നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും, മന്ത്രിസഭായോഗ തീരുമാനം

കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.

ചികിത്സാ ചിലവ് വഹിക്കും

കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും.

ഭിന്നശേഷി നിയമപ്രകാരം ജോലി

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വെങ്ങാനൂര്‍ ഗവ. മോഡല്‍ എച്ച്.എസ് എസിലെ എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റ് സന്ധ്യാറാണിക്ക് ഭിന്നശേഷി നിയമപ്രകാരം സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കും. വൈകല്യം സംഭവിച്ച 19.12.2023 മുതല്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ പ്രാപ്തയാകുന്ന തീയതി വരെയോ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നതുവരെയോ ഏതാണോ ആദ്യം അതുവരെയാണ് എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റിന്റെ സൂപ്പര്‍ ന്യൂമററി തസ്തിക വെങ്ങാനൂര്‍ സര്‍ക്കാര്‍ മോഡല്‍ എച്ച് എസ് എസില്‍ സൃഷ്ടിക്കുക.

ദര്‍ഘാസ് അംഗീകരിക്കും

കാസര്‍കോട് ബെല്ലൂര്‍ ഗ്രാമപഞ്ചായത്തിലേക്കുള്ള ജലനിധി കുടിവെള്ള പദ്ധതിയുടെ ബദിയഡുക്ക മുതല്‍ സുള്ള്യപടവ് വരെയുള്ള പൈപ്പ് ലൈന്‍, കെ ആര്‍ എഫ് ബിയുടെ ഡെപ്പോസിറ്റ് വര്‍ക്കായി പുനഃസ്ഥാപിക്കുന്നതിനുള്ള ദര്‍ഘാസ് അംഗീകരിക്കാന്‍ ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി.

മുദ്രവില ഒഴിവാക്കി

കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ നിന്നും 01.01.2012 മുതല്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത കൊച്ചി താലൂക്ക് തോപ്പുംപടി വില്ലേജിലെ 2.75 ഏക്കര്‍ സ്ഥലത്തിന്റെ ലീസ് ഡീഡ് റജിസ്ട്രേഷന് ആവശ്യമായി വരുന്ന മുദ്രവില ഒഴിവാക്കി.

അനുമതി നല്‍കി

കോഴിക്കോട് തൂണേരി വില്ലേജിലെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നാദാപുരം ജംഗ്ഷന്‍ മുതല്‍ കക്കംവെള്ളിക്കുന്ന് ജി എല്‍ എസ് ആര്‍ വരെ നിലവിലുള്ള 200 എം എം എസി ഗ്രാവിറ്റി മെയിന്‍ മാറ്റി 200 എം എം ഡി ഐ കെ 9 പൈപ്പ് സ്ഥാപിക്കുന്നതിന് ക്വാട്ട് ചെയ്ത കരാര്‍ നല്‍കുവാന്‍ അനുമതി നല്‍കി.

ടെണ്ടര്‍ അംഗീകരിച്ചു

ഇരവിപുരം നിയോജക മണ്ഡലത്തിലെ ബി എം ആന്റ് ബി സി ടു വൈ എം സി എ റോഡ് പ്രവര്‍ത്തിക്കായി സമര്‍പ്പിച്ച ടെണ്ടര്‍ അംഗീകരിച്ചു.

അങ്കമാലി നിയോജക മണ്ഡലത്തില്‍ കിഫ്ബി സഹായത്തോടെ പാര്‍ട്ട് 1 പാക്കേജ് 2 ല്‍ ഉള്‍പ്പെടുത്തി ജലവിഭവ ജോലികള്‍ക്കുള്ള ടെണ്ടര്‍ അംഗീകരിച്ചു.

കാസര്‍ഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ എട്ടുപേര്‍ ഗുരുതരമായി ചികിത്സയിലുണ്ടെന്ന് മന്ത്രി പി രാജീവ് അറിയിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read : നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും: മന്ത്രി പി രാജീവ്

നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അഡീഷണല്‍ എസ് പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും. കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കാണ് ചുമതല.

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിനിടെ നടത്തിയ വെടിക്കെട്ടിലായിരുന്നു അപകടം. സംഭവത്തില്‍ നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒട്ടേറെപ്പേര്‍ ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളിലായി ചികില്‍സ തേടുകയും ചെയ്തിരുന്നു.

എന്നാല്‍, ഉല്‍സവാഘോഷത്തിനായി നൂറുകണക്കിന് ആളുകള്‍ കൂടി നിന്നയിടത്തിനു സമീപത്താണ് വെടിക്കെട്ട് അപകടം ഉണ്ടായതെന്നും പ്രദേശത്ത് കരിമരുന്ന് പ്രയോഗം നടത്തുന്നത് നിരവധി പേര്‍ നേരത്തെ തന്നെ എതിര്‍ത്തിരുന്നെന്നും എന്നാല്‍ ഇത് വകവെയ്ക്കാതെയാണ് സംഘാടകര്‍ പ്രദേശത്ത് വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചതെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News