ഫേസ്ബുക്കിലൂടെ മലയാളി വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം തട്ടിയ നൈജീരിയന്‍ സ്വദേശി പിടിയിൽ

ഫേസ്ബുക്കിലൂടെ ചങ്ങനാശേരി സ്വദേശിനിയായ മലയാളി വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷംതട്ടിയ നൈജീരിയൻ സ്വദേശി സൈബർ പൊലീസിന്റെ വലയിലായി. നൈജീരിയൻ സ്വദേശി ഇസിചിക്കു (26) ആണ് ഡൽഹിയിൽ നിന്ന് പിടിയിലായത്.

2021ൽ അന്ന മോർഗൻ എന്ന വ്യാജ പേരുള്ള പ്രൊഫൈലിൽ നിന്ന് വന്ന സൗഹൃദ റിക്വസ്റ്റ്  വീട്ടമ്മ സ്വീകരിച്ചതോടെയാണ് തട്ടിപ്പിന്‍റെ കഥ തുടങ്ങുന്നത്. വ്യാജ പ്രൊഫെലുമായി വീട്ടമ്മ വൈകാതെ സൗഹൃദത്തിലായി. ആ വർഷം ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന സന്തോഷത്തിൽ താനും പങ്കുചേരുന്നു എന്നറിയിച്ചു അന്ന മോർഗൻ സന്ദേശമയച്ചു. ഇതിന്റെ ഭാഗമായി 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്നും വീട്ടമ്മയെ വിശ്വസിപ്പിച്ചു. വീട്ടമ്മ ഇത് നിരസിച്ചെങ്കിലും സമ്മാനം അയച്ചു കഴിഞ്ഞുവെന്നും ധരിപ്പിച്ചു.

ഏതാനും ദിവസങ്ങൾക്കു ശേഷം മുംബൈ കസ്റ്റംസ് ഓഫിസിലെ ഡിപ്ലോമാറ്റിക് ഏജന്‍റിന്‍റേതെന്ന് പറഞ്ഞൊരാൾ വീട്ടമ്മയെ വിളിച്ചു. യുകെയിൽ നിന്നു വിലപ്പെട്ട സമ്മാനം വന്നിട്ടുണ്ടെന്നും ഇതിൽ കുറച്ചു ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളും ഉണ്ടെന്നും അറിയിച്ചു. റിസർവ് ബാങ്ക് നിർദേശിച്ച കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 22,000 രൂപ അടയ്ക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് വീട്ടമ്മയ്ക്ക് വാട്സാപ് വഴി സമ്മാനത്തിന്റെ ചിത്രങ്ങളും വിഡിയോയും അയച്ചു കൊടുത്തു. ഇതു വിശ്വസിച്ച വീട്ടമ്മ അവർ പറഞ്ഞ അക്കൗണ്ടിലേക്ക് 22,000 രൂപ അയച്ചു. തുടർന്നു വീട്ടമ്മയ്ക്കു പല എയർപോർട്ടുകളിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെന്നു പറഞ്ഞു ഫോൺ വരികയും ഇവർ പറയുന്ന പണം അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയുമായിരുന്നു.

കയ്യിലുള്ള പണം തീർന്നതോടെ അയ്ക്കുന്നതു നിർത്തി. ഇതോടെ കസ്റ്റംസിൽ നിന്ന് വിളിക്കുകയാണെന്നും നിങ്ങളുടെ സമ്മാനം വിദേശത്തു നിന്നു വന്നതായതിനാൽ പണം അടച്ച് കൊണ്ടുപോയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി വിളികൾ വന്നു. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയും തന്റെ പക്കലുണ്ടായിരുന്ന സ്വർണം വിറ്റും പണം നൽകിക്കൊണ്ടിരുന്നു. 2021 മുതൽ 2022 ജൂലൈ വരെ പലപ്പോഴായി പണം നൽകി. ഭീഷണി തുടർന്നതോടെ 2022 ജൂലൈയിൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.

സൈബർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഡൽഹിയിൽ നിന്നാണു പ്രതി തട്ടിപ്പ് നടത്തിയതെന്നു മനസ്സിലാക്കി. തുടർന്ന് പ്രത്യേക സൈബർ സംഘം ഡൽഹിയിലെത്തി. ഇയാളുടെ താമസ ‌സ്ഥലത്തിനു സമീപത്തു നിന്നു സാഹസികമായി പിടികൂടുകയായിരുന്നു. ഇയാൾക്കു സഹായികളായി മറ്റാരെങ്കിലുമുണ്ടോ എന്നും കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണെന്നു ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News