അര്‍ജന്റീനിയന്‍ ആരാധകര്‍ സ്‌റ്റെപ്പ് ബാക്ക്. ബ്രസീല്‍ അന്താരാഷ്ട്ര ടീമിലേക്ക് സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ തിരിച്ചുവരുന്നു. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ടീമിനേറ്റ കനത്ത ആഘാതം മറികടക്കുന്നതിനായാണ് ബ്രസീല്‍ ടീമിന്റെ തുറുപ്പുചീട്ട് സാക്ഷാല്‍ നെയ്മറെ തന്നെ കളത്തിലിറക്കാന്‍ ടീം ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. 2026 ഫുട്‌ബോള്‍ ലോകകപ്പ് മുന്നില്‍ കണ്ടാണ് കാനറികളുടെ നീക്കം. സൂപ്പര്‍താരം നെയ്മറെ കോപ്പ ടീമില്‍ ഉള്‍പ്പെടുത്താത്തത് നേരത്തെ തന്നെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. യുവനിരയുമായാണ് ബ്രസീല്‍ സംഘം കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് എത്തിയിരുന്നത്. ടൂര്‍ണമെന്റിനിടെ ബ്രസീലിന്റെ ടോപ് സ്‌കോററായിരുന്ന വിനീഷ്യസ് ജൂനിയറിന് സസ്‌പെന്‍ഷനും ലഭിച്ചതോടെ ടീമിന്റെ ഒത്തൊരുമ നഷ്ടപ്പെട്ടു. തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ വിനീഷ്യസ് ജൂനിയര്‍ ഇല്ലാതെയാണ് ടീം കളിക്കാനിറങ്ങിയത്.
പകരക്കാരനായി ഇറങ്ങിയ എന്‍ഡ്രിക്കാകട്ടെ മല്‍സരത്തില്‍ തിളങ്ങിയതുമില്ല. ഇതോടെ മല്‍സരത്തില്‍ ഉറുഗ്വായോട് തോറ്റ് ടീം സെമി കാണാതെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുകയും ചെയ്തു. അതേസമയം, കഴിഞ്ഞ ഒക്ടോബറില്‍ സൗദി ക്ലബ് അല്‍ ഹിലാലിനായി കളിക്കുന്നതിനിടെ കാല്‍മുട്ടിനു പരുക്കേറ്റതോടെയാണ് നെയ്മര്‍ ടീമില്‍ നിന്നു വിട്ടുനിന്നത്. എന്നാല്‍, തന്റെ അഭാവം കോപ്പയിലെ ടീമിന്റെ പ്രകടനത്തിലാകെ പ്രതിഫലിച്ചു നിന്നതോടെ ടീമിലേക്കു മടങ്ങി വരാന്‍ നെയ്മര്‍ ഇപ്പോള്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. ടീം മാനേജ്‌മെന്റും ഇതുസംബന്ധിച്ച് പച്ചക്കൊടി കാണിച്ചതോടെ ഈ ഒക്ടോബര്‍ മുതല്‍ നെയ്മര്‍ ജൂനിയര്‍ ടീമിലേക്ക് തിരിച്ചെത്തും എന്നാണ് ഇസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here