അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു കോട്ടയം മെഡിക്കൽ കോളജിലെ ഐസിയുവിൽ തുടരുന്നു. മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് കുട്ടിയെ പരിശോധിക്കുന്നത്. മാസം തികയാതെ ജനിച്ചതിനാൽ കുട്ടിയുടെ അവയവങ്ങൾ വളർച്ച എത്തിയിട്ടില്ല. ശ്വാസകോശത്തിനാണ് പ്രധാനമായും ചില പ്രശ്നങ്ങൾ നേരിടുന്നത്. അതിനാൽ കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെടുന്നുണ്ട്.
കുട്ടിക്ക് ജനിച്ച ശേഷം മുലപ്പാൽ ലഭിക്കാതിരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജനിച്ചശേഷം ഏറെനേരം നിറുത്താതെ കരഞ്ഞതിൻ്റെ ആരോഗ്യ പ്രശ്നവും കുഞ്ഞിനുണ്ട്. അതിനാൽ 48 മണിക്കൂർ കഴിയാതെ ആരോഗ്യസ്ഥിതി സംബന്ധിച്ച് എന്തെങ്കിലും പറയാൻ കഴിയില്ലെന്നാണ് ഡോക്ടർമാരിൽ നിന്നും ലഭിക്കുന്ന വിവരം.
പത്തനംതിട്ട ആറന്മുളയിലാണ് പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ മാതാവ് ബക്കറ്റിൽ ഉപേക്ഷിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയിൽ നിന്നും വിവരമറിഞ്ഞ ചെങ്ങന്നൂർ പൊലീസാണ് കുട്ടിയെ കണ്ടെടുത്തതും രക്ഷപ്പെടുത്തിയതും. സംഭവത്തിൽ കുട്ടിയുടെ മാതാവായ ആറന്മുള കോട്ട സ്വദേശിനിയായ യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ്, IPC നിയമങ്ങൾ പ്രകാരം പൊലീസ് കേസെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here