‘കടുംവെട്ടിലൂടെ എന്‍സിഇആര്‍ടി ഉള്‍പ്പെടുത്തുന്നത് ഹിന്ദുത്വ അഭിമാനബോധം, പിന്നില്‍ വന്‍ ലക്ഷ്യങ്ങള്‍…’: നിതീഷ് നാരായണന്‍ – അഭിമുഖം

ബാബറി മസ്‌ജിദ് ധ്വംസനവും ഗുജറാത്ത് വംശഹത്യയും എൻസിഇആർടി
പാഠപുസ്‌തകത്തിൽ നിന്ന് ഒ‍ഴിവാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. പകരം, രാമക്ഷേത്രം നിർമിച്ചത് ഉൾപ്പെടുത്തുകയും ചെയ്‌തു. രാജ്യത്തിന്‍റെ ജനാധിപത്യ, ഭരണഘടന മൂല്യങ്ങള്‍ പാടെ തകര്‍ക്കുന്ന ബിജെപി സര്‍ക്കാര്‍, അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠ നടത്തിയതിന് പിന്നാലെയാണ് പാഠപുസ്‌തകത്തിലെ ഈ ‘പരിഷ്‌കരണം’ നടത്തിയത്. നേരത്തേ, പരിണാമ സിദ്ധാന്തവും ഗാന്ധിവധവും പാഠപുസ്‌തകങ്ങളില്‍ നിന്നും വെട്ടിമാറ്റിയ എൻസിഇആ‍ർടി അതിന്‍റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോ‍ഴത്തെ കടുംവെട്ടും നടപ്പിലാക്കിയത്. ഈ വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ എസ്‌എഫ്‌ഐ അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് നിതീഷ് നാരായണന്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

എന്‍സിഇആര്‍ടി പാഠപുസ്‌തകങ്ങളില്‍ നിന്ന് ഗാന്ധി വധവും പരിണാമ സിദ്ധാന്തവുമടക്കം നേരത്തേ വെട്ടിമാറ്റി. ഇപ്പോഴിതാ ബാബ്റി മസ്‌ജിദ് തകർത്തതും ഗുജറാത്ത് വംശഹത്യയും ഒ‍ഴിവാക്കി. മോദി സര്‍ക്കാരിന്‍റെ ഈ നീക്കത്തെ എങ്ങനെ കാണുന്നു ?

മതരാഷ്‌ട്ര നിര്‍മാണ പദ്ധതിയുടെ ഭാഗമായ നീക്കം തന്നെയാണിത്. എല്ലാക്കാലത്തും ഫാസിസ്റ്റുകള്‍ അവരുടെ സങ്കല്‍പ്പത്തിലുള്ള രാഷ്‌ട്രനിര്‍മാണത്തിന് വിദ്യാഭ്യാസത്തെ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജനാധിപത്യ, മതനിരപേക്ഷ, സോഷ്യലിസ്റ്റ്, പരമാധികാര മൂല്യങ്ങള്‍ പാടെ തകര്‍ത്ത് സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന മതരാഷ്‌ട്ര പദ്ധതി നടപ്പിലാക്കാനാണ് ശ്രമം. ഈ മതരാഷ്‌ട്രത്തിന്‍റെ മറ്റൊരു പ്രത്യേകത അത് കോര്‍പറേറ്റ് രാഷ്‌ട്രം കൂടിയാണ് എന്നതാണ്.

ALSO READ | ‘ഇത് പാഠപുസ്തകമല്ല ബിജെപിയുടെ വർഗീയ താളിയോല’, ബാബറി മസ്‌ജിദ്‌ തകർത്തതും ഗുജറാത്ത് കലാപവും വെട്ടിമാറ്റി എൻസിആർടി

ഈ മതരാഷ്‌ട്ര പദ്ധതിയില്‍ സംഘപരിവാര്‍ പ്രധാനമായും നോക്കിക്കാണുന്നത് വിദ്യാഭ്യാസത്തെയാണ്. മസ്‌തിഷ്‌ക പ്രക്ഷാളനം നടത്താന്‍ ഏറ്റവും ചെറുപ്പത്തില്‍ ആളുകളെ പിടികൂടുക, അവര്‍ക്ക് ആവശ്യമുള്ള ബോധനിലവാരത്തിലേക്ക് എത്തിക്കുക എന്നത് പ്രധാന തന്ത്രമാണ്. ലോകത്ത് എല്ലായിടത്തും ചെയ്‌ത ഈ രീതി ഇന്ത്യയില്‍ സംഘപരിവാറും കൃത്യമായി ചെയ്യുന്നു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, ഗാന്ധിവധം, മുഗള്‍ ചരിത്രം, രക്തസാക്ഷികളുടെ പട്ടിക എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് പാഠപുസ്‌തകങ്ങളില്‍ നിന്ന് എന്‍സിഇആര്‍ടി ഒ‍ഴിവാക്കിയത്.

ആ‍ഴത്തില്‍ അഭിമാനബോധമുണ്ടാക്കുകയെന്നത് പുതിയ വിദ്യാഭ്യാസ നയത്തിലുണ്ട്. അത് വിദ്യാഭ്യാസ നയത്തില്‍ വേണ്ടതാണോ എന്നതില്‍ സംശയമുണ്ട്. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും കൊളോണിയല്‍ വിരുദ്ധ സമരത്തെക്കുറിച്ചും മതനിരപേക്ഷതയ്‌ക്കും ലിംഗനീതിക്കും വേണ്ടി നടത്തിയ പോരാട്ടത്തെക്കുറിച്ചുമല്ല അവര്‍ പഠിപ്പിക്കുകയും അഭിമാനബോധമുള്ളവരാക്കി മാറ്റുന്നതും. മസ്‌ജിദ് തകര്‍ത്ത്, വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കി നാടിനെ ഭിന്നിപ്പിച്ചുണ്ടാക്കിയ ക്ഷേത്രത്തെക്കുറിച്ചുള്ള അഭിമാനമുണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.

ബാബറി മസ്‌ജിദ് ധ്വംസനവും ഗുജറാത്ത് വംശഹത്യയും വെട്ടിമാറ്റി രാമക്ഷേത്ര നിര്‍മാണമാണ് എന്‍സിഇആര്‍ടി പാഠപുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയത്. ഈ രാജ്യത്തെ പൂര്‍ണമായും ഹിന്ദുത്വവത്‌കരിക്കുന്നതിന്‍റെ ഭാഗമല്ലേ ഈ രാഷ്‌ട്രീയ നീക്കം ?

തീര്‍ച്ചയായിട്ടും അതുതന്നെ. കേന്ദ്ര സര്‍വകലാശാലകളിലേക്ക് ഒറ്റ പരീക്ഷയാണ് നടത്തുക. അതിനുള്ള ചോദ്യം വരിക എന്‍സിഇആര്‍ടി സിലബസില്‍ നിന്നാണ്. അതിലാണെങ്കില്‍ ഹിന്ദുത്വ ആശയങ്ങള്‍ മാത്രമാണ്. ഈ ഹിന്ദുത്വ ആശയങ്ങള്‍ പഠിക്കുന്നവര്‍ മാത്രം ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് എത്തുകയും ഗവേഷണം നടത്തുകയും ചെയ്യും. പുറമെ, ഇന്ത്യയിലെ ഗവേഷണ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ വേണ്ടി നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ രൂപീകരിച്ചിട്ടുണ്ട്.

ALSO READ | ചരിത്രത്തിൽ വീണ്ടും വെട്ട്; ആര്യൻ കുടിയേറ്റവും ഇനി പഠിക്കേണ്ടന്ന് എന്‍സിഇആര്‍ടി

ഏത് ഗവേഷണങ്ങള്‍ക്ക് ഫണ്ട് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്ന സംവിധാനമാണിത്. സംഘപരിവാറിന് താത്‌പര്യമുള്ള പ്രബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒന്നായി ഇത് മാറും. ഇങ്ങനെ സ്‌കൂള്‍ മുതല്‍ ഗവേഷണം വരെയുള്ളിടത്ത് മതരാഷ്‌ട്ര പദ്ധതി നടപ്പാക്കുകയാണ് ബിജെപി.

രാജ്യത്തെ 62 ശതമാനം സൈനിക് സ്‌കൂളുകളും സംഘപരിവാറിന്‍റെ നിയന്ത്രണത്തിലാണ്. സൈന്യത്തില്‍ നടത്തുന്ന ഈ സംഘപരിവാര്‍വത്‌കരണത്തെ എങ്ങനെ കാണുന്നു ?

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത് സംഘപരിവാറാണ്. പതിനായിരക്കണക്കിന് സ്ഥാപനങ്ങളാണ് അവര്‍ക്കുള്ളത്. മറ്റുള്ളവയും അവരിലേക്ക് എത്തിക്കുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് സൈനിക് സ്‌കൂളിന്‍റെ കാര്യം. ഈ സ്‌കൂളിലെ കുട്ടികളാണ് നാളെ സൈന്യത്തിലേക്ക് വരേണ്ടതും അവരുമായി ബന്ധപ്പെട്ടുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളിലേക്കും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന പദവികളിലേക്ക് എത്തേണ്ടതും. ഇതൊക്കെ പിടിച്ചെടുക്കുകയാണ് സംഘപരിവാര്‍. രാജ്യത്ത് പൂര്‍ണാര്‍ത്ഥത്തില്‍ ജനാധിപത്യം ഉണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല യാഥാര്‍ത്ഥ്യം.

രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍, കോടതി, മാധ്യമങ്ങള്‍, ചരിത്ര ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയവ അകത്തുനിന്നും പിടിച്ചെടുത്താണ് അവര്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നത്. അതുതന്നെയാണ് സൈനിക് സ്‌കൂളിന്‍റെ കാര്യത്തിലും നടന്നത്. മറ്റൊന്ന് നോക്കിയാല്‍, രാജ്യത്തിന്‍റെ അന്വേഷണ ഏജന്‍സികളെല്ലാം ബിജെപിയുടെ ഗുണ്ടാപിരിവുകാരായി മാറിയില്ലേ. ഇന്ത്യയിലെ കോടതികളില്‍ നിന്നും വരുന്ന വിധികള്‍ പലതും ആശങ്കപ്പെടുത്തുന്നതല്ലേ. സര്‍വകലാശാലകളും ചരിത്ര ഗവേഷണ കൗണ്‍സിലുകളും അവര്‍ അകത്തുനിന്നും പിടിച്ചെടുത്തില്ലേ. അതിന്‍റെ ഭീകരമായ ഒരു വേര്‍ഷനാണ് സൈനിക് സ്‌കൂളുകളുടെ കാര്യത്തില്‍ നടന്നത്.

സൈനിക മേഖല സ്വകാര്യവത്‌കരിച്ചുക‍ഴിഞ്ഞു. രാഷ്‌ട്രനിര്‍മാണത്തിന് വലിയ പ്രാധാന്യം വഹിക്കുന്ന മേഖല കരാര്‍നല്‍കുകയും സ്വകാര്യവത്‌കരിക്കുകയുമാണ്. ഒരേസമയം വര്‍ഗീയ അജണ്ട നടപ്പിലാക്കുക, പുറമെ സ്വകാര്യവത്‌കരണം നടപ്പിലാക്കുക. ഇത് രണ്ടിന്‍റേയും സംയോജിത രൂപമാണ് രാജ്യത്ത് നടക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൂടിയല്ലേ പ്രൊപ്പഗാണ്ട ചിത്രമായ ‘കേരള സ്റ്റോറി’ ദൂരദർശനിലൂടെ സംപ്രേഷണം ചെയ്യുന്നത് ?

ഞാന്‍ നേരത്തേ പറഞ്ഞതിന്‍റെ തുടര്‍ച്ചയാണ് ഈ വിഷയത്തിലുമുള്ളത്. പൊതുസംവിധാനങ്ങളെയാകെ വരുതിയിലാക്കി തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു, അതില്‍ ദൂരദര്‍ശനും പെടും. വസ്‌തുതകളുടെ കണികള്‍ പോലും ഇല്ലാത്ത സിനിമയാണ് കേരള സ്റ്റോറി. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളെ കാണാതായത് ഗുജറാത്തിലാണ്, വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത് ഉത്തര്‍പ്രദേശിലാണ്.

ALSO READ | കേരള സ്റ്റോറി പ്രദർശനം; ദൂരദർശന്റെ തീരുമാനം പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ

അങ്ങനെയിരിക്കുമ്പോഴാണ് ക്രമസമാധാനപാലനത്തിലും മികച്ച സാമൂഹ്യാന്തരീക്ഷത്തിലും മുന്നിലുള്ള കേരളത്തെ അപമാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവസരം ഒരുക്കുന്നത്. നേരത്തേ ഇതേ സിനിമയ്‌ക്കാണല്ലോ ടാക്‌സ്‌ ഒ‍ഴിവാക്കിക്കൊടുത്തത്. കേരളത്തിനെതിരായ കൃത്യമായ വിദ്വേഷ പ്രചാരണമാണ് നടക്കുന്നത്. അത് കേരളം സംഘപരിവാറിന് വ‍ഴങ്ങിക്കൊടുക്കാത്ത നാടായതുകൊണ്ടാണ്. ഭരണഘടനാവിരുദ്ധമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ആശയപ്രചാരണത്തിന് കൂട്ടുനില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News