നിതീഷിനെ സഹിക്കാന്‍ എന്‍ഡിഎ സഖ്യത്തിന് കഴിയുമോ? മുറുമുറുപ്പ് തുടങ്ങി!

കൂറുമാറല്‍ വിദഗ്ദന്‍, കരണം മറച്ചിലിന്റെ തമ്പുരാന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് എന്ത് വിശേഷണം നല്‍കിയാലും മതിയാകില്ല. ബീഹാര്‍ മുഖ്യമന്ത്രിയായി ഒമ്പതാം തവണയും അധികാരമേറ്റ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ജെഡിയു നേതാവ്. ബീഹാര്‍ ബിജെപി നേതൃത്വത്തിന്റെ എതിര്‍പ്പിനെ വകവയ്ക്കാതെയാണ് ബിജെപി ദേശീയ നേതൃത്വം എന്‍ഡിഎ ഒഴിവാക്കി പോയ നിതീഷിനെ വീണ്ടും കൈനീട്ടി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ എന്‍ഡിഎ സഖ്യത്തിന് ഇത് അത്ര രസിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ALSO READ:  ഗാസയിൽ വെടിനിർത്തൽ; ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്ക്

സാഹചര്യം ഏതുമാകട്ടെ തന്റെ അധികാര കൊതി മൂലം മുഖ്യമന്ത്രി കസേര കൈവിടാതെ തന്നെ കളംമാറ്റി ചവിട്ടാന്‍ പ്രത്യേക കഴിവ് തന്നെയാണ് നിതീഷിന്. എംഎല്‍എയും എംപിയുമായെല്ലാം രാഷ്ട്രീയത്തില്‍ തിളങ്ങിയിട്ടുള്ള നിതീഷ് കേന്ദ്ര റെയില്‍വേ മന്ത്രിയായും കൃഷിമന്ത്രിയുമായെല്ലാം എന്‍ഡിഎയുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു. ബീഹാറില്‍ ലാലു പ്രസാദ് യാദവിന് അടിതെറ്റിയതോടെയാണ് മുഖ്യമന്ത്രി സ്ഥാനം നിതീഷിന്റെ കൈയില്‍ വരുന്നത്. എന്നാല്‍ ട്വിസ്റ്റുകളുടെ നിരയാണ് പിന്നീട് സംഭവിച്ചത്. പല ഘട്ടങ്ങളിലും അധികാരവും മന്ത്രി സ്ഥാനവും കൈവിടാതിരിക്കാന്‍ കൈവിട്ട കളികള്‍ തന്നെ കളിച്ച് ശീലിച്ച നിതീഷിന് എന്ത് ന്യായം പറഞ്ഞും സഖ്യം ഉപേക്ഷിക്കാന്‍ യാതൊരു മടിയുമില്ലെന്ന് തെളിയിക്കുന്ന അവസാന സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

ALSO READ:  മയക്കുമരുന്ന് ഗുളികകൾ കൈവശം വച്ചു; യുവാക്കൾ എക്സൈസ് പിടിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് എന്‍ഡിഎ വിട്ട നിതീഷ് കുമാറിനെ ഇനി ഒരിക്കലും വിശ്വാസത്തില്‍ എടുക്കില്ലെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇപ്പോള്‍ ദേശീയ അധ്യക്ഷനായ നദ്ദയ്‌ക്കൊപ്പം നിതീഷിനെ എന്‍ഡിഎയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ക്ക് മുമ്പ് നിതീഷിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തി. പക്ഷേ നിതീഷിന്റെ രാഷ്ട്രീയ ഭാവി ഇതോടെ അവസാനിച്ചെന്ന അഭിപ്രായങ്ങളാണ് എന്‍ഡിഎ സഖ്യത്തിലെ ചില നേതാക്കള്‍ തന്നെ പറയുന്നത്. ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവ് ജിതിന്‍ റാം മാഞ്ചി, ബിജെപി സംസ്ഥാന ഘടകം, ദേശീയ ഘടകം എല്ലായിടത്തും നിതീഷിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിരവധി പേരുണ്ട്. എന്നാല്‍ പ്രതിപക്ഷ ഐക്യം ഇല്ലാതാകേണ്ടത് ബിജെപി ആഗ്രഹിക്കുന്ന കാര്യമാണ്. മമതയും കെജ്രിവാളും നിലപാടുകള്‍ വ്യക്തമാക്കിയതിന് പിന്നാലെ നിതീഷ് മറുകണ്ടം ചാടുക കൂടി ചെയ്തപ്പോള്‍ കോണ്‍ഗ്രസിന് സമ്മര്‍ദ്ദം കൂടുകയാണ്. അതേസമയം തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 2025ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരെ നീണ്ടു പോകില്ല ഈ ബിജെപി ജെഡിയു ബഝമെന്നാണ് അദ്ദേഹം പറഞ്ഞത്. കുമാറിനൊപ്പം ചേര്‍ന്നതിന് വലിയ വില തന്നെ ബിജെപി നല്‍കേണ്ടി വരും. മഹാഗഡ്ബന്ദന്‍ സഖ്യത്തില്‍ ചേര്‍ന്ന നിതീഷ് ബിജെപിയിലേക്ക് മടങ്ങുമെന്ന് ആദ്യമേ പ്രവചിച്ച പ്രശാന്ത് കിഷോറിന്റെ ഈ പ്രവചനം എന്‍ഡിഎയിലെ നിതീഷ് വിരുദ്ധ നിലപാടുകാരെ മുന്‍നിര്‍ത്തിയാണെന്നത് വ്യക്തം. ബാക്കി കാലം തെളിയിക്കട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here