കഴിഞ്ഞുപോയത് ഭൂമിയിലെ ഏറ്റവും ചൂടുകൂടിയ എട്ടു വർഷങ്ങൾ!

ലോകം വരൾച്ചയിലും വെള്ളപ്പൊക്കത്തിലും വിറങ്ങലിച്ച ഒരു കാലഘട്ടം കടന്നുപോകുമ്പോൾ അതിനുള്ള ഒരേയൊരു കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ലോക കാലാവസ്ഥാശാസ്ത്ര സംഘടന വ്യക്തമാക്കുന്നത്. കിഴക്കൻ ആഫ്രിക്കയിലെ അതിവരൾച്ചയും പാക്കിസ്ഥാൻ നേരിട്ട വെള്ളപ്പൊക്കവും ചൈനയും യൂറോപ്പും നേരിട്ട ഉഷ്ണ തരംഗവും നിരവധിയായ മനുഷ്യരുടെ ജീവനെടുത്തതിനൊപ്പം തന്നെ ഭക്ഷ്യ പ്രതിസന്ധിക്കും കൂട്ട പലായനത്തിനും കാരണമായിരുന്നു. അതിനു പരിഹാരമായി വേഗത്തിലും ആഴത്തിലുള്ള ഹരിതഗൃഹവാതക നിയന്ത്രണമാണ് വേണ്ടതെന്നാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്.

പോയ വർഷം യൂറോപ്പ് നേരിട്ട ഏറ്റവും വലിയ ഉഷ്ണ തരംഗത്തിൽ 15,700 പേരാണ് മരിച്ചത്. പാക്കിസ്ഥാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം ആ രാജ്യത്തിൻറെ നാലിലൊന്ന് ഭൂപ്രദേശത്തെയും വെള്ളത്തിനടിയിലാക്കുകയും ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെക്കുകയും ചെയ്തു. കിഴക്കൻ ആഫ്രിക്കയിലെ വരൾച്ച ഭക്ഷ്യ പ്രതിസന്ധി കടുപ്പിച്ചു. കഴിഞ്ഞവർഷം ജൂണിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കൊല്ലപ്പെട്ടത് 700 മനുഷ്യരാണ്.

ലാ നിന പ്രതിഭാസം മൂലം ഉണ്ടാകേണ്ട അന്തരീക്ഷ താപനിലയിലെ കുറവും ഏശാത്ത വർഷമാണ് കടന്നുപോയത്. 1850 മുതൽ 1900 വരെയുള്ള കാലഘട്ടത്തിൽ ഉണ്ടായിരുന്ന താപനിലയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് നിലവിലെ താപനില. ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം മൂലം ആഗോളതാപനം ഉണ്ടാവുകയും സമുദ്ര താപനില വർദ്ധിക്കുകയും ചെയ്യുന്നതാണ് പ്രധാനപ്പെട്ട കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണമെന്നാണ് വ്യക്തമാവുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News