ജനനായകന്‍ ഇ കെ നായനാര്‍ വിട വാങ്ങിയിട്ട് ഇന്നേക്ക് പത്തൊന്‍പത് വര്‍ഷം

ജനനായകന്‍ ഇ കെ നായനാര്‍ ചരിത്രത്തിലേക്ക് വിട വാങ്ങിയിട്ട് ഇന്നേക്ക് പത്തൊന്‍പത് വര്‍ഷം. കാലമെത്രകഴിഞ്ഞാലും ജന മനസ്സുകളില്‍ നിന്നും മായാത്ത കനലോര്‍മ്മയാണ് ഇ കെ നായനാര്‍. പത്തൊന്‍പതാം ചരമ വാര്‍ഷിക ദിനം വിപുലമായ പരിപാടികളോടെയാണ് സി പി ഐ എം ആചരിക്കുന്നത്.

ഏല്ലാ നിലയിലും കേരള രാഷ്ട്രീയത്തിലെ ഇതിഹാസമായിരുന്നു ഏറമ്പാല കൃഷ്ണന്‍ നായനാര്‍ എന്ന ഇ കെ നായനാര്‍. കേരളം ഹൃദയത്തോട് ചേര്‍ത്ത് വച്ച ജനനായകന്‍. കുറിക്കു കൊള്ളുന്ന വിമര്‍ശനവും നര്‍മത്തില്‍ ചാലിച്ച സംഭാഷണവും അസാമാന്യ പ്രസംഗ വൈഭവയും കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ ജനനേതാവ്.

1919 ഡിസംബര്‍ 9 ന് കണ്ണൂര്‍ കല്യാശ്ശേരിയില്‍ മൊറാഴയില്‍ ഗോവിന്ദന്‍നമ്പ്യാരുടെയും ഏറമ്പാല നാരായണിയമ്മയുടെയും മൂന്നു മക്കളില്‍ രണ്ടാമനായാണ് ഏറമ്പാല കൃഷ്ണന്‍ നായനാര്‍ എന്ന ഇ കെ നായനാരുടെ ജനനം. സ്വാതന്ത്ര്യ സമര തീചൂളയില്‍ ഉരുകി തെളിഞ്ഞ ഇ കെ നായനാര്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍ നിര നേതാവും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയുമായി. മൊറാഴയിലും കയ്യൂര്‍ സമരത്തിലും മുന്നണിപ്പോരാളിയായി.രാഷ്ട്രീയ എതിരാളികള്‍ പോലും നായനാര്‍ എന്ന ജന നേതാവിനെ മനസ്സ് കൊണ്ട് അംഗീകരിച്ചു.പാവങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതം പുതുക്കി പണിയുന്നതിനായിരുന്നു മുഖ്യമന്ത്രിയായിരുന്ന കാലത്ത് നായനാരുടെ ശ്രദ്ധ.

2004 മെയ് 19 ന് നായനാരുടെ വിയോഗം അറിഞ്ഞത് മുതല്‍ മെയ് 21 ന് പയ്യാമ്പലത്ത് ചിത എരിഞ്ഞടങ്ങും വരെ കേരളം ഒന്നടങ്കം കണ്ണീര്‍വാര്‍ത്തു. കേരളം ഇ കെ നായനാരെ എത്രയധികം സ്‌നേഹിച്ചിരുന്നു എന്നതിന് തെളിവായിരുന്നു വികാരനിര്‍ഭരമായ ആ യാത്രയയപ്പ്. 19ാം ചരമവാര്‍ഷിക ദിനത്തിലും ജനമനസ്സുകളില്‍ ജ്വലിച്ച് നില്‍ക്കുകയാണ് സഖാവ് ഇകെ നായനാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News