“ന്യൂസ്‌ ക്ലിക്കിൽ നടന്ന റെയ്ഡും മാധ്യമപ്രവർത്തകരുടെ അറസ്റ്റും ആസൂത്രിതം”: വെളിപ്പെടുത്തലുമായി പരഞ്ജോയ് ഗുഹ തക്കൂർത്ത

ന്യൂസ്‌ ക്ലിക്കിൽ നടന്ന റെയ്ഡും മാധ്യമപ്രവർത്തകരുടെ അറസ്റ്റും  മോദി ഭരണകൂടം വളരെ ആസൂത്രിതമായി  നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു പദ്ധതിയുടെ ഭാഗമാണെന്ന് ചോദ്യം ചെയ്യലിന് വിധേയനായ മാധ്യമപ്രവർത്തകനും അക്കാദമിക്കുമായ പരഞ്ജോയ് ഗുഹ തക്കൂർത്ത. ചിന്ത പബ്ലിഷേഴ്സ് എഡിറ്റർ കെ എസ് രഞ്ജിത്തുമായി നടത്തിയ സംഭാഷണത്തിലാണ് സുപ്രധാന അക്കാദമിക് സ്ഥാപനങ്ങളിലെ അധ്യാപകന്‍, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ എഡിറ്റർ , നിരവധി ദേശീയ മാധ്യമ സ്ഥാപനങ്ങളുടെ ഉപദേശകൻ എന്നീ നിലകളിൽ പ്രവർത്തിച്ച പരഞ്ജോയ് ഗുഹ തക്കൂർത്ത മോദി സര്‍ക്കാരിന്‍റെ നീക്കങ്ങളെ കുറിച്ച് സംസാരിച്ചത്.

ന്യൂസ്‌ക്ലിക്ക് റെയ്ഡ് ചെയ്ത് ചോദ്യം ചെയ്യാൻ കൊണ്ടുപോയ 46 പേരിൽ വിഖ്യാത മാധ്യമപ്രവർത്തകനും അക്കാദമിക്കുമായ പരഞ്ജോയ് ഗുഹ തക്കൂർത്തയുമുണ്ടായിരുന്നു.

ന്യൂസ്‌ ക്ലിക്കിൽ നടന്ന റെയ്ഡും മാധ്യമപ്രവർത്തകരുടെ അറസ്റ്റും  മോദി ഭരണകൂടം വളരെ ആസൂത്രിതമായി  നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു പദ്ധതിയുടെ ഭാഗമാണ്.  ന്യൂസ്ക്ലിക്ക് പോർട്ടൽ നടത്തുന്ന ഉടമകൾക്കും തൊഴിലാളികൾക്കുമെതിരെ ദില്ലി പൊലീസ് എടുത്ത നടപടി അതാണ് കാണിക്കുന്നത്. സ്ഥാപക എഡിറ്ററായ പ്രബീർ പുർകായസ്തയും എച്ച്ആർ ഡിപ്പാർട്ട്മെന്റിലെ അമിത് ചക്രവർത്തിയും ഇപ്പോ‍ഴും പൊലീസ് കസ്റ്റഡിയിലാണ്.

കൺസൾട്ടന്‍റായ ഞാന്‍,  ജൂനിയർ ജേണലിസ്റ്റുകൾ, ട്രെയിനികൾ, പ്രൊബേഷനിലിരിക്കുന്നവർ, കോപ്പി ഡെസ്‌കിലിരിക്കുന്ന ചെറുപ്പക്കാർ, കേരളത്തിൽ നിന്നുള്ള ചെറുപ്പക്കാരിയായ ജേണലിസ്റ്റ് അനുഷ, ഗ്രാഫിക് ഡിസൈനർമാർ എന്നിവർക്കുമൊക്കെ എതിരെ നടത്തിയ നീക്കങ്ങൾ രാജ്യത്തെ പത്രപ്രവർത്തകരിൽ ഭീതി പടർത്താൻ ഉദ്ദേശിച്ചുതന്നെ ചെയ്തതാണ്.

ന്യൂസ്‌ക്ലിക്കുമായി സഹകരിച്ച മുഴുവൻ പേർക്കുമെതിരെ വ്യാപകമായി നടത്തിയ ഈ നീക്കം കൃത്യമായ ഉദ്ദേശ്യത്തോടെയുള്ളതാണ് . തങ്ങൾക്കെതിരെ എഴുതുന്ന ആർക്കെതിരെയും ഇത്തരം നടപടികൾ ഉണ്ടാകും എന്നതിന്റെ മുന്നറിയിപ്പാണിത്. വെളുപ്പാൻകാലത്ത് വലിയൊരു സംഘം പൊലീസുകാർ വീട്ടിൽ ഇടിച്ചു കയറുക,ഫോണും കംപ്യൂട്ടറും പോലുള്ള നിങ്ങളുടെ സ്വകാര്യ ഇലക്ട്രോണിക് ഉപകരണങ്ങൾ എടുത്തുകൊണ്ടുപോവുക, പാസ്സ്പോർട്ടുപോലുള്ള രേഖകൾ എടുക്കുക, 1975–77 ലെ അടിയന്തരാവസ്ഥക്കാലത്തിനു ശേഷം, രാജ്യത്തെ മാധ്യമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇതൊന്നും കേട്ടുകേൾവി പോലുമില്ലാത്തതാണ്.

ALSO READ:  ഗാസയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ നടത്തിയ റോക്കറ്റാക്രമണം: അപലപിച്ച് അറബ് രാജ്യങ്ങൾ

അടിയന്തരാവസ്ഥക്കാലത്ത് 19 മാസത്തോളം ഇന്ദിര ഗാന്ധിയുടെ രാഷ്ട്രീയത്തെ എതിർത്തു എന്നതിന്റെ പേരിൽ മാത്രം പത്രപ്രവർത്തകരും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും ജയിലിൽ കിടന്നിരുന്നു. Midnight knock എന്ന പേരിൽ കുപ്രസിദ്ധമാണ് അന്നത്തെ പൊലീസ് നടപടികൾ. ഇന്ന് നടക്കുന്നത് Early morning alarm ആണ്. വെളുപ്പാൻകാലത്ത് കതകിൽ പൊലീസിന്റെ മുട്ടുകേട്ടാണ് ഉറക്കമുണരുന്നത്.

ഇത് അത്യസാധാരണ നടപടിയാണ് എന്ന് ഞാൻ പറയാൻ കാര്യം, നൂറുകണക്കിന് പൊലീസുകാർ ഒരേ സമയം ഇത്തരമൊരു ആക്ഷനിൽ പങ്കാളിയായി ഏതാണ്ട് 45 മാധ്യമ പ്രവർത്തകരെ വളഞ്ഞുപിടിക്കുന്നു എന്നതുകൊണ്ടുകൂടിയാണ്. ദേശീയ തലസ്ഥാനമായ ദില്ലിയിലും മുംബൈയിലും ഹൈദരാബാദിലും കേരളത്തിലും വരെ ഈ പൊലീസ് നടപടി ഒരേസമയം അരങ്ങേറി. ഇത്തരത്തിൽ ഏകീകൃതമായ ഒരു നീക്കം ഇതിനു മുൻപൊരിക്കലും ഉണ്ടായിട്ടില്ല.

ഇതൊരു യാദൃച്ഛിക സംഭവമല്ല. ന്യൂസ്‌ക്ലിക്കിനെതിരെ മാത്രമുള്ള നടപടിയുമല്ല,സ്വതന്ത്രമായ പത്രപ്രവർത്തനത്തെ തടയാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അനുമതി പൗരന് നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)എ യുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത ഒന്നാണിത്.

ചോദ്യം ചെയ്യലില്‍ പൊലീസ് പുറമെ യാതൊരു മര്യാദകേടും എന്നോട് കാട്ടിയില്ല. 6.30 നാണ് പൊലീസ് വീട്ടിലെത്തുന്നത്. വീട്ടിൽ നിന്നും 8.30 ന് പുറപ്പെട്ട് ലോധി കോളനിയിലുള്ള ദില്ലി പൊലീസിന്‍റെ സ്പെഷ്യൽ സെല്ലിൽ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരം 6 മണി വരെ നീണ്ടു. പ്രത്യക്ഷത്തിൽ വളരെ മര്യാദയോടുകൂടിയാണ് എന്നോടവർ പെരുമാറിയത്. 75 വയസ്സ് കഴിഞ്ഞ പ്രബീർ പുർകായസ്തയോടും ചോദ്യം ചെയ്യലിന് ഇരയായ മറ്റുള്ളവരോടും ഇതേ മര്യാദ അവർകാട്ടിയിരുന്നുവോ എന്നെനിക്കറിയില്ല.

എന്റെ കൈവശമുണ്ടായിരുന്ന ഫോണിലെ ഡാറ്റ മുഴുവനും, സ്വകാര്യ ഡാറ്റകൾ അടക്കം, എക്സ്ട്രാക്ട് ചെയ്തതിനു ശേഷം അതവർ തിരിച്ചു തന്നു. എനിക്കറിയാൻ കഴിഞ്ഞത് പലരുടെയും ലാപ്ടോപ്പുകളും ഹാർഡ് ഡിസ്കുകളും ഇപ്പോഴും ദില്ലി പൊലീസിന്റെ കൈവശമാണ് എന്നാണ്.

ഏതാണ്ട് ഒരേ സ്വഭാവമുള്ള ചോദ്യങ്ങളാണ് അവർ ചോദിച്ചത്. ന്യൂസ് ക്ലിക്കുമായുള്ള ബന്ധം, എത്ര പണമാണ് അവിടെ നിന്നും ലഭിക്കുന്നത്, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്, ന്യൂസ്ക്ലിക്ക് നൽകിയ പണമുപയോഗിച്ച് വിദേശ യാത്രകൾ നടത്തിയിട്ടുണ്ടോ, ദില്ലിയില്‍ മുൻപ് നടന്ന ഹിന്ദു – മുസ്‌ലിം വർഗീയ ലഹളകളെക്കുറിച്ച് ഞാൻ എന്തെങ്കിലും എഴുതിയിട്ടുണ്ടോ ,കർഷക സമരത്തെക്കുറിച്ച് എഴുതിയിട്ടുണ്ടോ , കൊവിഡ് കാലത്ത് മോഡി സർക്കാർ കൈക്കൊണ്ട നടപടികളെ വിമർശിച്ച് എഴുതിയിട്ടുണ്ടോ എന്നൊക്കെയാണ് ചോദ്യങ്ങൾ. ഇത് പലതും എന്റെ മേഖലയല്ല എന്ന് ഞാൻ പറഞ്ഞു. അതേസമയം, കർഷക സമരത്തെക്കുറിച്ച് വിശദമായി ഞാൻ എഴുതിയിട്ടുണ്ട് എന്നും പറഞ്ഞു.

സിഗ്നൽ ആപ്ലിക്കേഷൻ ഞാൻ ഉപയോഗിച്ചുണ്ടോ എന്നവർ ചോദിച്ചു. ഉണ്ട് എന്ന് ഞാൻ മറുപടി നൽകി. ലോകത്തുള്ള പലരുമായും ഇതുപയോഗിച്ച് ഞാൻ സംസാരിച്ചിട്ടുണ്ട് എന്നും പറഞ്ഞു . ഹോങ്കോങ്ങിലുള്ള ആരെങ്കിലുമായും ഇത്തരത്തിൽ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അവർ ചോദിച്ചു . ഉണ്ട് എന്ന് ഞാൻ പറഞ്ഞു . ഒരു ബുക്ക് റിവ്യൂ സംബന്ധിച്ച് ഹോങ്കോങ്ങിലുള്ള ഒരെഴുത്തുകാരനുമായി ഞാൻ സംസാരിക്കുകയും അത് ന്യൂസ്‌ക്ലിക്കിൽ അച്ചടിച്ചുവരികയും ചെയ്തിട്ടുണ്ട് . പൊതു മണ്ഡലത്തിലുള്ള ഒരു വിവരമാണത് .ഓസ്‌ട്രേലിയയിലുള്ള ഒരാളുമായി ഞാൻ സംസാരിച്ചിട്ടുണ്ടോ എന്ന് അവർ ചോദിച്ചു . ഉണ്ട് എന്ന മറുപടി ഞാൻ നൽകി. അദാനി വാച്ച് എന്ന ഒരു വെബ്സൈറ്റിനായി ഞാൻ എഴുതുന്നുണ്ട്.

അതിനവർ എനിക്ക് നിയമാനുസൃതമായി പ്രതിഫലവും നൽകുന്നുണ്ട് . ന്യൂസ്‌ക്ലിക്കിൽ നിന്ന് ലഭിച്ച പ്രതിഫലം പോലെ തന്നെയാണത് . ബാങ്ക് അക്കൗണ്ടിലൂടെ മാത്രം എനിക്ക് ലഭിച്ച പ്രതിഫലമാണത്. ഇത് സംബന്ധിച്ച എല്ലാ രേഖകളും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ കൈവശവുമുണ്ട്. ഇത് സംബന്ധിച്ച പല ചോദ്യങ്ങളും പരിഹാസ്യമായവ ആയിട്ടാണ് എനിക്ക് തോന്നിയത് .

അമേരിക്കയിലുള്ള സഞ്ജയ് ഭട്നഗർ എന്നൊരാളുമായി ഞാൻ സംസാരിച്ചുവോ എന്നതായിരുന്നു ഒരു ചോദ്യം. സംസാരിച്ചു എന്ന് ഞാൻ മറുപടി നൽകി .എന്റെ ഭാര്യയുടെ സഹോദരനാണയാൾ. പൊലീസിലെ അസിസ്റ്റന്റ് കമ്മീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്. നെവിൽ റോയ് സിങ്കത്തെ എനിക്കറിയാമോ എന്നും അവർ ചോദിച്ചു. ഇല്ല എന്ന് ഞാൻ പറഞ്ഞു.

ഞാൻ ചോദിക്കുന്ന ഈ ചോദ്യത്തിന് താങ്കൾക്ക് നേരിട്ടൊരു ഉത്തരം തരാൻ കഴിയുമോ എന്നെനിക്കറിയില്ല. എങ്കിലും ചോദിക്കട്ടെ .WMH ഇന്നൊരു പ്രസ് റിലീസ് ഇറക്കുകയുണ്ടായി. ന്യൂസ്‌ക്ലിക്കിന് അവർ നൽകിയ നിക്ഷേപത്തുകയുടെ സ്രോതസ് അവർ അതിൽ വ്യക്തമാക്കുന്നുണ്ട്. പ്രബീർ പുർകായസ്തയും നെവിലും ഒരുമിച്ച് ജോലി ചെയ്തിരുന്ന ഐ ടി കമ്പനിയായ Thought works വിറ്റപ്പോൾ ലഭിച്ച തുകയാണ് ന്യൂസ്‌ക്ലിക്‌ എന്ന മാധ്യമ സ്ഥാപനത്തിൽ അവർ നിക്ഷേപിച്ചത് എന്നാണ്. ഇത് സംബന്ധിച്ച് താങ്കൾക്ക് എന്തെങ്കിലും കൂടുതൽ പറയാനുണ്ടോ?

ഈ പ്രസ്താവന ആ കമ്പനി നൽകിയതാണ്. ന്യൂസ്‌ക്ലിക്കിന് അവർ നൽകിയ തുക സംബന്ധിച്ച ആ പ്രസ്താവനയിൽ ഒന്നും തന്നെ കൂടുതലായി പറയാൻ എന്റെ കൈവശം വിവരമൊന്നുമില്ല. ഇതുമായി ബന്ധമുള്ള ആരെയും എനിക്ക് വ്യക്തിപരമായി പരിചയവുമില്ല. ഞാൻ ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരനോ ഡയറക്ടർ ബോർഡ് അംഗമോ ഒന്നുമല്ല .2018 മുതൽ ഞാനവിടെ ഒരു കൺസൾട്ടന്റ് മാത്രമാണ് .

അതിന്റെ കൃത്യമായ പ്രതിഫലവും അവർ എനിക്ക് നൽകിയിട്ടുണ്ട്. ആദ്യം പ്രതിമാസം 1 .5 ലക്ഷം രൂപ, ടി ഡി എസ് പിടിച്ചിട്ട് 1 .35 ലക്ഷം രൂപയാണ് എന്റെ ബാങ്ക് അക്കൗണ്ടിൽ വന്നിരുന്നത്. പിന്നീട് സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ അത് ഒരു ലക്ഷമായി കുറച്ചു . കൊവിഡിന് ശേഷം ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിലാണ്ടപ്പോൾ ന്യൂസ്‌ക്ലിക്കും പ്രതിസന്ധിയിലായി. ഈ സമയത്ത് നിരവധി മാസങ്ങൾ ഒരു പ്രതിഫലവും പറ്റാതെയാണ് ഞാൻ പ്രവർത്തിച്ചത്. 2018 മുതൽ കഴിഞ്ഞ 5 വർഷമായി ഈ ബന്ധമാണ് ഞാനും ന്യൂസ്‌ക്ലിക്കുമായുള്ളത്.

കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യൻ മാധ്യമ രംഗത്ത് നടന്നു വരുന്ന കുറെ സംഭവങ്ങളുണ്ട്. എൻഡിടിവിയുടെ നിയന്ത്രണം മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന അദാനി കൈപ്പിടിയിലാക്കുക, ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ഡോക്യൂമെന്ററിയുടെ പേരിൽ ബിബിസി യെപ്പോലൊരു സ്ഥാപനത്തിൽ കേന്ദ്ര ഏജസികൾ കയറിയിറങ്ങുന്ന സാഹചര്യം ഉണ്ടാവുക . മാധ്യമ പ്രവർത്തകർക്കുമേൽ യുഎപിഎ പോലുള്ള ഭീകര നിയമങ്ങൾ ചുമത്തി അവരെ ജയിലിൽ അടയ്ക്കുക, സംഘപരിവാറിന്റെ രാഷ്ട്രീയത്തിനെതിരെ ഉയരുന്ന ശബ്ദങ്ങളെയെല്ലാം ഇല്ലാതാക്കുന്ന അവസ്ഥയാണ്.

ചില ഓൺലൈൻ മാധ്യമങ്ങൾക്കുനേരെ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളല്ല ഇതൊക്കെ. ശക്തമായ രാഷ്ട്രീയ നിലപാടെടുക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾ പോലും വേട്ടയാടപ്പെടുകയാണ്. ദൈനിക് ഭാസ്കറിന്റെ കാര്യം തന്നെ ഉദാഹരണം . ഇന്ത്യയിൽ ഏറ്റവും വ്യാപകമായി പ്രചാരമുള്ള ഹിന്ദി ദിനപത്രമാണ് ദൈനിക് ഭാസ്കർ. പിന്നെ ഓൺലൈൻ മാഗസിനായ ന്യൂസ് ലോൺട്രി, ദി വയർ തുടങ്ങിയവ. പല സ്വഭാവത്തിലുള്ള നടപടികളാണ് ഇവയ്ക്കൊക്കെ എതിരെ നടക്കുന്നത്. ചിലപ്പോൾ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്, ചിലപ്പോൾ ഇ ഡി, ചിലപ്പോൾ പൊലീസ് നടപടി, ചിലപ്പോൾ അപകീർത്തി കേസ്.

എനിക്കെതിരെ 6 അപകീർത്തികേസുകളുണ്ട്. എനിക്കെതിരെയുള്ള കേസുകളെല്ലാം ഗൗതം അദാനിയുടെ വക്കീലന്മാർ നൽകിയതാണ്. ഈ സംഭവപരമ്പരകളെല്ലാം ചേർത്ത് ഒരുമിച്ചു നോക്കിയാൽ നമുക്കിതിലൊക്കെ ഒരു പ്രത്യേക പാറ്റേൺ കാണാൻ കഴിയും. സ്വതന്ത്രമായ മാധ്യമപ്രവർത്തനം തടസപ്പെടുത്തുക എന്ന ഏക ഉദ്ദേശ്യത്തോടുകൂടി പല രീതിയിലുള്ള മാർഗങ്ങൾ പ്രയോഗിക്കുകയാണ്. ഇതിന്റെ ഫലം നോക്കൂ.

ഇന്ന് മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ റാങ്ക് താഴോട്ട് പോയിരിക്കുന്നു. ഒരു പത്രസമ്മേളനം നടത്താൻ തയ്യാറാകാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. താൻ തിരഞ്ഞെടുക്കുന്ന തന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടും എന്നുറപ്പുള്ള പത്രപ്രവർത്തകരുമായുള്ള വ്യക്തിഗത സംഭാഷണങ്ങൾ നടത്താൻ മാത്രമാണ് മോദി തയാറാകുന്നത്. ഇത്തരത്തിലുള്ളവരുടെ ഒരു ലിസ്റ്റുണ്ട്.

അത് തുറന്നുപറയാൻ എനിക്ക് മടിയില്ല. രജിത് ശർമ്മ, അഞ്ജന ഓംകാർ, സുധീർ ചൗധരി, ദീപക് ചൗരസ്യ ,അർണാബ് ഗോസാമി, നാവിക കുമാർ എന്നിവരൊക്കെയാണ് പ്രധാനമന്ത്രിയുടെ മാധ്യമ പ്രവർത്തക ലിസ്റ്റിൽ പെട്ടവർ. അവർ അദ്ദേഹത്തോട് ചോദിക്കുന്ന ചോദ്യങ്ങളാകട്ടെ രസകരമാണ് .

ഒരു ഫോളോ അപ്പ് ചോദ്യങ്ങളും അവർ ചോദിക്കില്ല. അദ്ദേഹം ഇന്റർവ്യൂ കൊടുക്കുന്ന മറ്റു ചിലർ ചില സിനിമാതാരങ്ങളാണ്, അക്ഷയ കുമാറിനെപ്പോലെയുള്ളവർ. അവർ ചോദിക്കുന്ന ചോദ്യങ്ങളോ… താങ്കൾ എങ്ങനെയാണ് മാങ്ങ കഴിക്കുന്നത്? കടിച്ചാണോ അതോ ഈമ്പിക്കുടിച്ചാണോ? ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ജനാധിപത്യത്തിന്റെ അമ്മയായ രാജ്യത്തിന്റെ പ്രധാനമന്ത്രി… അവിടെയാണ് ഇത്തരമൊരു മനോഭാവം നിലനിൽക്കുന്നത്.

കണ്ടുവരുന്ന മറ്റൊരു കാര്യം മാധ്യമങ്ങളിൽ മഹാഭൂരിപക്ഷവും തങ്ങളുടെ കടമ മറക്കുന്നു എന്നതാണ്. ചോദ്യങ്ങൾ ചോദിക്കുക. ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിക്കുക എന്നത് അവർ പാടെ മറന്ന മട്ടാണ്. പ്രധാനമന്ത്രിയോടാകട്ടെ, അധികാര കേന്ദ്രങ്ങളുടെ തലപ്പത്തുള്ളവരോട്, മറ്റുയർന്ന സ്ഥാനങ്ങൾ അലങ്കരിക്കുന്നവരോട് – ബ്യൂറോക്രസിയുടെ തലപ്പത്തുള്ളവർ, വകുപ്പ് മേധാവികൾ – ഇവരോടൊക്കെയും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിക്കുക എന്നത് ഇവർ വിസ്മരിച്ചിരിക്കുകയാണ്.

നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് കേന്ദ്ര സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യാൻ ആരെങ്കിലും തുനിഞ്ഞാൽ ഉടനെ നിങ്ങളെ രാജ്യദ്രോഹിയായി മുദ്രകുത്തുകയായി .നിങ്ങൾ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാത്തവനായി . ന്യൂസ്‌ക്ലിക്കിന്റെ കാര്യം തന്നെയെടുക്കൂ. ആദ്യ എഫ്ഐആർ കിട്ടിയിത് ഒരു മാസം മുൻപാണ്. പൊലീസ് ആക്ഷൻ നടക്കുന്നത് ഒക്ടോബർ 3 നാണ്. രാജ്യവിരുദ്ധരായ ഒരു സംഘം ആൾക്കാർ, ഇടതുപക്ഷക്കാരും നക്സലൈറ്റുകളും അവർ രാജ്യത്തിന്റെ അതിർത്തികൾ മാറ്റിവരയ്ക്കാൻ ശ്രമിക്കുകയാണ്.

അരുണാചൽപ്രദേശിനെയും ജമ്മുകാശ്മീരിനെയും ഇന്ത്യയിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിക്കുകയാണ്. പരിഹാസ്യമല്ലേ എഫ് ഐ ആറിൽ പറഞ്ഞിരിക്കുന്ന ഈ ആരോപണങ്ങൾ. അതിന്റെ കോപ്പി പോലും പ്രബീർ പുർകായസ്തയ്ക്കും അമിത് ചക്രവർത്തിയ്ക്കും കൊടുത്തിട്ടില്ല. ദില്ലി ഹൈക്കോടതി പറഞ്ഞതിനുശേഷമാണ് അതിന്റെ കോപ്പി നൽകിയത്. 2019 ലെ പൊതു തെരഞ്ഞെടുപ്പിനെ തകർക്കാൻ ഇവർ ശ്രമിച്ചുവത്രെ . 90 കോടി വരുന്ന വോട്ടർമാർ അന്നുണ്ട് . അവരെ സ്വാധീനിക്കാൻ ഈ ചെറിയ ഇടതുപക്ഷ ഗ്രൂപ്പ് ശ്രമിച്ചുവത്രെ . അത് രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിച്ചുവത്രെ.

ന്യൂയോർക്ക് ടൈംസിൽ ഒരു റിപ്പോർട്ട് വരുന്നു . നെവിൽ റോയ് സിങ്കം നിരവധി സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന ഒരാളാണ് . ഇയാൾക്ക് ചൈനീസ് സർക്കാരുമായി അടുത്ത ബന്ധമുണ്ട്. എന്നാൽ എന്തെങ്കിലും നിയമ വിരുദ്ധ പ്രവൃത്തിയിൽ ഇയാൾ ഏർപ്പെട്ടതായി ഒരു ആരോപണവുമില്ല .അമേരിക്കയിലെ ഒരു അധികാര സ്ഥാപനവും ഇയാൾക്കെതിരെ ഒരു നടപടിയും കൈക്കൊണ്ടുമില്ല . ചൈനീസ് സർക്കാർ ഇയാൾക്ക് പണം നൽകി, അതയാൾ ന്യൂസ്‌ക്ലിക്കിനു നൽകി, ഈ പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങൾക്കൊന്നും ഒരടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  അദാനിക്കെതിരായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്; ജെപിസി അന്വേഷണം വേണമെന്ന് സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News