ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയായ ഇസിചിക്കു (26) എന്നയാളെ കോട്ടയം സൈബർ പൊലീസ് സംഘം ദില്ലിയില്‍ നിന്നും പിടികൂടി.
ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് 81 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു ഇയാൾ. 2021 ലാണ് തട്ടിപ്പ് സംഘത്തിന്റെ യുകെ സ്വദേശി അന്ന മോർഗൻ എന്ന വ്യാജ അക്കൗണ്ടിലെ യുവതിയുമായി വീട്ടമ്മ പരിചയത്തിലാവുന്നത്.
തുടർന്ന് ഓഗസ്റ്റ് മാസം 15ന് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കുചേർന്ന് കൊണ്ട് വീട്ടമ്മയ്ക്ക് തങ്ങൾ 30 കോടി രൂപയുടെ ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ഇവർ ഇത് നിരസിച്ചെങ്കിലും സമ്മാനം അയച്ചു കഴിഞ്ഞു എന്ന് വീട്ടമ്മയെ തട്ടിപ്പ് സംഘം പറഞ്ഞ് വിശ്വസിപ്പിച്ചു .
തുടർന്ന് മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് ആണെന്ന് പറഞ്ഞുകൊണ്ട് വീട്ടമ്മയെ വിളിക്കുകയും റിസർവ് ബാങ്ക് നിർദ്ദേശിച്ച കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 22,000 രൂപ അടക്കണമെന്നും ആവശ്യപ്പെട്ടു. . വീട്ടമ്മയ്ക്ക് വാട്സാപ്പിലൂടെ ഗിഫ്റ്റിന്റെ ഫോട്ടോകളും, വീഡിയോകളും മറ്റും അയച്ചു കൊടുക്കുകയും ചെയ്തു. ഇത് വിശ്വസിച്ച പരാതിക്കാരി അവർ പറഞ്ഞ അക്കൗണ്ടിലേക്ക് 22,000 രൂപ അയച്ചുകൊടുത്തു.
ഇതിനുശേഷം വീട്ടമ്മയ്ക്ക് പല എയർപോർട്ടുകളില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് നിരവധി കാളുകൾ വരികയും വീട്ടമ്മ ഇവർ പറയുന്ന പണം അക്കൗണ്ടിലേക്ക് അയച്ചു കൊണ്ടിരിക്കുകയുമായിരുന്നു.
ഇത്തരത്തിൽ വീട്ടമ്മ 2021 ജൂലൈ മുതൽ 2022 ജൂലൈ വരെ പലപ്പോഴായി പണം നൽകി.
തുടർന്ന് ഇവർ 2022 ജൂലൈയിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയും സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ദില്ലിയിലെത്തിയ പൊലീസ് സംഘം അവിടെ നടത്തിയ പരിശോധനയിൽ ഇയാളുടെ താമസസ്ഥലം മനസ്സിലാക്കുകയും, ഇയാൾ താമസിക്കുന്ന റൂമിന് സമീപം വച്ച് ഇയാളെ വളയുകയും രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ അതി സാഹസികമായി പിടികൂടുകയുമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here