥരും തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരും ഇക്കാര്യത്തിൽ പൂര്‍ണമായി സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

5.ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കലും പരിശീലനവും

ഇതോടൊപ്പം തന്നെ ഏകീകൃത സര്‍വീസായി മാറിയ തദ്ദേശ സ്വയം ഭരണ വകുപ്പിലെ ജീവനക്കാരുടെ കാര്യക്ഷമതയും മാനേജ്മെന്റ് പാടവവും പൊതുജനസമ്പര്‍ക്ക മനോഭാവവും വര്‍ധിപ്പിക്കാൻ ഐഐഎം സഹകരണത്തോടെ വിപുലമായ പരിശീലന പരിപാടി നടത്തും. ജൂൺ മാസത്തിൽ ഈ പ്രക്രീയ ആരംഭിക്കാനാകും. സേവനങ്ങള്‍ പൂ‍ര്‍ണമായി ഓൺലൈൻ ആകുന്ന പശ്ചാത്തലത്തിൽ ഇതിന് ആവശ്യമായ പരിശീലനവും നല്‍കും. കൂടുതല്‍ പ്രൊഫഷണലായ തദ്ദേശ സ്വയം ഭരണ ജീവനക്കാരെ ഒരുക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം

6.എഞ്ചിനീയറിംഗ് ക്വാളിറ്റി ഇംപ്രൂവ്മെന്റ്

പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം പൊതുമരാമത്ത് പ്രവൃത്തികളാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം നിര്‍വഹിക്കുന്നത്. എന്നാല്‍ ഈ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ സംവിധാനങ്ങളുടെ അഭാവം പ്രവർത്തനങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നുണ്ട്. ഈ വിഷയം പരിഹരിക്കുന്നതിനായി ക്വാളിറ്റി മോണിറ്ററിംഗ് സംവിധാനം ഒരുക്കും. ക്വാളിറ്റി ചെക്കിംഗ് ലാബുകള്‍, സാങ്കേതിക ഉപദേശക സംവിധാനം, ഡിസൈനിംഗ് വിഭാഗം എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാളിറ്റി മോണിറ്ററിംഗ് സംവിധാനം.

7. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് റേറ്റിംഗ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ റേറ്റിംഗ് നടപ്പിലാക്കും. സേവനങ്ങളുടെ കാര്യക്ഷമത സംബന്ധിച്ച പൊതുജനങ്ങളുടെ വിലയിരുത്തലാകും(സിറ്റിസൺസ് ഫീഡ്ബാക്ക്) റേറ്റിംഗിലെ പ്രധാന ഘടകം. ഇത് അറിയാൻ പ്രത്യേക ഓൺലൈൻ സംവിധാനമൊരുക്കും. ഇതിനം പുറമേ മാലിന്യസംസ്കരണ മേഖലയിലെ നേട്ടങ്ങൾ, അതിദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ , ഫയൽ തീർപ്പാക്കുന്നതിലെ വേഗത, തനത് വിഭവസമാഹരണത്തിലെ പുരോഗതി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാകും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള റേറ്റിങ് കൊണ്ടുവരുന്നത്. എല്ലാ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കും ഫീല്‍ഡ് തലത്തില്‍ ഇടപെടുന്ന ജീവനക്കാര്‍ക്കും റേറ്റിംഗ് വേണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണനയിലാണ്.

8.സ്ഥിരം പരാതി പരിഹാര സംവിധാനം

സേവനങ്ങളെ സംബന്ധിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സംബന്ധിച്ചുമുള്ള പരാതികള്‍ പരിഹരിക്കാൻ സ്ഥിരം പരിഹാര സംവിധാനം ഒരുക്കും. ഉപജില്ല, ജില്ല , സംസ്ഥാന തലങ്ങളിൽ ഇതിനായി പരാതിപരിഹാര സ്ഥിരം അദാലത്തുകൾ രൂപീകരിക്കും. ഉപജില്ലാ പരാതി പരിഹാര അദാലത്ത് 10 ദിവസത്തിലൊരിക്കലും ജില്ലാ അദാലത്ത് 15 ദിവസത്തിലൊരിക്കലും സംസ്ഥാന അദാലത്ത് മാസത്തിലൊരിക്കലും യോഗം ചേർന്ന് പരാതികൾ പരിഹരിക്കും. പരാതികൾ ഓൺലൈൻ ആയി സമർപ്പിക്കാൻ പ്രത്യേക പോർട്ടൽ സജ്ജമാക്കും. ജനങ്ങളുടെ പരാതികൾ നേരിട്ട് സ്വീകരിക്കുന്നതിനും അദാലത്തുകൾ സംഘടിപ്പിക്കുന്നതിനും പ്രത്യേക ഉദ്യോഗസ്ഥ സംവിധാനവും ഒരുക്കും.

9.എല്ലാ സേവനങ്ങളും സ്മാര്‍ട്ടാകുന്നു

ഗ്രാമപഞ്ചായത്തുകളിലെ പ്രധാന സേവനങ്ങളെല്ലാം ഇതിനകം തന്നെ സ്മാര്‍ട്ടായിക്കഴിഞ്ഞു. ഐഎല്‍ജിഎംഎസ് സംവിധാനം വഴി കൈകാര്യം ചെയ്ത ഫയലുകളുടെ എണ്ണം ഒരു കോടി കടന്നിരിക്കുകയാണ്. ഇതിൽ 89 ശതമാനവും തീര്‍പ്പാക്കിയിട്ടുണ്ട്. നഗരസഭകളിലെ സേവനങ്ങള്‍ ഓൺലൈനിൽ ലഭ്യമാക്കാനുള്ള പ്ലാറ്റ്ഫോം കെ-സ്മാർട്ട് ഏപ്രിൽ മാസം സജ്ജമാകും. ഏപ്രിൽ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന കെ സ്മാര്‍ട്ടിൽ ജനന-മരണ രജിസ്ട്രേഷൻ, വ്യാപാര ലൈസൻസ്, പൊതുപരാതി പരിഹാര സംവിധാനം എന്നീ സേവനങ്ങള്‍ ആദ്യഘട്ടത്തിൽ ലഭ്യമാകും. നവംബര്‍ ഒന്നിന് എല്ലാ സേവനങ്ങളോടെയും പൂര്‍ണതോതിൽ കെ സ്മാര്‍ട്ട് പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ സേവനങ്ങളും മൊബൈൽ ആപ്പിലും ലഭ്യമാകും.

10. ഒപ്പമുണ്ട് ഉറപ്പാണ്- പഞ്ചായത്ത് ഓഫീസുകളിൽ പൊതുജന സേവന കേന്ദ്രങ്ങള്‍

സർക്കാരിൽ നിന്നും വിവിധ ഏജൻസികളിൽ നിന്നും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരവും മാര്‍ഗനിര്‍ദേശവും സഹായവും നൽകുന്ന പൊതുജന സേവന കേന്ദ്രങ്ങള്‍ എല്ലാ പഞ്ചായത്തിലും ഫ്രണ്ട് ഓഫീസിനോട് ചേര്‍ന്ന് ആരംഭിക്കും. പഞ്ചായത്തുകളിൽ നിയോഗിക്കപ്പെട്ട ടെക്നിക്കല്‍ അസിസ്റ്റന്റുമാർ അല്ലെങ്കിൽ കുടുംബശ്രീ ഹെൽപ്പ് ഡെസ്ക് സംവിധാനം എന്നിവ വഴിയോ, ഇവ രണ്ടുമില്ലെങ്കിൽ എംഎസ്ഡബ്ല്യൂ യോഗ്യതയുള്ളവരെ നിയമിച്ചും കേന്ദ്രം പ്രവർത്തിപ്പിക്കാം. ഏപ്രിൽ മുതൽ ഈ സംവിധാനം എല്ലാ പഞ്ചായത്തിലും നിലവിൽ വരും. പരിശീലനം കില വഴി ഉറപ്പാക്കും.

11.ദ്രവമാലിന്യ സംസ്കരണ പദ്ധതികള്‍

ഖരമാലിന്യത്തോടൊപ്പം ദ്രവമാലിന്യ സംസ്കരണവും പൊതുജനാരോഗ്യത്തിന് അനിവാര്യമാണ്. കേരളത്തിലെ കുടുവെള്ള സ്രോതസുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ വളരെ ഗൗരവത്തോടെയാണ് ഈ വിഷയത്തെ സർക്കാർ സമീപിക്കുന്നത്. കേരളത്തിൽ സൃഷ്ടിക്കപ്പെടുന്ന കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള ദ്രവമാലിന്യത്തിന്റെ സംസ്കരണത്തിന് പരിമിതമായ സംവിധാനങ്ങളേ നിലവിലുള്ളൂ. ഈ അവസ്ഥയ്ക്ക് കാതലായ മാറ്റം വരുത്തുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. മുപ്പതോളം ദ്രമാലിന്യ സംസ്കരണ പ്ലാന്റുകളുടെ നിർമ്മാണ പ്രവർത്തനം നടന്നുവരികയാണ്. ഇതിൽ പത്ത് പ്ലാന്റുകളുടെ നിർമ്മാണം 2023 മെയ് 31നകം പൂർത്തിയാകും. കൊച്ചി എളംകുളം, ബ്രഹ്മപുരം, വെല്ലിങ്ടൺ ഐലന്റ്, കൊല്ലം കുരീപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജ് (2 എണ്ണം), കണ്ണൂർ പടന്നപ്പാലം, ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ, തൃശൂ‍ർ മാടക്കത്തറ, മൂന്നാർ എന്നീ പ്ലാന്റുകളാണ് മെയ് 31 നകം പ്രവർത്തനക്ഷമമാകുന്നത്.

12.മാലിന്യം വലിച്ചെറിയുന്നത് തടയാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡുകള്‍

മാലിന്യ സംസ്കരണ പ്രവര്‍ത്തനത്തിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനുമായി എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ്, ശുചിത്വമിഷൻ, പൊലീസ് എന്നിവരുടെ പ്രതിനിധികളടങ്ങിയ സ്ക്വാഡ് എല്ലാ ജില്ലയിലും പ്രവര്‍ത്തിക്കും.

13.അര്‍ബൻ കമ്മീഷൻ

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി അതിദ്രുതഗതിയിൽ നഗരവൽകരണം നടക്കുന്ന ഇടമാണ് കേരളം. ഭൂവിനിയോഗരീതികൾ, ജീവിതശൈലി, മാലിന്യസംസ്കരണം തുടങ്ങിയ വിഷയങ്ങൾ സങ്കീർണമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നവകേരളത്തിന് അനുയോജ്യമായ നഗരനയം രൂപീകരിക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദഗ്ധരെയടക്കം ഉൾപ്പെടുത്തി കമീഷനെ നിയമിക്കും. പുതിയ സംവിധാനത്തിലേക്ക് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും മികച്ച രീതിയിൽ പരിവർത്തിപ്പിക്കാൻ ഇടപെടല്‍ നടത്തും.

14. അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണം

കേരളത്തിലെ നഗരങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ക്രമവത്കരിക്കുന്നതിന് 2018ല്‍ ചട്ടം പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത ചട്ടപ്രകാരം 2017 ജുലൈ 31ന് മുൻപ് നിര്‍മ്മാണം ആരംഭിച്ച കെട്ടിടങ്ങളാണ് ക്രമവത്കരിക്കാൻ സാധിക്കുന്നത്. ഇതുപ്രകാരം ക്രമവത്കരണ അപേക്ഷ നല്‍കാനുള്ള കാലപരിധി അവസാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കുന്നതിനുള്ള പുതിയ വ്യവസ്ഥകളടങ്ങിയ ചട്ടം പുറപ്പെടുവിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. 2019 നവംബര്‍ 7ന് മുൻപ് നിര്‍മ്മാണം ആരംഭിച്ച കെട്ടിടങ്ങള്‍ ക്രമവത്കരിക്കാൻ കഴിയും. ഇതിനുള്ള നിയമ ഭേദഗതിക്ക് നിയമസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. ചട്ടം പുറപ്പെടുവിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു. ചട്ടം പുറപ്പെടുവിക്കുന്നതോടെ പൊതുജനങ്ങള്‍ക്ക് അപേക്ഷ നല്‍കാൻ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News