പി എസ് ജി വിട്ട് അല്‍ ഹിലാലിലെത്തിയ നെയ്മർ മുന്‍ ക്ലബിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മെസ്സിക്കും തനിക്കും പി എസ് ജിയിൽ അത്ര നല്ല കാലം ആയിരുന്നില്ലെന്നും പി എസ് ജി ക്ലബ്ബില്‍ നരകതുല്യമായിരുന്നു കാര്യങ്ങൾ എന്നുമാണ് നെയ്മർ പറഞ്ഞത്.
“മെസ്സിക്ക് അർജന്‍റീനയോടൊപ്പം ലഭിച്ച അതുല്യമായ വർഷത്തേക്കുറിച്ചോര്‍ക്കുമ്പോള്‍ ഞാൻ വളരെ സന്തോഷവാനായിരുന്നു, എന്നാൽ അതേ സമയം അദ്ദേഹം ഒരു നാണയത്തിന്‍റെ ഇരുവശങ്ങളിലുമായാണ് ജീവിച്ചത്. അതെനിക്ക് വളരെ സങ്കടമുണ്ടാക്കി, അർജന്‍റീനയുടെ ദേശീയ ടീമിനൊപ്പം മെസ്സി സ്വർഗതുല്യമായ ദിവസങ്ങൾ ആഘോഷിച്ചു, അവസാന വർഷങ്ങളിൽ അദ്ദേഹത്തിന് എല്ലാം നേടാന്‍ കഴിഞ്ഞു, എന്നാൽ പാരീസിലേക്ക് വരുമ്പോള്‍ അവിടം നരകം ആയിരുന്നു. മെസ്സിയും ഞാനും ആ നരകത്തിൽ ആണ് ജീവിച്ചത്. ഞങ്ങൾ അവിടെ അസ്വസ്ഥരായിരുന്നു, ഏറ്റവും മികച്ചത് നൽകാനാണ് ശ്രമിച്ചത്. ചരിത്രം സൃഷ്ടിക്കാൻ ഇറങ്ങിത്തിരിച്ചിട്ടും ഒന്നും സാധിച്ചില്ല, നിർഭാഗ്യവശാൽ, ഞങ്ങൾക്കത് കഴിഞ്ഞില്ല എന്നും നെയ്മർ പറഞ്ഞു.
അതേസമയം 98.5 മില്യണ്‍ ഡോളറിനാണ് അല്‍ ഹിലാല്‍ നെയ്മറെ സ്വന്തമാക്കുന്നത്. 2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മർ പി എസ് ജിയിൽ എത്തിയത്. 173 മത്സരങ്ങളിൽ ക്ലബിനായി ഇറങ്ങിയിട്ടുണ്ട്. പി എസ് ജിയിൽനിന്ന് സീസണിന്റെ തുടക്കത്തിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കയിലെ ഇന്റർ മയാമിയിലേക്ക് പോയിരുന്നു.2017ല്‍ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്കായിരുന്നു ബാഴ്സലോണയില്‍ നിന്ന് നെയ്മര്‍ പി എസ് ജിയിലേക്ക് വന്നത്. പി എസ് ജിയില്‍ ആറ് സീസണ്‍ പൂര്‍ത്തിയാക്കിയെങ്കിലും ടീമിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുവാൻ നെയ്മര്‍ക്ക് സാധിച്ചില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here