കേന്ദ്രത്തിന് കേരളം നല്‍കിയത് 5519 കോടി; യുപി നല്‍കിയത് വെറും 2097 കോടി

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതല്‍ പണം നല്‍കിയ സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തേക്കാള്‍ പലമടങ്ങ് ദൂരം ദേശീയപാത വികസനം നടക്കുന്ന സംസ്ഥാനങ്ങള്‍ പോലും നാമമാത്രമായ തുകയാണ് കേന്ദ്രത്തിന് കൈമാറിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആകെ 9 സംസ്ഥാനങ്ങള്‍ മാത്രമാണ് കേന്ദ്രത്തിന് പണം നല്കാന്‍ തയ്യാറായിട്ടുള്ളതെന്നും ഗഡ്ഗരി വ്യക്തമാക്കി. രാജ്യസഭയില്‍ ഡോ.ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് 2465.327 കിലോമീറ്റര്‍ ദേശീയപാത വികസിപ്പിച്ച ഉത്തര്‍പ്രദേശ് കേന്ദ്രത്തിന് നല്‍കിയത് വെറും 2097.39 കോടി രൂപ മാത്രമാണ്. ഇതിന്റെ നാലിലൊന്ന് കിലോമീറ്റര്‍ മാത്രം ദേശീയപാത വികസനം നടക്കുന്ന കേരളം 5519 കോടി രൂപ നല്‍കിയിട്ടുണ്ട്. ഹരിയാന 3269.71 കോടി നല്കിയപ്പോള്‍ ദില്ലി 653.5 കോടിയും പഞ്ചാബ് 81.2 കോടിയും ജാര്‍ഖണ്ഡ് 23 കോടിയും ആന്ധ്രാപ്രദേശ് 55.82 കോടിയും നല്‍കി. ചില സംസ്ഥാനങ്ങള്‍ മറ്റു സ്ഥാപനങ്ങളുമായോ കേന്ദ്രവുമായോ ചേര്‍ന്ന് ചെലവിന്റെ ഭാഗം വഹിക്കാമെന്നോ റോയല്‍റ്റി ഇനത്തിലുള്ള വരുമാനം ഒഴിവാക്കാമെന്നോ ഉള്ള ഉറപ്പുകളാണ് കേന്ദ്രത്തിന് നല്‍കിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് 18785.746 കിലോമീറ്റര്‍ ദേശീയപാത പൂര്‍ത്തിയായപ്പോള്‍ അതില്‍ 60.24 കിലോമീറ്റര്‍ മാത്രമാണ് കേരളത്തില്‍ പൂര്‍ത്തിയാക്കാന്‍ എന്‍.എച്ച്.എ.ഐക്ക് കഴിഞ്ഞത്. രാജസ്ഥാനില്‍ 3077.224 കിലോമീറ്റര്‍, ഉത്തര്‍പ്രദേശില്‍ 2465.327 കിലോമീറ്റര്‍, മഹാരാഷ്ട്രയില്‍ 2089.3 കിലോമീറ്റര്‍ എന്നിങ്ങനെ ദേശീയപാത വികസനം നടന്നു കഴിഞ്ഞു. 2017-18 മുതല്‍ 2021-22 വരെ രാജ്യത്ത് 23693.562 കിലോമീറ്റര്‍ ദേശീയപാത വികസനത്തിനുള്ള വര്‍ക്കുകള്‍ അനുവദിച്ചു. കേരളത്തില്‍ 599.498 കിലോമീറ്റര്‍ ദേശീയപാതയുടെ വികസനമാണ് നടന്നു വരുന്നതെന്നും മന്ത്രി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News