ക്വട്ടേഷൻ കേസിൽ മലപ്പുറത്ത് അറസ്റ്റിലായ നിർമ്മൽ മാധവ് 12 വർഷം മുമ്പ് നീണ്ടുനിന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് കാരണക്കാരനായ അനധികൃത പ്രവേശന കേസിലെ ‘നായകൻ’. എടപ്പറ്റ സ്വദേശിയെ തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ കേസിലാണ് ആലപ്പുഴ തൃക്കുന്നപ്പുഴ മംഗലം മാധവമന്ദിരത്തിൽ നിർമ്മൽ ഇന്നലെ പിടിയിലായത്. 2011ൽ ഉമ്മൻചാണ്ടി അനധികൃതമായി കോഴിക്കോട് വെസ്റ്റ് ഹിൽ ഗവ.എഞ്ചിനിയറിങ് കോളേജിൽ പ്രവേശനം നൽകിയ അതേ കെഎസ്‌യു നേതാവ് . ഇതിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അതിക്രൂരമായി തല്ലിചതച്ചും വെടിവെയ്പ്പിലേക്ക് വരെ എത്തിച്ചുമാണ് പൊലീസും മുഖ്യമന്ത്രിയും നേരിട്ടത്.
സ്വാശ്രയ എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥിയായിരിക്കിക്കെ കോഴ്സ് ഉപേക്ഷിച്ച നിർമ്മൽ മാധവിനെ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചണ്ടി കോഴിക്കോട് എഞ്ചിനീയറിങ് കോളേജിൽ അനധികൃതമായി പ്രവേശനം നൽകുകയായിരുന്നു.
എൻട്രൻസ് പരീക്ഷയിൽ 22,784 റാങ്ക് നേടിയ നിർമ്മൽ സ്വാശ്രയ കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് കോഴ്സിൽ ചേരുന്നു. ഒന്നും രണ്ടും സെമസ്റ്ററിന് ശേഷം അവിടെ നിന്നും റിലീവ് വാങ്ങി മറ്റൊരു സ്വാശ്രയ കോളേജിൽ സിവിൽ എഞ്ചിനിയറിങിന് ചേരുന്നു. അടുത്ത വർഷം ഉമ്മൻചാണ്ടി പ്രത്യേക ഉത്തരവിറക്കി കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനിയറിങ് അഞ്ചാം സെമസ്റ്ററിലേക്ക് നേരിട്ട് പ്രവേശനം നൽകുന്നു. മെറിറ്റും സംവരണ മാനദണ്ഡങ്ങളും എല്ലാം അട്ടിമറിച്ചുള്ള പ്രവേശനം .
2000 റാങ്കിനുള്ളിൽ ഉൾപ്പെട്ട മിടുക്കരായ വിദ്യാർഥികൾ പഠിക്കുന്ന ക്യാമ്പസിലേക്കാണ് 22,784 -ാം റാങ്കുകാരനെ തിരുകി കയറ്റിയത്. അതും മുന്നും നാലും സെമസ്റ്റർ പഠിക്കാത്ത , പരീക്ഷയെഴുതാത്ത, റിലീവ് വാങ്ങി പോന്ന കോഴ്സിലേക്ക്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയ ആയിരക്കണക്കിന് കുട്ടികളുടെ തലയ്ക്കുമുകളില്‍ ഒരു താഴ്ന്ന റാങ്കുകാരനെ എല്ലാ മര്യാദകളും ലംഘിച്ച് പ്രതിഷ്ഠിക്കുകയാണ് ചെയ്തത്.
മാനേജ്മെന്റ്ക്വോട്ടയില്‍ ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നേടിയ നിര്‍മല്‍ മൂന്നും നാലും സെമസ്റ്ററില്‍ ഹാജരാവുകയോ പരീക്ഷ എഴുതുകയോചെയ്യാതെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നു. മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷ എഴുതുകയോ ക്ലാസില്‍ ഹാജരാവാതിരിക്കുകയോ ചെയ്ത വിദ്യാര്‍ഥിക്ക് നിയമപരമായി അഞ്ചാം സെമസ്റ്റര്‍ പഠിക്കാന്‍ യോഗ്യതയില്ല.
മാത്രമല്ല സ്വാശ്രയ കോളേജില്‍ പഠിക്കുന്ന ഒരാള്‍ക്ക് സര്‍ക്കാര്‍ കോളേജിലേക്ക് മാറാനുള്ള നടപടിയും അനുവദനീയമല്ലാതിരിക്കെയായിരുന്നു ആ വഴിവിട്ട നീക്കങ്ങൾ.ഇന്നിപ്പോൾ പൊലീസ് ആ ‘മികച്ച’ വിദ്യാർത്ഥിയെ ക്വട്ടേഷൻ പ്രതിയായി അറസ്റ്റ് ചെയ്തിരിക്കുന്നു; പണമിടപാടുമായി ബന്ധപ്പെട്ട് ഒരാളെ തട്ടി കൊണ്ടുപോയകേസിൽ .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here