കോഴിക്കോട് വീണ്ടും നിപ വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ വലിയ ജാഗ്രതയോട് സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും കാര്യങ്ങളെ വിലയിരുത്തുന്നത്. ഏത് തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. അതേസമയം മുന്‍ വര്‍ഷങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ കേസുകളെ അപേക്ഷിച്ച് ഇത്തവണ രോഗലക്ഷണങ്ങളില്‍ മാറ്റമുണ്ടെന്നാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡയറക്ടര്‍ ഡോ. എ എസ് അനൂപ് കുമാര്‍ കൈരളി ന്യൂസിനോട് പറഞ്ഞത്.
2023 മുമ്പ് 2018, 2019, 2021 എന്നീ വര്‍ഷങ്ങളിലും സംസ്ഥാനത്ത് നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ രോഗലക്ഷണങ്ങലില്‍ മാറ്റമുണ്ട്. നേരത്തെ തലച്ചോറിനെ ബാധിക്കുന്ന ലക്ഷണങ്ങള്‍ ആയിരുന്നു രോഗികളില്‍ കണ്ടിരുന്നതെന്നും ഇപ്പോള്‍ ശ്വാസ കേശത്തെ ബാധിക്കുന്ന ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ്, ഇന്‍ഫ്ലുവെന്‍സ തുടങ്ങിയ വൈറസുകളുടെ ബാധയുണ്ടാകുമ്പോള്‍ കാണുന്ന രോഗലക്ഷണങ്ങളാണ് ഇപ്പോള്‍ കാണുന്നത്. ശ്വാസ കോശ സംബന്ധമായ രോഗലക്ഷണങ്ങളായതു കൊണ്ട് ഇത്തവണ രോഗം കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. കാരണം രോഗികള്‍ക്ക് ചുമയും തുമ്മലുമടക്കം ഉണ്ടാവുകുയും വൈറസ് വായുവിലൂടെ എളുപ്പത്തില്‍ പടരുകയും ചെയ്യും.
പനി, തൊണ്ട വേദന എന്നിവയൊക്കെയാണ് ഏറ്റവും ആദ്യം നിപ രോഗികളില്‍ കണ്ടുവരുന്നത്. എന്നാല്‍ ഈ കാലാവസ്ഥയില്‍ ഇതൊന്നുമില്ലാത്ത ആളുകള്‍ തീരെ കുറവുമായിരിക്കും. കൊവിഡ്, ഇന്‍ഫ്ലുവന്‍സയ സാധാരണ പനിയ എന്നീ രോഗങ്ങള്‍ക്കും സമാന ലക്ഷണങ്ങള്‍ ആകാം. ഇന്‍ഫ്ലുവന്‍സയുടെ പത്ത് കേസുകള്‍ വരെ സാധാരണയായി രേഖപ്പെടുത്താറുള്ള ദിവസങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ഇതേ രോഗലക്ഷണങ്ങളുള്ള നിപയും എത്തുമ്പോള്‍ കണ്ടെത്താന്‍ പ്രയാസമാണ്.
മുമ്പ് ഓര്‍മ്മക്കുറവ്, പരസ്പര ബന്ധമില്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുമായിരുന്നു. അപ്പോഴൊക്കെ ആളുകള്‍ ഉടന്‍ ആശുപത്രിയില്‍ എത്തുന്നത് കൊണ്ട് രോഗം പടരുന്നത് കുറവായിരുന്നു.
ALSO READ: ‘കേരളത്തില്‍ ആവര്‍ത്തിച്ച് നിപ; കാരണം കണ്ടെത്താനുള്ള സൂക്ഷ്മ പഠനം വേണം’: ഡോ. ബി ഇക്ബാല്‍
അതേസമയം, നിപ വന്ന ഭാഗത്തെല്ലാം അത് സ്വയം നിയന്ത്രണ വിധേയമാകുന്നതാണ് കാണാന്‍ കഴിഞ്ഞിരുന്നത്. വൈറസ് ഒരാളില്‍ നിന്ന് അടുത്തയാളിലേക്ക് പടരുമ്പോള്‍ വൈറസിന്‍റെ ശക്തി കുറയുന്നതായിട്ടാണ് കണ്ടു വരുന്നത്. അതുകൊണ്ട് തന്നെ വലുതായി വ്യാപനം ഉണ്ടായിട്ടില്ല. കൂടുതല്‍ ആശങ്ക പെടേണ്ട സാഹചര്യം നിലനില്‍കുന്നില്ലെന്നും ആഴ്ചകള്‍കൊണ്ട് തന്നെ രോഗത്തെ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നും ഡോ. എ എസ് അനൂപ് കുമാര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here