ക്രിക്കറ്റ് ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിന് അനായാസ ജയം. ഇംഗ്ലണ്ടുയര്‍ത്തിയ 282 റണ്‍സ് 9 വിക്കറ്റുകള്‍ ബാക്കി നില്‍കെ 36.2 ഓവറില്‍ ന്യൂസിലന്‍ഡ് മറികടന്നു. 2019 ലോകകപ്പ് ഫൈനലില്‍ കപ്പിനും ചുണ്ടിനുമിടയില്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കേണ്ടി വന്ന ന്യൂസിലന്‍ഡ് ആ കലിപ്പ് അടക്കിയിരിക്കുകയാണ്. സെഞ്ച്വറി നേടിയ ഡെവോണ്‍ കോണ്‍വേയും (121 പന്തില്‍ 152), രചിന്‍ രവീന്ദ്രയും (96 പന്തില്‍ 123) ചേര്‍ന്ന് പൂവ് പറിക്കും പോലെ ലാഘവത്തിലാണ് നിലവിലെ ചാമ്പ്യന്മാരെ തകര്‍ത്തത്.
ഇംഗ്ലണ്ടിന്‍റെ ഒരു ബോളറിനും കോണ്‍വേ- രചിന്‍ സഖ്യത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. ന്യൂസിലന്‍ഡിന് വേണ്ടി ഓപ്പണറായി ഇറങ്ങിയ വില്‍ യങ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായതൊഴിച്ചാല്‍ ഇംഗ്ലണ്ടിന് വോറെന്നും ചെയ്യാനായില്ല. സാം കറണ്‍ എറിഞ്ഞ പന്ത് ജോസ് ബട്‌ലറുടെ കയ്യിലെത്തിയതോടെയാണ് വില്‍ യങ് പുറത്തായത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിലാണ് 282 റണ്‍സ് നേടിയത്. 86 പന്തില്‍ 77 റണ്‍സെടുത്ത ജോ റൂട്ട്, 42 പന്തില്‍ 43 റണ്‍സെടുത്ത ക്യാപ്ടന്‍ ജോസ് ബട്‌ലര്‍, 35 പന്തില്‍ 33 റണ്‍സെടുത്ത ബെയര്‍സ്റ്റോ എന്നിവരുടെ കരുത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്.
അതേസമയം, 2011 ശേഷം ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് വേള്‍ഡ് കപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഗാലറി കാലിയായത് വലിയ ചര്‍ച്ചയായി. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തിനാണ് കളികാണാൻ ആളുകളെത്താത്തത്. സംഭവം ബിസിസിഐക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.
1.15 ലക്ഷം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഗാലറില്‍ 10000 പേരോളമെ എത്തിയിട്ടുള്ളു. ലോക പ്രശസ്തരായ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി.
ALSO READ: 2030 ലോകകപ്പ് : പോര്‍ച്ചുഗല്‍ ഉൾപ്പെടെ 6 രാജ്യങ്ങൾ ആതിഥേയർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here